സിഖ് വിരുദ്ധ കലാപം: സിബിഐക്ക് നോട്ടീസ്, 6 ആഴ്ചയ്ക്കകം മറുപടി നല്‍കണം

1984ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന്‍റെ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു.

Last Updated : Jan 14, 2019, 03:11 PM IST
സിഖ് വിരുദ്ധ കലാപം: സിബിഐക്ക് നോട്ടീസ്, 6 ആഴ്ചയ്ക്കകം മറുപടി നല്‍കണം

ന്യൂഡല്‍ഹി: 1984ല്‍ ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപക്കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന്‍റെ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു.

ഡല്‍ഹി ഹൈക്കോടതി വിധി സ്റ്റേ ചെയ്യാതെതന്നെ, സജ്ജന്‍ കുമാറിന്‍റെ അപ്പീലില്‍ സുപ്രീംകോടതി സിബിഐക്ക് നോട്ടീസ് അയച്ചു. കൂടാതെ, സജ്ജന്‍ കുമാറിന്‍റെ ജാമ്യാപേക്ഷയിലും നോട്ടീസ് നല്‍കിയിട്ടുണ്ട്. ആറാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ജസ്റ്റിസ് അശോക് ഭൂഷണ്‍, എസ് കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിലാണ് സജ്ജന്‍ കുമാറിനെ ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിയ്ക്കുന്നത്. ജസ്റ്റിസ് എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടെ ബെഞ്ചായിരുന്നു കേസില്‍ വിധി പറഞ്ഞത്. ക്രിമിനൽ ഗൂഢാലോചന നടത്തുക, ശത്രുത പ്രോത്സാഹിപ്പിക്കുക, മതസൗഹാർദ്ദത്തിനെതിരായി പ്രവർത്തിക്കുക എന്നീ ആരോപണങ്ങളാണ് സജ്ജന്‍ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. വിചാരണ കോടതിയുടെ ഈ നടപടിയെ ചോദ്യം ചെയ്ത് നല്കിയ അപ്പീലുകളിലാണ് ഡല്‍ഹി ഹെക്കോടതി വിധി പറഞ്ഞത്. വിചാരണ കോടതി വിധിക്കെതിരെ സി.ബി.ഐയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുമാണ് അപ്പീല്‍ നല്‍കിയത്.

ഡല്‍ഹി കന്‍റോണ്‍മെന്‍റ് മേഖലയിലെ രാജ് നഗറില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസില്‍ 2013ലാണ് സജ്ജന്‍കുമാറിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കിയത്. അതേസമയം കേസില്‍ മറ്റു അഞ്ച് പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. 

ജസ്റ്റിസ് നാനാവതി കമ്മീഷന്‍ ശുപാര്‍ശ പ്രകാരം 2005ലാണ് സജ്ജന്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത്. 

 

Trending News