രാജ്യതലസ്ഥാനം വിദേശത്തേക്ക് മാറ്റാം!! പ്രധാനമന്ത്രിയെ പരിഹസിച്ച്‌ ശിവസേന

Last Updated : Apr 21, 2018, 11:05 AM IST
രാജ്യതലസ്ഥാനം വിദേശത്തേക്ക് മാറ്റാം!! പ്രധാനമന്ത്രിയെ പരിഹസിച്ച്‌ ശിവസേന

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണക്കറ്റ് പരിഹസിച്ച്‌ ശിവസേനയുടെ മുഖപത്രം.  

പ്രധാനമന്ത്രി മോദി മൗനി ബാബയാണെന്നും രാജ്യതലസ്ഥാനം വിദേശത്തേക്ക് മാറ്റണമെന്നും സാമനയിലെ മുഖപ്രസംഗത്തില്‍ പറയുന്നു. പ്രധാനമന്ത്രി എപ്പോഴും വിദേശ സന്ദര്‍ശനത്തിലായിരിക്കുന്നതുകൊണ്ട് ഇതാണ് നല്ലതെന്നും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറയുന്നു.

പ്രധാനമന്ത്രി പ്രതികരിക്കേണ്ടതായ രാജ്യത്തെ പ്രധാന പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് വിദേശത്ത് എത്തുമ്പോഴാണ് ഓര്‍മ്മ വരുന്നതെന്നും ശിവസേന പരിഹസിച്ചു. കത്വ, ഉന്നാവോ പീഡനങ്ങളെ കുറിച്ച്‌ മോദിയുടെ പ്രതികരണം വന്നത് ലണ്ടനില്‍ വച്ചായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ശിവസേനയുടെ പരിഹാസം. 

മോദി ലണ്ടനില്‍ പോയപ്പോള്‍ ഇന്ത്യക്കാരെല്ലാം സന്തോഷത്തിലായിരുന്നു. വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ പോകുന്നുവെന്നായിരുന്നു പാവം ഇന്ത്യക്കാര്‍ കരുതിയത്. എന്നാല്‍ ഇന്ത്യയില്‍ നടന്ന കാര്യങ്ങളില്‍ പ്രതികരിക്കാന്‍ ഒരിടം തേടിയായിരുന്നു പ്രധാനമന്ത്രി അങ്ങോട്ട് പോയത്. വെറും കൈയ്യോടെ അദ്ദേഹം മടങ്ങിവരുമ്പോള്‍ മാത്രമേ ഇത് ജനങ്ങള്‍ക്ക് മനസിലാവൂവെന്നും ഉദ്ധവ് താക്കറെ പരിഹസിച്ചു. 

കോണ്‍ഗ്രസിനെ കുറിച്ച്‌ കുറ്റം പറഞ്ഞാണ് മോദി അധികാരത്തിലെത്തിയത്. എന്നാല്‍ മോദി ഈ നിലയില്‍ അധിക കാലം തുടരാനാവില്ല. നാട്ടിലെ കാര്യങ്ങളില്‍ വിദേശത്ത് പോയി പ്രതികരിക്കുന്നത് അദ്ദേഹത്തിന്‍റെ  പ്രതിച്ഛായ തകര്‍ക്കുമെന്ന സദുപദേശം നല്‍കാനും ഉദ്ധവ് മറന്നില്ല.

അതേസമയം ശിവസേനയുടെ മുഖപത്രമായ സാമനയില്‍ മോദിയെ വിമര്‍ശിക്കുന്ന ലേഖനവുമുണ്ട്. മോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗില്‍ നിന്ന് ഉപദേശം തേടേണ്ടതുണ്ട്. മന്‍മോഹന്‍ അന്ന് മിണ്ടാതിരുന്നതാണ് അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തില്‍ നിന്ന് താഴെയിറക്കാന്‍ കാരണമായതെന്ന് മോദി മറക്കരുത്. മന്‍മോഹന്‍ സിംഗ് പോലും ഇപ്പോള്‍ നല്ല രീതിയില്‍ സംസാരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് മോദി ഇപ്പോഴും മൗനി ബാബയായി തുടരുന്നതെന്നും സാമന ചോദിക്കുന്നു.

കത്വ, ഉന്നാവോ പീഡനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ബിജെപിയുടെ നയത്തെയും സാമന വിമര്‍ശിച്ചു. നിര്‍ഭയ കേസില്‍ മോദിയുടെ വിചാരധാര മറ്റൊന്നായിരുന്നുവെന്നും സാമന ചൂണ്ടിക്കാട്ടി. 

പ്രധാനമന്ത്രി വിദേശത്ത് പോയി സ്ത്രീപീഡനം, അഴിമതി, കള്ളപ്പണം തുടങ്ങിയ വിഷയങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ രാജ്യത്തിന്‍റെ പ്രതിച്ഛായയാണ് നഷ്ടമാവുന്നത് എന്ന് മനസ്സിലാക്കണമെന്ന് സാമന ഉപദേശിക്കുന്നു. 

 

Trending News