തെലുങ്കാനയിലും ആന്ധ്രപ്രദേശിലും കനത്ത മഴ; 8 മരണം, സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

 തെലുങ്കാനയിലും ആന്ധ്രപ്രദേശിലും കനത്ത മഴയെത്തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തില്‍. മഴക്കെടുതിയില്‍ ഇതുവരെ എട്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇരു സംസ്ഥാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സഹായം അഭ്യര്‍ഥിച്ചു.

Last Updated : Sep 23, 2016, 01:07 PM IST
തെലുങ്കാനയിലും ആന്ധ്രപ്രദേശിലും കനത്ത മഴ; 8 മരണം, സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ഹൈദരാബാദ്:  തെലുങ്കാനയിലും ആന്ധ്രപ്രദേശിലും കനത്ത മഴയെത്തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തില്‍. മഴക്കെടുതിയില്‍ ഇതുവരെ എട്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇരു സംസ്ഥാനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സഹായം അഭ്യര്‍ഥിച്ചു.

അതിനിടെ, അമരാവതി നദി കുറുകെ നീങ്ങുന്നതിനിടയില്‍ കോസ്വേയില്‍ കുടുങ്ങിയ ബസില്‍ നിന്നും 50 പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കോസ്വേയിലൂടെ നദി മറികടക്കുമ്പോള്‍ ആന്ധ്രാപ്രദേശ് ആര്‍ടിസിയുടെ ഗുണ്ടൂര്‍ ക്രോസുറു ബസാണ് വിപ്പര്‍ലയ്ക്ക് അടുത്തുവെച്ച്‌ പ്രളയത്തില്‍ കുടുങ്ങിയത്. 

ഒഴുക്കില്‍ പെട്ട ബസ് ഡ്രൈവര്‍ നിര്‍ത്തിയിടുകയായിരുന്നു. തുടര്‍ന്ന് ഗ്രാമീണര്‍ ഓടിയെത്തുകയും കയര്‍ ഉപയോഗിച്ച്‌ എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്തി. മിക്ക യാത്രക്കാരും ബസിന് മുകളിലായിരുന്നെന്നും ഭക്ഷണമോ വെള്ളമോ ഇല്ലാതെ മൂന്ന് മണിക്കൂറോളം ഇവര്‍ കുടുങ്ങിയിരിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ മൊത്തം സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, ഐടി മേഖലയിലുള്ളവര്‍ക്ക് കമ്പനികള്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരം നല്കിയിട്ടുണ്ട്. ഏകദേശം 5000 ത്തോളം പേരാണ് വീട് വിട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. 

സംസ്ഥാനത്തെ ഗുണ്ഡൂര്‍ ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. എട്ട് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും ഇവിടെ നിന്നാണ്. ശക്തമായ മഴ കുറച്ചു ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിവരം.

Trending News