ഇന്ത്യ-ഫ്രാന്‍സ് പ്രതിപക്ഷ നേതാക്കന്മാര്‍ കൂട്ടുകച്ചവടക്കാര്‍; റാഫേല്‍ ഇടപാട് റദ്ദാക്കില്ല: അരുണ്‍ ജയ്റ്റ്‌ലി

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയ്ക്കെതിരെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 

Last Updated : Sep 23, 2018, 12:41 PM IST
ഇന്ത്യ-ഫ്രാന്‍സ് പ്രതിപക്ഷ നേതാക്കന്മാര്‍ കൂട്ടുകച്ചവടക്കാര്‍; റാഫേല്‍ ഇടപാട് റദ്ദാക്കില്ല: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയ്ക്കെതിരെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 

കൂടാതെ, റാഫേല്‍ കരാര്‍ റദ്ദാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്ദും കോണ്‍ഗ്രസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ആസൂത്രണം ചെയ്തതതാണ് ഇപ്പോഴുള്ള വിവാദങ്ങളെന്നും ജെയ്റ്റ്ലി ആരോപിച്ചു. ഇരു രാജ്യങ്ങളിലെയും പ്രതിപക്ഷ നേതാക്കന്മാര്‍ കൂട്ടുകച്ചവടക്കാര്‍ ആണ്. ഇവര്‍ തമ്മിലുള്ള 'ജുഗല്‍ബന്ധി' തെളിയിക്കാന്‍ തന്‍റെ കയ്യില്‍ തത്കാലം തെളിവുകളില്ല. പക്ഷെ  സൂക്ഷ്മമായി വീക്ഷിച്ചാല്‍ ഇക്കാര്യം ബോധ്യമാകുമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. 

റാഫേല്‍ ഇടപാടില്‍ നിര്‍ണായക വെളിപ്പെടുത്തലാണ് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്ദ് കഴിഞ്ഞ ദിവസം നടത്തിയത്.  ഇടപാടില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ പങ്കാളിയാക്കാന്‍ ഇന്ത്യയാണ് ശുപാര്‍ശ ചെയ്തതെന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്ദിനെ ഉദ്ധരിച്ച് ഒരു ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
അതുകൂടാതെ, ഫ്രാന്‍സിന് ഇടപാടിന്‍റെ കാര്യത്തില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അനില്‍ അംബാനിയുടെ ഗ്രൂപ്പിനെ ഇന്ത്യന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തപ്പോള്‍ വേറെ നിവൃത്തിയില്ലായിരുന്നെന്നും തങ്ങള്‍ക്കു തന്ന പങ്കാളിയെ സ്വീകരിച്ചെന്നും ഒലോന്ദ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.  

റാഫേല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ട് ഏവിയേഷനാണ് റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയായി തിരഞ്ഞെടുത്തതെന്ന് ആവര്‍ത്തിച്ച ഇന്ത്യ സര്‍ക്കാരിന് ആ തീരുമാനത്തില്‍ ഒരു പങ്കുമില്ല എന്നറിയിച്ചു. 

മുന്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒലോന്ദിന്‍റെ ഈ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ വന്‍ വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. 

എന്നാല്‍, പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്.എ.എല്‍.) ഒഴിവാക്കി പ്രതിരോധ രംഗത്തെ തുടക്കക്കാരായ റിലയന്‍സിനെ കരാറില്‍ പങ്കാളിയാക്കിയെന്നാണു മോദി സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ഏറ്റവും വലിയ ആരോപണം. കോണ്‍ഗ്രസിന്‍റെ ഈ ആരോപണത്തിന് ശക്തി പകരുന്നതാണു ഒളന്ദോയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

കരാറില്‍ വന്ന മാറ്റങ്ങളും പ്രതിപക്ഷത്തിന്‍റെ മുന്‍പില്‍ ഒരു ചോദ്യചിഹ്നമാണ്. കാരണം, 2012ല്‍ 590 കോടി രൂപയായിരുന്നു കരാര്‍ തുക. എന്നാല്‍, 2015 ഏപ്രില്‍ 10ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാരീസില്‍വെച്ച് അന്നത്തെ ഫ്രഞ്ച് പ്രസിഡന്‍റായിരുന്ന ഫ്രാന്‍സ്വ ഒലോന്ദുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണു കരാര്‍ തുക 1690 കോടിയായി മാറിയത്. 

 

Trending News