സിബിഐ കലാപം: സി.വി.സി റിപ്പോർട്ട് പുറത്തുവിടണമെന്ന് പ്രതിപക്ഷനേതാവ്

സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മക്കെതിരായ സിവിസി റിപ്പോര്‍ട്ടും ഉന്നതാധികാര സമിതി യോഗത്തിന്‍റെ മിനിറ്റ്സും പരസ്യപ്പെടുത്തണമെന്നവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഈ ആവശ്യം അറിയിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു.

Last Updated : Jan 15, 2019, 05:17 PM IST
സിബിഐ കലാപം: സി.വി.സി റിപ്പോർട്ട് പുറത്തുവിടണമെന്ന് പ്രതിപക്ഷനേതാവ്

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മക്കെതിരായ സിവിസി റിപ്പോര്‍ട്ടും ഉന്നതാധികാര സമിതി യോഗത്തിന്‍റെ മിനിറ്റ്സും പരസ്യപ്പെടുത്തണമെന്നവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഈ ആവശ്യം അറിയിച്ച് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു.

രേഖകൾ പുറത്തുവിട്ടാല്‍ മാത്രമേ അലോക്​ വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന്​ മാറ്റിയ സംഭവ​ത്തിൽ ജനങ്ങൾക്ക് സ്വയം നിഗമനത്തിലെത്താൻ കഴിയൂ എന്നും ഖാർഗെ പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ പറയുന്നു. അലോക്​ വര്‍മ്മയെ മാറ്റിയ നടപടിയിൽ കൃത്യത വരുത്തുന്നതിനായി 12 പോയിന്‍റുകൾ ഉൾപ്പെടുത്തിയ രണ്ട്​ പേജുള്ള കത്താണ്​ ഖാർഗെ പ്രധാനമന്ത്രിക്ക്​ നൽകിയിരിക്കുന്നത്​. ഇടക്കാല ഡയറക്​ടർക്കു പകരം ഉടൻ പുതിയ സി.ബി.​ഐ ഡയറക്​ടറെ നിയമിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നു. 

അലോക് വര്‍മ്മയെ പുറത്താക്കാന്‍ തീരുമാനിച്ച ഉന്നതാധികാര സമിതിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അംഗമായിരുന്നു. എന്നാല്‍ അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കംചെയ്യാനുള്ള തീരുമാനത്തെ ഖാര്‍ഗെ ശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഖാര്‍ഗെയുടെ എതിര്‍പ്പ് രേഖപ്പെടുത്തിയാണ് സമിതി യോഗത്തില്‍ അലോക് വര്‍മ്മയെ പുറത്താക്കാന്‍ തീരുമാനമെടുത്തത്.

സമിതിയിലെ മറ്റ് അംഗങ്ങളായ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജസ്റ്റിസ് എകെ സിക്രിയും അലോക് വര്‍മ്മയെ പുറത്താക്കണമെന്ന് തീരുമാനമെടുത്തപ്പോള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ജസ്റ്റിസ് എകെ പട്‌നായിക് തയ്യാറാക്കിയ സിവിസി റിപ്പോര്‍ട്ടില്‍ അലോക് വര്‍മ്മക്കെതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്നായിരുന്നു ഖാര്‍ഗെയുടെ അവകാശവാദം. കൂടാതെ, അലോക് വര്‍മ്മയ്ക്ക് തന്‍റെ ഭാഗം വ്യക്തമാക്കാന്‍ അവസരം നല്‍കണമെന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടിരുന്നു. 

 

 

Trending News