ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ 24 മരണം

തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റ് കനത്ത നാശമാണ് വിതച്ചത്.

Last Updated : Nov 16, 2018, 06:38 PM IST
ഗജ ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ 24 മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റ് കനത്ത നാശമാണ് വിതച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ വീശിയ കാറ്റില്‍ വിവിധ ജില്ലകളിലായി ഇതുവരെ 24 പേര്‍ മരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരംപര്‍ക്യപിചിരിക്കുന്നത്.
തമിഴ്നാടിന്‍റെ വടക്കന്‍ മേഖലയിലൂടെ കടന്നുപോകുന്ന ചുഴലിക്കാറ്റ് മണിക്കൂറില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗത്തിലാണ് വീശുന്നത്. 

ഇവിടെ നിരവധി വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി. തമിഴ്‌നാടിന്‍റെ തീരപ്രദേശങ്ങളില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. 81,000ല്‍ അധികം പേരെ ഇതിനകംതന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. നാഗപട്ടണം, പുതുകോട്ട, രാമനാഥപുരം, തിരുവാരുര്‍ തുടങ്ങിയ ജില്ലകളിലാണ് ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റ് നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയിലൂടെ തമിഴ്‌നാടും പുതുച്ചേരിയും കടന്നുവെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കാറ്റിന്‍റെ തീവ്രത കുറയാന്‍ ഇനിയും മണിക്കൂറുകള്‍ എടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ്. ബാലചന്ദ്രന്‍ അറിയിച്ചു. 

ദേശീയ ദുരന്തനിവാരണ സേനയുടെ നാലു സംഘത്തെ നാഗപട്ടണത്തിന് നിയോഗിച്ചിട്ടുണ്ട്. രണ്ടു സംഘം ഗൂഡല്ലൂരിലും നിലയുറപ്പിച്ചിട്ടുണ്ട്. 

അതേസമയം, തമിഴ്‌നാട്ടില്‍ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് കേരള തീരത്ത് എത്തിച്ചേര്‍ന്നു. അതേസമയം, കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 
ഇന്നുമുതല്‍ നവംബര്‍ 20 വരെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അതിനാല്‍ മൽസ്യത്തൊഴിലാളികൾ ഇന്ന് മുതൽ ഈ മാസം 20വരെ അറബിക്കടലിലും കേരള തീരത്തും, ലക്ഷദ്വീപ് ഭാഗത്തും, കന്യാകുമാരി ഭാഗത്തും ഗൾഫ് ഓഫ് മാന്നാറിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ പോയവരോട് എത്രയും വേഗം സുരക്ഷിത തീരത്തേക്ക് മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

തമിഴ്‌നാട്ടില്‍ വീശിയടിച്ച ചുഴലിക്കാറ്റിന് പേരിട്ടത് ശ്രീലങ്കയാണ്. "ആനയുടെ ശക്തിയുള്ള കാറ്റ്" എന്ന അര്‍ഥത്തില്‍ "ഗജ" എന്നാണ് കാറ്റിന് പേരിട്ടത്. സംസ്‌കൃതത്തില്‍ ഗജമെന്നാല്‍ ആനയെന്നാണ് അര്‍ഥം.

 

 

Trending News