ഗോള്‍ഡന്‍ ഗ്ലോബ് റേസ്: കമാന്‍ഡര്‍ ടോമിയെ രക്ഷപ്പെടുത്തി

ഫ്രഞ്ച് ഫിഷറീസ് പട്രോള്‍ വെസലായ ഓസിരിസിലേക്ക് അഭിലാഷിനെ മാറ്റിയിരിക്കുകയാണ്. അഭിലാഷ് ടോമി സുരക്ഷിതനെന്ന് നാവികസേന ട്വീറ്റ് ചെയ്തു.

Last Updated : Sep 24, 2018, 02:52 PM IST
ഗോള്‍ഡന്‍ ഗ്ലോബ് റേസ്: കമാന്‍ഡര്‍ ടോമിയെ രക്ഷപ്പെടുത്തി

ന്യൂഡല്‍ഹി: പായ്‌വഞ്ചി അപകടത്തില്‍ പരിക്കേറ്റ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി. ഫ്രഞ്ച് കപ്പലിലെ സംഘമാണ് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയത്. നാവിക സേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

മേഖലയില്‍ ഇന്ത്യന്‍ നാവിക സേനയുടെ വിമാനവും എത്തിയിട്ടുണ്ട്. അഭിലാഷ് ടോമിക്ക് പ്രാഥമിക ചികിത്സ നല്‍കുകയാണ് അടിയന്തര ദൗത്യം. ഫ്രഞ്ച് ഫിഷറീസ് പട്രോള്‍ വെസലായ ഓസിരിസിലേക്ക് അഭിലാഷിനെ മാറ്റിയിരിക്കുകയാണ്. അഭിലാഷ് ടോമി സുരക്ഷിതനെന്ന് നാവികസേന ട്വീറ്റ് ചെയ്തു.

 

 

ഗോൾഡൻ ഗ്ലോബ് റേസിനിടെയാണ് മലയാളി നാവികൻ കമാണ്ടര്‍ അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടത്. ഫ്രഞ്ച് മത്സ്യബന്ധനയാനമായ ഓസിരിസാണ് അഭിലാഷ് ടോമിയെ രക്ഷപെടുത്തിയത്. സ്ട്രെച്ചറുപയോഗിച്ച് അഭിലാഷിനെ പായ്‍വഞ്ചിയില്‍ നിന്ന് ഓസിരിസിലേക്ക് മാറ്റി. അഭിലാഷ് സുരക്ഷിതനെന്ന് നാവികസേന വിശദമാക്കി. 

ആംസ്റ്റർഡാം ദ്വീപിലേക്ക് കൊണ്ടുപോവുന്ന അഭിലാഷിന് അവിടെ വച്ചാണ് ചികില്‍സ നല്‍കുക. പ്രാഥമിക ചികില്‍സാ സൗകര്യങ്ങള്‍ ഓസിരിസില്‍ അഭിലാഷിന് ലഭ്യമാക്കുമെന്നും നാവിക സേന വ്യക്തമാക്കി. ഓസ്ട്രേലിയയിലെ പെര്‍ത്തിന് 3200 കിലോമീറ്റർ അകലെയായി അഭിലാഷിന്‍റെ പായ്‍വഞ്ചി കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥ അഭിലാഷിന്‍റെ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. 

ഒറ്റയ്‌ക്ക് ഒരിടത്തും നിര്‍ത്താതെ 30,000 മൈല്‍ പായ്‌വഞ്ചിയില്‍ പ്രയാണം ചെയ്യേണ്ട ഗോള്‍ഡന്‍ ഗ്ലോബല്‍ റേസിന്‍റെ 82 മത്തെ ദിവസമാണ് അഭിലാഷ് ടോമി അപകടത്തില്‍ പെട്ടത്. മൂന്നാം സ്ഥാനത്തായി മുന്നേറിയിരുന്ന അഭിലാഷിന്‍റെ 'തുരിയ' എന്ന പായ്‍‍വഞ്ചി മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ ശക്തിയില്‍ വീശിയടിച്ച കാറ്റിലും, 14 മീറ്ററിലേറെ ഉയരത്തില്‍ ഉയര്‍ന്ന പൊങ്ങിയ തിരമാലയിലും പെട്ടാണ് അപകടമുണ്ടായത്. 

ജിപിഎസ് അടക്കം ആധുനീക സംവിധാനങ്ങള്‍ ഒന്നും ഉപയോഗിക്കാന്‍ അനുമതിയില്ലാത്ത ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍, 1960 കളില്‍ കടല്‍ പര്യവേക്ഷണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളിലാശ്രയിച്ചാണ് പ്രയാണം.

നേരത്തേ അഭിലാഷ് ഒറ്റയ്‌ക്ക് ലോകം ചുറ്റിവന്ന മാദേയി എന്ന പായ്‍‍വഞ്ചിയില്‍ ആധുനിക സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തുരിയയില്‍ ഭൂപടവും വടക്കുനോക്കിയന്ത്രവും മാത്രമാണ് ഉള്ളത്. 

18 പേരാണ് ജൂലൈ ഒന്നിന് മത്സരം തുടങ്ങിയതെങ്കിലും മോശം കാലാവസ്ഥ കാരണം ഏഴ് പേര്‍ പിന്മാറിയിരുന്നു. അതേസമയം, ബാഹ്യസഹായം തേടിയാല്‍ മത്സരത്തില്‍ പുറത്താകുമെന്നാണ് നിയമം എന്നതിനാല്‍, അഭിലാഷിന് കിരീടപ്രതീക്ഷകള്‍ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Trending News