ഇംഫാല്‍: ആത്മഹത്യാശ്രമക്കേസില്‍ ഇറോം ശര്‍മിളയ്ക്ക് ജാമ്യം. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കണമെന്ന ഇറോം ശര്‍മ്മിളയുടെ ആവശ്യം ഇംഫാല്‍ കോടതി അംഗീകരിച്ചു. വൈകുന്നേരത്തോടെ ഇറോം ശര്‍മിളയെ മോചിപ്പിച്ചേക്കും. കോടതിയില്‍ നിന്ന് ശര്‍മിളയെ തിരികെ ജയിലിലേക്ക് മാറ്റി. കോടതിപരിസരത്ത് സംഘര്‍ഷമുണ്ടായതിനെ തുടർന്ന് ശര്‍മിള മാധ്യമങ്ങളെ കണ്ടില്ല.
16 വര്‍ഷം നീണ്ട് നിന്ന നിരാഹാര സമരം ഇറോം ശര്‍മ്മിള അവസാനിപ്പിച്ചു. ഇംഫാലിലെ കോടതിയില്‍ ഹാജരായ ഇറോം ശര്‍മിള സമരം പിന്‍വലിക്കുന്നെന്നും സമരത്തെ ആത്മഹത്യാശ്രമമായി താരതമ്യപെടുത്തരുതെന്നും ആവശ്യപ്പെട്ടു. ആത്മഹത്യാ ശ്രമത്തിന് കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാമ്യ വ്യവസ്ഥയോടെ മാത്രമേ മോചിപ്പീക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്റു ആശുപത്രിയില്‍ നിന്നാണ് ഇറോം ശര്‍മിള ജില്ലാകോടതിയില്‍ എത്തിയത്.
ഇംഫാല്‍ വിമാനത്താവളത്തിനു സമീപം അസം റൈഫിള്‍സ് നടത്തിയ വെടിവയ്പ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സൈന്യത്തിന്റെ പ്രത്യേക അധികാരം (അഫ്സ്പ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇറോം 16 വര്‍ഷം മുന്‍പ് നവംബര്‍ അഞ്ചിനു നിരാഹാരസമരം ആരംഭിച്ചത്.
അതേസമയം, ഇറോം ശര്‍മിള നിരാഹാര സമരം അവസാനിപ്പിക്കുന്നതിനോട് എതിര്‍ക്കുന്ന വിഘടനവാദി സംഘടനകൾ വധഭീക്ഷണി വരെ മുഴക്കിയിട്ടുണ്ട്. സമരം അവസാനിപ്പിക്കരുതെന്നും മണിപൂർ സ്വദേശിയല്ലാത്ത ഒരാളെ വിവാഹം കഴിക്കരുതെന്നും രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്നുമാണ് മണിപൂരിലെ വിഘടനവാദി സംഘടനകൾ ഇറോം ശർമിളയോട് ആവശ്യപ്പെടുന്നത്. രാഷ്ട്രീയത്തില്‍ പ്രവേശിച്ച മുന്‍ഗാമികളെപ്പോലെ മരണമായിരിക്കും ശിക്ഷയെന്നു ഭീകരസംഘടനകളുടെ ഭീഷണി.