തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി തുടങ്ങി പ്രധാനപ്പെട്ട വിഷയങ്ങളില്‍ പ്രധാനമന്ത്രിയ്ക്കു മൗനമാണ്: രാഹുല്‍ ഗാന്ധി

ബിജെപി, ആര്‍എസ്എസ് ശക്തികളെ തടയാന്‍ എല്ലാവിധ ഊര്‍ജവും ഉപയോഗിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മൂന്നാംഘട്ട പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Last Updated : Mar 21, 2018, 08:01 PM IST
തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി തുടങ്ങി പ്രധാനപ്പെട്ട വിഷയങ്ങളില്‍ പ്രധാനമന്ത്രിയ്ക്കു മൗനമാണ്:   രാഹുല്‍ ഗാന്ധി

കര്‍ണാടക: ബിജെപി, ആര്‍എസ്എസ് ശക്തികളെ തടയാന്‍ എല്ലാവിധ ഊര്‍ജവും ഉപയോഗിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മൂന്നാംഘട്ട പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുപാട് സംസാരിക്കുന്ന വ്യക്തിയാണ്. പക്ഷെ പ്രധാനപ്പെട്ട വിഷയങ്ങളായ തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി തുടങ്ങിയവയില്‍ അദ്ദേഹത്തിന് മൗനമാണ്. ഞങ്ങള്‍ അവരെപ്പോലെ വാഗ്ദാനങ്ങളല്ല നല്‍കുക. പ്രവൃത്തിയിലൂടെ കാണിക്കും. അണ്ണാ ഭാഗ്യ പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങളിലെ അര്‍ഹരായവര്‍ക്ക് ഏഴു കിലോഗ്രം അരി കിട്ടുന്നത് ഇതിനുദാഹരണമാണ്, അദ്ദേഹം പറഞ്ഞു.

ഇന്ന് 14 വയസ്സുകാരനു വരെ ധര്‍മത്തെക്കുറിച്ച് അറിയാം. സത്യമേവ ജയതേ എന്ന് ഏതു പതിനാലുകാരനും പറയും. അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും 15 ലക്ഷം വീതം ബാങ്ക് അക്കൗണ്ടില്‍ ഇടുമെന്നായിരുന്നു വാഗ്ദാനം. ആ പണമെവിടെ? ബസവണ്ണയെ കുറിച്ചു മോദി സംസാരിക്കും. പക്ഷെ, സത്യത്തെക്കുറിച്ചുള്ള ബസവ ദര്‍ശനങ്ങള്‍ അദ്ദേഹം മനസ്സിലാക്കിയിട്ടില്ല’  രാഹുല്‍ ഗാന്ധി പറഞ്ഞു.

‘പ്രധാനമന്ത്രി ഇവിടെ വന്നു അഴിമതിയെക്കുറിച്ചു സംസാരിച്ചു. പക്ഷെ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെ നയിച്ചിരുന്ന ചിലര്‍ ജയിലിലായിരുന്നു. അതില്‍ അഴിമതി കാണാന്‍ അദ്ദേഹത്തിനാവുന്നില്ല. സുഹൃത്തുക്കളുടെ നേട്ടത്തിനായി റഫേല്‍ വിമാന ഇടപാട് നടത്തിയപ്പോഴും അഴിമതി കണ്ടെത്താനായില്ല. അമിത് ഷായുടെ മകന്‍ ജയ് ഷാ പെട്ടെന്നു പണക്കാരനായപ്പോഴും മോദിക്കു തെറ്റായൊന്നും കാണാനായില്ല.

'70 വര്‍ഷം രാജ്യത്ത് ഒന്നും നടന്നില്ലെന്നാണു മോദി പറയുന്നത്. മുന്‍ തലമുറക്കാര്‍, കര്‍ഷകര്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കായി ഒന്നും ചെയ്തില്ലെന്നാണ് അദ്ദേഹം പറയുന്നത്. മോദിക്കു മുന്‍പ് ഇവിടെയാരും ഒന്നും ചെയ്തിട്ടില്ലേ? കര്‍ണാടകയില്‍ കെജി (കിന്‍ഡര്‍ഗാര്‍ട്ടന്‍) മുതല്‍ പിജിവരെയുള്ള പഠനം എല്ലാ പെണ്‍കുട്ടികള്‍ക്കും സൗജന്യമാണ്. സംസ്ഥാന സര്‍ക്കാരാണ് ഈ ചെലവ് വഹിക്കുന്നത്. ഗുജറാത്തിലേക്കു നോക്കൂ. അവിടെ 90% വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യവത്കരിച്ചിരിക്കുകയാണു മോദിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും. സ്‌കൂളുകളും കോളജുകളും സമ്പന്നര്‍ക്കു കൈമാറിയിരിക്കുകയാണ്' – രാഹുല്‍ പറഞ്ഞു.

റാലിയെ സംബോധന ചെയ്യുന്നതിന് മുന്‍പ് ശൃംഗേരി ശങ്കരാചാര്യരുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ ഗോകര്‍ണനാഥേശ്വര ക്ഷേത്രം, റൊസാരിയോ ചര്‍ച്ച്, ഉള്ളാള്‍ ദര്‍ഗ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം അദ്ദേഹം ദര്‍ശനം നടത്തിയിരുന്നു. 

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, മേഖലയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ് തുടങ്ങിയവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു.

 

 

Trending News