കര്‍ണാടക: കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന്

എല്ലാ കണ്ണുകളും കര്‍ണാടകയിലേയ്ക്ക്....

Last Updated : Jan 18, 2019, 01:40 PM IST
കര്‍ണാടക: കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്ന്

ബംഗളൂരു: എല്ലാ കണ്ണുകളും കര്‍ണാടകയിലേയ്ക്ക്....

നിര്‍ണ്ണായക രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്‌ നിയമസഭാ കക്ഷി യോഗം ഇന്ന് നടക്കുകയാണ്. 
സഖ്യ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമാണ് ഈ യോഗത്തിനുള്ളത്. കോണ്‍ഗ്രസിന്‍റെ എല്ലാ എംഎല്‍എമാരും നിര്‍ബന്ധമായും യോഗത്തിനെത്തണം എന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കിയിരിക്കുന്ന  നിര്‍ദേശം. 

കൂടാതെ, യോഗത്തില്‍ പങ്കെടുക്കാത്തവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുമെന്നും,  കൂറുമാറ്റ നിരോധന നിയമ പ്രകാരം കേസെടുക്കുമെന്നും നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ മുന്‍പ് വ്യക്തമാക്കിയിരുന്നു. 

എല്ലാ എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴും എത്ര എംഎല്‍എമാര്‍ യോഗത്തിനെത്തുമെന്നത് ഇപ്പോഴും ചോദ്യചിഹ്നമായി തന്നെ തുടുരുകയാണ്. വിമതരെ അനുനയിപ്പിക്കാന്‍ മന്ത്രിസ്ഥാനങ്ങള്‍ നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.

അതേസമയം, ബിജെപിയുടെ "ഓപ്പറേഷന്‍ ലോട്ടസ്" തകര്‍ക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമം വിജയിച്ചെന്ന് അവകാശപ്പെടുമ്പോഴും രണ്ട് എംഎല്‍എമാര്‍ ഇതുവരെ പാളയത്തില്‍ തിരിച്ചെത്തിയിട്ടില്ല എന്നതാണ് വാസ്തവം.

മുംബൈയിലുണ്ടായിരുന്ന എംഎല്‍എമാരില്‍ രമേഷ് ജാര്‍ക്കിഹോളിയും ഉമേഷ് ജാദവും ഒഴികെയുള്ളവര്‍ ഇന്നലെത്തന്നെ ബംഗളൂരുവില്‍ എത്തിച്ചേര്‍ന്നുവെന്നാണ് സൂചന. 

സഖ്യത്തില്‍ വിമതസ്വരമുയര്‍ത്താന്‍ നേതൃത്വം നല്‍കിയ രമേഷ് ജാര്‍ക്കിഹോളിക്ക് മന്ത്രിസ്ഥാനം വാഗ്ദാനം  ചെയ്തതായും, കൂടാതെ, പിന്തുണ പിന്‍വലിച്ച സ്വതന്ത്ര എംഎല്‍എ, എച്ച് നാഗേഷ് സഖ്യത്തിലേയ്ക്ക് തിരികെയെത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ സഖ്യത്തില്‍ തിരികെയെത്തുന്നതിന് ബോര്‍ഡ് ചെയര്‍മാന്‍ പദവി നാഗേഷ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, എന്തു വിലകൊടുത്തും വിമതരെ കൂടെ നിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കുന്നത്. എന്തു വില കൊടുത്തും അത് സാധ്യമാക്കാന്‍ കോണ്‍ഗ്രസ്‌ തയ്യാറാണ്. ലക്ഷ്യം ഒന്ന് മാത്രം ബിജെപിയുടെ "ഓപ്പറേഷന്‍ ലോട്ടസ്" തകര്‍ക്കുക...

 

 

Trending News