റാഫേല്‍ ഇടപാട്: പരസ്യ സംവാദത്തിന് മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

റാഫേല്‍ ഇടപാടില്‍ ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച കോണ്‍ഗ്രസ്‌ പാര്‍ട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യ സംവാദത്തിന് ക്ഷണിച്ചിരിക്കുകയാണ്. 

Last Updated : Aug 13, 2018, 07:13 PM IST
റാഫേല്‍ ഇടപാട്: പരസ്യ സംവാദത്തിന് മോദിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ ബിജെപിക്കെതിരെ നിലപാട് കടുപ്പിച്ച കോണ്‍ഗ്രസ്‌ പാര്‍ട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യ സംവാദത്തിന് ക്ഷണിച്ചിരിക്കുകയാണ്. 

2019ലെ ലോക്‌സഭ അടുത്തതോടെ ബിജെപിക്കെതിരെ പുതിയ പോര്‍മുഖങ്ങള്‍ തുറക്കുകയാണ് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ ഇന്ന് നടന്ന പാര്‍ട്ടി റാലിയില്‍ പങ്കെടുത്ത് കൊണ്ട് ബിജെപ്പിക്കെതിരേയും മോദിക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച അദ്ദേഹം റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് മോദിയെ പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയും ചെയ്തു.

അതുകൂടാതെ, കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി നിര്‍മല സിതാരാമന്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് രാജ്യത്തെ ജനങ്ങളോട് കള്ളം പറഞ്ഞതായും അദ്ദേഹം പറഞ്ഞു. മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയല്ല രാജ്യത്തെ 15 ശതകോടീശ്വരന്മാരുടെ പ്രധാനമന്ത്രിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

രാജ്യത്തെ പാവപ്പെട്ട നികുതിദായകരുടെ പണം കടലാസ് കമ്പനിയുണ്ടാക്കി പ്രധാനമന്ത്രിയുടെ സുഹൃത്തിന് നല്‍കുകയായിരുന്നെന്നും രാഹുല്‍ ആരോപിച്ചു. അംബാനിയുടെ ഉടമസ്ഥതിയിലുള്ള റിലയന്‍സ് ഡിഫെന്‍സ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഈ സാമ്പത്തിക ഇടപാട് നടത്തുന്നത്. ഈ കമ്പനി റാഫേല്‍ ഇടപാടില്‍ ഒപ്പു വയ്ക്കുന്നതിന് ഏകദേശം 10 ദിവസങ്ങള്‍ക്ക് മുന്‍പാണ്‌ രജിസ്റ്റര്‍ ചെയ്തതെന്നും ആരോപണമുയര്‍ന്നിരുന്നു. 

രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രിപോലും അറിയാതെയുള്ള ഈ കരാര്‍ ഒപ്പുവയ്ക്കുമ്പോള്‍ അനില്‍ അംബാനി മോദിക്കൊപ്പം ഫ്രാന്‍സില്‍ ഉണ്ടായിരുന്നെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 10 ന് ഫ്രാന്‍സില്‍ സന്ദര്‍ശത്തിനിടെയായിരുന്നു പ്രധാനമന്ത്രി റാഫേല്‍ കരാറില്‍ ഒപ്പുവെച്ചത്. ഈ സംഭവങ്ങളൊക്കെ തുറന്ന സംവാദത്തിലൂടെ ചര്‍ച്ച ചെയ്യാനാണ് രാഹുല്‍ ഗാന്ധി മോദിയെ വെല്ലുവിളിച്ചിരിക്കുന്നത്.

പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിലും അവിശ്വാസ പ്രമേയ ചര്‍ച്ചയിലും രാഹുല്‍ ഗാന്ധി റാഫേല്‍ അഴിമതി വിഷയത്തില്‍ മോദിക്കെതിരെ രംഗത്ത് വന്നിരുന്നു. 

എന്നാല്‍ രാഹുലിന്‍റെ ആരോപണങ്ങളെ ബിജെപി നിഷേധിച്ചെങ്കിലും അദ്ദേഹം ഇപ്പോഴും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്.

 

 

Trending News