രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേയ്ക്ക്; ഡോളറിന് 68.33

രൂപയുടെ മൂല്യം താഴ്ന്ന് 70ലേയ്ക്ക് അടുക്കുന്നു. 

Last Updated : May 24, 2018, 03:47 PM IST
രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേയ്ക്ക്; ഡോളറിന് 68.33

മുംബൈ: രൂപയുടെ മൂല്യം താഴ്ന്ന് 70ലേയ്ക്ക് അടുക്കുന്നു. 

ബുധനാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 38 പൈസയുടെ നഷ്ടവുമായി 68.42 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം. അതായത് ഒരു ഡോളറിന് 68.42 രൂപ.

എന്നാല്‍ ഇന്ന് വ്യാപാരം പുരോഗമിക്കുമ്പോള്‍ 68.33 നിലവാരത്തിലേയ്ക്ക് രൂപയുടെ മൂല്യം തിരിച്ചുകയറിയിട്ടുണ്ട്. എന്നാല്‍ എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്താന്‍ 54 പൈസകൂടി നഷ്ടമായാല്‍മതി എന്നത് വാസ്തവം. 2016 നവംബറിലാണ് രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍ എത്തിയത്.

അതേസമയം, 70 എന്ന നിലവാരത്തിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞാലും അത്ഭുതപ്പെടാനില്ലെന്ന് വിദേശനാണ്യ വിപണിയിലുള്ളവര്‍ വിലയിരുത്തുന്നു. കാരണമായി പറയുന്നത് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നതാണ്. 2014 നവംബറിനു ശേഷം യു.എസ്. എണ്ണവില ബാരലിന് 70 ഡോളറോളം ഉയര്‍ന്നിരുന്നു. ഇന്ത്യയുടെ എണ്ണ ഉപഭോഗത്തിന്‍റെ 80 ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്നത് രൂപയുടെ മൂല്യത്തെ സാരമായി ബാധിക്കുന്നു.

അസംസ്‌കൃത എണ്ണവില ഉയരുന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കൂടാന്‍ ഇടയാക്കും. ഇത് കറന്റ്-അക്കൗണ്ട് കമ്മി ഉയരാന്‍ ഇടയാക്കും. ഇതുവഴി വിലക്കയറ്റത്തിനും കാരണമാകും. ഈ വര്‍ഷം ഇതുവരെ 6% വരെ ഇടിവാണ് രൂപയുടെ മൂല്യത്തിലുണ്ടായത്. 

കൂടാതെ ഇന്ത്യയില്‍ നിന്ന് നിക്ഷേപകര്‍ മൂലധനം വിറ്റൊഴിയുന്നതും രൂപയ്ക്ക് തിരിച്ചടിയാവുന്നുണ്ട്. കയറ്റുമതിക്കാര്‍ക്കും പ്രവാസികള്‍ക്കും രൂപയുടെ മൂല്യം ഇടിയുന്നത് ഗുണകരമാണ്. രൂപയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വരുമാനം കിട്ടുമെന്നതാണ് കാരണം. 

ഇന്ത്യയെ സംബന്ധിച്ചിടത്തോളം കയറ്റുമതി വരുമാനത്തെക്കാള്‍ ഇറക്കുമതിച്ചെലവ് കൂടുതലുള്ള രാജ്യമായതിനാല്‍ രൂപയുടെ മൂല്യം ഇടിയുന്നത് നമ്മുടെ സമ്പദ്ഘടനയ്ക്ക് വലിയ ആഘാതം സൃഷ്ടിക്കും. കാരണം രൂപയുടെ മൂല്യം കുറയുന്നതോടെ ഇറക്കുമതി കൂടുതല്‍ ചിലവേറിയതായി മാറും. എണ്ണ പോലുള്ള ഒഴിവാക്കാനാവാത്ത വസ്തുക്കളുടെ ഇറക്കുമതി തുടരുന്നത് ധനക്കമ്മി വര്‍ധിപ്പിക്കും. ചുരുക്കത്തില്‍ എണ്ണ ഇറക്കുമതി ചെലവേറിയതായി മാറുമ്പോള്‍ ഗതാഗതച്ചെലവും ഉയരുന്നതിനാല്‍ അനുബന്ധ സാധനങ്ങള്‍ക്കും വില ഉയരും. 

 

Trending News