ഇന്ത്യ കൈയ്യടക്കാന്‍ മുസ്ലീങ്ങള്‍ പെറ്റുകൂട്ടുന്നുവെന്ന വിവാദ പരാമർശവുമായി ബിജെപി എംഎല്‍എ

2030 ഓടെ ഹിന്ദുക്കളുടെ എണ്ണത്തെ മറികടക്കാനും ഭാരതത്തിന്‍റെ നിയന്ത്രണം കൈയ്യടക്കാനും മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുകയാണെന്ന വിവാദ പരാമര്‍ശവുമായി രാജസ്ഥാന്‍ ബിജെപി എംഎല്‍എ ബന്‍വാരി ലാല്‍ സിംഗാള്‍.

Updated: Jan 2, 2018, 03:04 PM IST
ഇന്ത്യ കൈയ്യടക്കാന്‍ മുസ്ലീങ്ങള്‍ പെറ്റുകൂട്ടുന്നുവെന്ന വിവാദ പരാമർശവുമായി ബിജെപി എംഎല്‍എ

ജയ്പൂര്‍: 2030 ഓടെ ഹിന്ദുക്കളുടെ എണ്ണത്തെ മറികടക്കാനും ഭാരതത്തിന്‍റെ നിയന്ത്രണം കൈയ്യടക്കാനും മുസ്ലീങ്ങള്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുകയാണെന്ന വിവാദ പരാമര്‍ശവുമായി രാജസ്ഥാന്‍ ബിജെപി എംഎല്‍എ ബന്‍വാരി ലാല്‍ സിംഗാള്‍.

ഇന്ത്യ കൈയ്യടക്കുകയാണ് മുസ്ലീങ്ങളുടെ ലക്ഷ്യം. അതിനായി അവര്‍ കൂടുതല്‍ കുട്ടികളെ പ്രസവിക്കുകയാണെന്നുമായിരുന്നു എംഎല്‍എയുടെ പ്രസ്താവന. 

'ഹിന്ദുക്കള്‍ കുട്ടികളുടെ എണ്ണം രണ്ടില്‍ ഒതുക്കുമ്പോള്‍ മുസ്ലീങ്ങള്‍ പന്ത്രണ്ടും പതിനാലും കുട്ടികള്‍ക്ക് ജന്മം നല്‍കുകയാണ്...' തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സിംഗാള്‍ വ്യക്തമാക്കുന്നു.

അല്‍വാര്‍ പാര്‍ലമെന്റ് സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബന്‍വാരി ലാല്‍ വര്‍ഗീയ പരാമര്‍ശം നടത്തിയിരിക്കുന്നത്.

ഇന്ത്യയിലെ മുസ്ലീം ജനസംഖ്യാ വളര്‍ച്ച പരിശോധിച്ച ശേഷമാണ് ഫെയ്സ്ബുക്കിലൂടെ താന്‍ ഇക്കാര്യം വ്യക്തമാക്കിയതെന്നും അതുകൊണ്ടുതന്നെ അത് പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും  മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബന്‍വാരി ലാല്‍ മറുപടി നല്കി.

'മുസ്ലീങ്ങളുടെ വര്‍ദ്ധനവ് ഹിന്ദുക്കളുടെ നിലനില്‍പ്പ് അപകടത്തിലാക്കും. മുസ്ലീങ്ങള്‍ ഭരണാധികാരികളായാല്‍ ഹിന്ദുക്കള്‍ രണ്ടാംകിട പൗരന്മാരായി മാറും. പ്രധാനമന്ത്രി, രാഷ്ട്രപതി, മുഖ്യമന്ത്രി തുടങ്ങിയ ഉയര്‍ന്ന പദവികള്‍ മുസ്ലീങ്ങള്‍ കൈയ്യാളും'. 

മുസ്ലീങ്ങള്‍, ഹിന്ദുക്കള്‍ നല്‍കുന്ന നികുതിയും സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗം ചെയ്യുകയാണന്നും, മുസ്ലീം കുട്ടികളുടെ എണ്ണം രണ്ടിലൊതുക്കാന്‍ നിയമം കൊണ്ടുവരണമെന്നും സിംഗാള്‍ പറഞ്ഞു.