ഇന്ത്യ 'ഹിന്ദു പാക്കിസ്ഥാന്‍' ആയി മാറുമെന്ന് ആവര്‍ത്തിച്ച് തരൂര്‍

പാക്കിസ്ഥാന്‍റെ ഹിന്ദു പതിപ്പായി മാറാതെ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ കാത്തുസൂക്ഷിക്കുകയാണ്‌ വേണ്ടത്'. തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Updated: Jul 12, 2018, 03:29 PM IST
ഇന്ത്യ 'ഹിന്ദു പാക്കിസ്ഥാന്‍' ആയി മാറുമെന്ന് ആവര്‍ത്തിച്ച് തരൂര്‍

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ 'ഹിന്ദു പാക്കിസ്ഥാന്‍' ആയി മാറുമെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. 

ആര്‍എസ്എസിന്റേയും ബിജെപിയുടേയും ഹിന്ദുരാഷ്ട്ര സങ്കല്‍പം പാക്കിസ്ഥാന്‍റെ തനിപ്പകര്‍പ്പാണെന്ന് തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചാല്‍ അവര്‍ പുതിയ ഭരണഘടന എഴുതിയുണ്ടാക്കുമെന്നും അത് ന്യൂനപക്ഷങ്ങള്‍ക്ക് പരിഗണന നല്‍കാത്തതായിരിക്കുമെന്നും തിരുവനന്തപുരത്ത് നടന്ന പരിപാടിയിലാണ് തരൂര്‍ പരാമര്‍ശിച്ചത്.

'ഞാന്‍ മുന്‍പും ഇത് സൂചിപ്പിച്ചിട്ടുണ്ട്. ഇനിയും പറയും. ഒരു ശക്തമായ മതത്തിന്‍റെ അടിത്തറയില്‍ നിര്‍മ്മിക്കപ്പെട്ട പാക്കിസ്ഥാന്‍, ന്യൂനപക്ഷങ്ങളോട് വിവേചനം കാട്ടുകയും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുകയാണ്. പാക്കിസ്ഥാന്‍റെ ഹിന്ദു പതിപ്പായി മാറാതെ നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ കാത്തുസൂക്ഷിക്കുകയാണ്‌ വേണ്ടത്'. തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യം വെട്ടിമുറിക്കപ്പെട്ടതിന്‍റെ യുക്തി അംഗീകരിക്കാന്‍ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെനും മതാധിപത്യത്തിലൂന്നി ന്യൂനപക്ഷങ്ങളെ കീഴാളരായി പരിഗണിക്കുന്ന ഇടമാകുമിതെന്നും തരൂര്‍ സൂചിപ്പിക്കുന്നു.

ഹിന്ദുരാഷ്ട്ര സംരക്ഷണം മുഖ്യ അജണ്ടയാക്കിയ ഭരണഘടനയായിരിക്കും ബിജെപി വിഭാവനം ചെയ്യുന്നതെന്ന് തരൂര്‍ നേരത്തെ പറഞ്ഞിരുന്നു. ബിജെപി അധികാരത്തിലെത്തിയാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് തുല്യ അവകാശം ഉറപ്പുവരുത്തുന്ന ഭേദഗതികള്‍ എടുത്തുമാറ്റും. മഹാത്മാഗാന്ധിയും നെഹ്‌റുവും സര്‍ദാര്‍ പട്ടേലും മൗലാനാ ആസാദും ഇതിനുവേണ്ടിയല്ല പോരാടിയതെന്നും തരൂര്‍ തിരുവനതപുരത്ത് ചേര്‍ന്ന യോഗത്തില്‍ പരാമര്‍ശിച്ചു.

അതേസമയം തരൂരിന്‍റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്ന് ബിജെപി വക്താവ് സമ്പിത് പത്ര ആവശ്യപ്പെട്ടു. 'പാക്കിസ്ഥാന്‍ ഉണ്ടാക്കിയതിന് പിന്നില്‍ ബിജെപിയല്ല, കോണ്‍ഗ്രസാണ്. ഇന്ത്യയിലെ ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യമാണ് തരൂരിന്‍റെ വാക്കുകള്‍. ഇന്ത്യയെ അപമാനിക്കാനോ ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തി സംസാരിക്കാനോ കോണ്‍ഗ്രസിന് യോഗ്യതയില്ല'. പത്ര പറഞ്ഞു.

ഹിന്ദു തീവ്രവാദികള്‍ എന്നതില്‍നിന്നും ഹിന്ദു പാക്കിസ്ഥാന്‍ എന്ന പ്രയോഗത്തിലേക്ക് മാറ്റിയ കോണ്‍ഗ്രസ് നടപടി പാക്കിസ്ഥാനെ സന്തോഷിപ്പിച്ചിട്ടുണ്ടാകുമെന്നും സമ്പിത് പത്ര ട്വിറ്ററില്‍ കുറിച്ചു.