ജുനൈദിന്‍റെ കൊലപാതകം: വിചാരണ നിറുത്തി വയ്ക്കാന്‍ സുപ്രീംകോടതി

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജുനൈദിന്‍റെ പിതാവ് ജലാലുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്

Last Updated : Mar 19, 2018, 01:52 PM IST
ജുനൈദിന്‍റെ കൊലപാതകം: വിചാരണ നിറുത്തി വയ്ക്കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: ബീഫ് കൈവശം വച്ച് യാത്ര ചെയ്തുവെന്ന പേരില്‍ കൊലപ്പെടുത്തിയ ജുനൈദിന്‍റെ കേസിന്‍റെ  വിചാരണ നിറുത്തി വയ്ക്കണമെന്ന് സുപ്രീംകോടതി. കേസ് സിബിഐയ്ക്ക് വിടണമെന്ന കാര്യം പരിശേധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജുനൈദിന്‍റെ പിതാവ് ജലാലുദ്ദീന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കേസ് സിബിഐയ്ക്ക് വിടുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിനും ഹരിയാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. 

ജസ്റ്റിസ് കുര്യന്‍ ജോസഫും എം.എം ശാന്തനഗൗഡറും അടങ്ങിയ ബെഞ്ചിന്‍റേതാണ് നിര്‍ദേശം. കേസ് സിബിഐ അന്വേഷിക്കണമെന്ന ജുനൈദിന്‍റെ പിതാവിന്‍റെ ആവശ്യം  നേരത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിരാകരിച്ചിരുന്നു. തുടര്‍ന്നാണ് ഹര്‍ജിയുമായി ജലാലുദ്ദീന്‍ സുപ്രീംകോടതിയില്‍ എത്തിയത്. 

കഴിഞ്ഞ വര്‍ഷം ജൂണ്‍ 22നാണ് ക്രൂരമായ കൊലപാതകം നടന്നത്. ഈദ് ആഘോഷത്തിനുള്ള സാധനങ്ങള്‍ വാങ്ങി സഹോദരങ്ങള്‍ക്കൊപ്പം ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജുനൈദിനെ ട്രെയിനില്‍ വച്ച് ഒരു സംഘം ആളുകള്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.  

Trending News