കര്‍ണ്ണാടകയില്‍ ജനവിധി ബി.ജെ.പിക്ക് അനുകൂലം: അമിത് ഷാ

കര്‍ണാടകയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികവാര്‍ന്ന പ്രകടനം കാഴ്ചവച്ചുവെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഫലം പുറത്തുവന്നതിനുശേഷം രൂപംകൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ജനവിധിക്ക് എതിരാണെന്നും ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടു. 

Last Updated : May 21, 2018, 05:56 PM IST
 കര്‍ണ്ണാടകയില്‍ ജനവിധി ബി.ജെ.പിക്ക് അനുകൂലം: അമിത് ഷാ

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മികവാര്‍ന്ന പ്രകടനം കാഴ്ചവച്ചുവെന്ന് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഫലം പുറത്തുവന്നതിനുശേഷം രൂപംകൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ജനവിധിക്ക് എതിരാണെന്നും ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടു. 

കര്‍ണാടകയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണ്, വോട്ടുവിഹിതവും ഇതാണ് സൂചിപ്പിക്കുന്നത്. കര്‍ണാടകത്തില്‍ അധികാരത്തിലെത്താന്‍ ബിജെപിയ്ക്ക് വെറും 7 സീറ്റുകളുടെ കുറവേ ഉണ്ടായിരുന്നുള്ളു. ജനവിധി പൂര്‍ണ്ണമായും കോണ്‍ഗ്രസിന് എതിരായിരുന്നു. ജെഡിഎസുമായി കൂട്ടുപിടിച്ച്‌ കോണ്‍ഗ്രസ് ജനങ്ങളെ ചതിക്കുകയാണ് ചെയ്തതെന്നും അമിത് ഷാ ആരോപിച്ചു. 

ജനവിധി ബി.ജെ.പിക്ക് അനുകൂലമാണെന്ന് അവകാശപ്പെട്ട അമിത് ഷാ സീറ്റുകള്‍ കുറഞ്ഞിട്ടും കോണ്‍ഗ്രസും ജെഡിഎസും ആഘോഷിക്കുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ല എന്നും അഭിപ്രായപ്പെട്ടു. 

കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി അവകാശവാദം ഉന്നയിച്ചില്ലായിരുന്നെങ്കില്‍ അത് ജനവിധിക്ക് എതിരാകുമായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ബി.ജെ.പിക്കായിരുന്നു. അവിടുത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബി.ജെ.പി ആയിരുന്നു. കോണ്‍ഗ്രസ് മന്ത്രിമാരില്‍ പകുതി പേരും പരാജയപ്പെട്ടു. സിദ്ധരാമയ്യ തന്നെ ഒരു സീറ്റില്‍ പരാജയപ്പെട്ടു. മറ്റൊരു സീറ്റില്‍ കഷ്ടിച്ചാണ് വിജയിച്ചത്. കോഴ വാഗ്ദാനം ചെയ്തുവെന്ന ഓഡിയോ ടേപ്പുകള്‍ വ്യാജമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ സമ്മതിച്ചുവെന്നും അമിത് ഷാ പറഞ്ഞു.

സുപ്രീം കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ ജനാധിപത്യ സ്ഥാപനങ്ങളെ കോണ്‍ഗ്രസ് ബഹുമാനിക്കാന്‍ തുടങ്ങിയെന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ പോസിറ്റീവ് വശം. പരാജയത്തെ വിജയമായി കാണിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. നാല് വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന്‍റെ കയ്യിലിരുന്ന 14 സംസ്ഥാനങ്ങള്‍ ബി.ജെ.പി പിടിച്ചെടുത്തുവെന്നും അമിത് ഷാ പറഞ്ഞു.

കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം അംഗീകരിക്കില്ലെന്ന് പറഞ്ഞ അമിത് ഷാ 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വ്യക്തമായ മേല്‍ക്കൈ നേടുമെന്നും കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണയുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു.

 

Trending News