ഗോരക്ഷകരുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് സംരക്ഷണം നല്‍കണ൦: സുപ്രീം കോടതി

പശുവിനെ കൊല്ലുന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഹാപ്പൂരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ വ്യക്തിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 

Last Updated : Aug 13, 2018, 04:44 PM IST
ഗോരക്ഷകരുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ക്ക് സംരക്ഷണം നല്‍കണ൦: സുപ്രീം കോടതി

ന്യൂഡല്‍ഹി: പശുവിനെ കൊല്ലുന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഹാപ്പൂരില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ വ്യക്തിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 

ആള്‍ക്കൂട്ട ആക്രമണത്തിനിടെ പരിക്കേറ്റ സാമിയുദ്ദീന് (65) സംരക്ഷണം ഏര്‍പ്പെടുത്താനാണ് മീററ്റ് പൊലീസിനോട് സുപ്രീം കോടതി ഉത്തരവിട്ടത്. ജൂണ്‍ 18നാണ് 45കാരനായ ഖാസിം ഖുറേഷിയെന്ന ഇറച്ചി വ്യാപാരിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയത്. ഇതിനിടെ സമിയുദ്ദീന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണം സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ സംഭവം പശുവിന്‍റെ പേരിലുള്ളതല്ലെന്നായിരുന്നു പൊലീസിന്‍റെ വാദം. എന്നാല്‍ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസിന്‍റെ വാദം പൊളിയുകയായിരുന്നു. സമീയുദ്ദിനെയും ഖുറേഷിയെയും ആള്‍ക്കൂട്ടം ചീത്ത വിളിക്കുന്നതിന്‍റെയും താടി വലിച്ച്‌ മര്‍ദ്ദിക്കുന്നതിന്‍റെയും ദൃശ്യങ്ങളാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്. 

സംഭവത്തിനു ശേഷം രാകേഷ് സിസോദിയ എന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ആക്രമണത്തില്‍ യാതൊരു പങ്കുമില്ലെന്നും സംഭവം നടന്ന സമയം സ്ഥലത്തുണ്ടായിരുന്നില്ലെന്നും കോടതിക്ക് എഴുതി നല്‍കിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഇയാളെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.

എന്നാല്‍, പശുവിന്‍റെ പേരില്‍ തന്നെയാണ് തങ്ങള്‍ കൊലപാതകം നടത്തിയതെന്ന് ജാമ്യത്തിലിറങ്ങിയ രാകേഷ് സിസോദിയ പിന്നീട് ഒരു ദേശീയ മാധ്യമം നടത്തിയ സ്റ്റിംഗ് ഓപ്പറേഷനില്‍ വെളിപ്പെടുത്തി. ഈ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ട് ആള്‍കൂട്ടക്കൊലയിലെ ഇരയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ ജൂണ്‍ 18ന് നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ സാമിയുദ്ദീനും ഒപ്പമുണ്ടായിരുന്ന ഇറച്ചി വില്‍പ്പനക്കാരനായ ഖാസിം ഖുറേഷിയുമാണ് അതിക്രൂരമായി മര്‍ദ്ദിക്കപ്പെട്ടത്. ഖാസിം സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. സൈനുദ്ദീന്‍ പരിക്കുകളോടെ രക്ഷപെട്ടു.

 

 

Trending News