പടയൊരുക്കം തുടങ്ങി; ഛത്തീസ്ഗഡ്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവായ രാം ദയാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ചുവട് മാറ്റം നടത്തിയത്.   

Last Updated : Oct 13, 2018, 04:20 PM IST
പടയൊരുക്കം തുടങ്ങി; ഛത്തീസ്ഗഡ്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍

ബിലാസ്പൂര്‍: നിമയസഭ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കേ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് വമ്പന്‍ തിരിച്ചടി കൊടുത്ത് ബിജെപി. പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്‍റും മുതിര്‍ന്ന നേതാവും എംഎല്‍എയുമായ രാം ദയാല്‍ ഉയി ബിജെപിയില്‍ ചേര്‍ന്നു.

ആദിവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവായ രാം ദയാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ചുവട് മാറ്റം നടത്തിയത്. പാലി തനാഘര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് രാം ദയാല്‍. ബിലാസ്പൂരില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി രമണ്‍ സിംഗും പങ്കെടുത്തു.

സ്വപ്നത്തില്‍ പോലും വിചാരിക്കാതിരുന്ന തിരിച്ചടി ലഭിച്ച സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രാം ദയാല്‍ പാര്‍ട്ടി വിട്ടതിന്‍റെ ആഘാതത്തിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് രാം ദയാലുവുമായി സംസാരിച്ചതാണെന്നും അന്ന് അദ്ദേഹം ഒരു പരാതിയും പറഞ്ഞില്ലെന്നുമാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ഭഗേല്‍ പ്രതികരിച്ചത്.

മറ്റ് കാരണങ്ങള്‍ ഒന്നും ചൂണ്ടിക്കാട്ടാനായി ഇല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ചുവട് മാറ്റം നടത്തുന്നതില്‍ അസാധാരണമായി ഒന്നുമില്ലെന്നും ഭഗേല്‍ പറഞ്ഞു. നാല് വട്ടം എംഎല്‍എ ആയിട്ടുള്ള രാം ദയാല്‍ കഴിഞ്ഞ ജനുവരിയിലാണ് കോണ്‍ഗ്രസിന്‍റെ പാര്‍ട്ടി പ്രസിഡന്‍റായത്.

അതിന് ശേഷം എന്ത് വില കൊടുത്തായാലും ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു.

അടുത്ത ദിവസം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെയുള്ള രാം ദയാലിന്‍റെ മലക്കം മറിച്ചില്‍. ചത്തീസ്ഗഡില്‍ വോട്ടെടുപ്പ് രണ്ട് ഘട്ടമായാണ് നടക്കുക. ആദ്യ ഘട്ടം നവംബര്‍ 12 നും,രണ്ടാം ഘട്ടം നവംബര്‍ 20നും നടക്കും. സുരക്ഷ കണക്കിലെടുത്താണ് ചത്തീസ്ഗഡില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. 

Trending News