ലോക്സഭാ, ബീഹാർ തെരഞ്ഞെടുപ്പുകള്‍: ബിജെപിയ്ക്ക് ജെഡിയുവിന്‍റെ മുന്നറിയിപ്പ്

യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് ന്യായമായ തീരുമാനങ്ങളുണ്ടാവണമെന്നും ജെഡി(യു) ഘടകം ആവശ്യപ്പെടുന്നു.

Last Updated : Jun 22, 2018, 01:33 PM IST
ലോക്സഭാ, ബീഹാർ തെരഞ്ഞെടുപ്പുകള്‍: ബിജെപിയ്ക്ക് ജെഡിയുവിന്‍റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കും 2020ലെ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുമുള്ള സഖ്യകക്ഷികളുടെ സീറ്റ് സംബന്ധിച്ച് എന്‍ഡിഎയ്ക്കുള്ളില്‍ കൃത്യമായ കരാറുണ്ടായിരിക്കണമെന്ന് ജെഡി(യു). ഇതുസംബന്ധിച്ച് ബിജെപി മുന്‍കൈയെടുക്കണമെന്നും ജെഡി(യു) വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

2014ല്‍ നടന്നത് പോലെ എളുപ്പമായിരിക്കില്ല ഇനി നടാക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് എന്ന്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ജെഡി(യു) ഇത്തരമൊരു നിര്‍ദേശം ഉന്നയിച്ചിരിക്കുന്നത്. സീറ്റ് പങ്കിടല്‍ സംബന്ധിച്ചുള്ള തീരുമാനങ്ങള്‍ ഇരുഘടകങ്ങളും ഒരുമിച്ച് തീരുമാനിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് ന്യായമായ തീരുമാനങ്ങളുണ്ടാവണമെന്നും ജെഡി(യു) ഘടകം ആവശ്യപ്പെടുന്നു.

2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ 53 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ 71 സീറ്റുകളില്‍ ജെഡി(യു) വിജയിച്ചിരുന്നു. രാംവിലാസ് പാസ്വാന്‍റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടിയ്ക്ക് നിലവില്‍ ലോക്‌സഭയില്‍ ആറ് അംഗങ്ങളുണ്ട്. എന്നാല്‍ സംസ്ഥാനത്ത് രണ്ട് എംഎല്‍എമാര്‍ മാത്രമാണുള്ളത്. ഉപേന്ദ്ര കുശ്‌വാഹയുടെ ആര്‍എല്‍എസ്പിയ്ക്ക് ലോക്‌സഭയില്‍ മൂന്ന് സീറ്റുകളുണ്ട്. അതേസമയം നിയമസഭയില്‍ അവര്‍ക്ക് രണ്ട് അംഗങ്ങള്‍ മാത്രമേയുള്ളൂ. അതേ സീറ്റുകള്‍ ഇപ്പോള്‍ നല്‍കിയാല്‍ അവര്‍ തൃപ്തരാകുമോയെന്നും ജെഡി(യു) ചോദിക്കുന്നു.

ആസന്നമായ തെരഞ്ഞെടുപ്പില്‍ എൻഡിഎ കൂടുതൽ സഖ്യത്തില്‍ ഏര്‍പ്പെടാനും, സഖ്യകക്ഷികളെ സമീപിച്ച് അവരുടെ കാലാകാലങ്ങളായുള്ള ആശങ്കകൾ നേരിടാനും ബിജെപി നടപടികൾ കൈക്കൊള്ളണമെന്നും അവർ പറഞ്ഞു. 

ബീഹാർ സർക്കാരിൽ ബിജെപിക്ക് നല്ല പ്രാതിനിധ്യമാണുള്ളതെങ്കിലും കേന്ദ്ര സര്‍ക്കാരില്‍ അത്ര പ്രാതിനിധ്യം ഇല്ലെന്നും ജെഡി(യു) ആരോപിച്ചു.

Trending News