സിബിഐയുടെ വിശ്വാസ്യത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചു: അലോക്​ വർമ്മ

സിബിഐയുടെ വിശ്വാസ്യത നശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ അത് സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും രണ്ടാം തവണയും പുറത്താക്കപ്പെട്ട അലോക് വര്‍മ്മ. 

Last Updated : Jan 11, 2019, 10:56 AM IST
സിബിഐയുടെ വിശ്വാസ്യത ഉയർത്തിപ്പിടിക്കാൻ ശ്രമിച്ചു: അലോക്​ വർമ്മ

ന്യൂഡൽഹി: സിബിഐയുടെ വിശ്വാസ്യത നശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ അത് സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും രണ്ടാം തവണയും പുറത്താക്കപ്പെട്ട അലോക് വര്‍മ്മ. 

തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതിനുശേഷം ഇതാദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ പേരെടുത്തു പറയാതെയായിരുന്നു അലോക് വര്‍മ്മയുടെ പരാമര്‍ശം. സെലക്‌ട് കമ്മിറ്റി പുറത്താക്കിയതിന് ശേഷമായിരുന്നു മുന്‍ സിബിഐ മേധാവിയുടെ പ്രതികരണം.

സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് തന്നെ മാറ്റിയത് ബാലിശമായ ആരോപണത്തെ അടിസ്ഥാനമാക്കിയാണെന്ന് അലോക് വര്‍മ്മ പറഞ്ഞു. തന്നോട് ശത്രുതയുള്ള ഒരാളുടെ മാത്രം തെറ്റായ, അടിസ്ഥാന രഹിതമായ, ബാലിശമായ ആരോപണങ്ങള്‍ അടിസ്ഥാനമാക്കിയാണ് തന്നെ സ്ഥലം മാറ്റിയതെന്ന വസ്തുത ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ സിബിഐയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാന്‍ നിലകൊണ്ടിട്ടുള്ള വ്യക്തിയാണ്. നിയമവാഴ്ച സംരക്ഷിക്കാന്‍ ഇനിയും അതു തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയായ സിബിഐയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കപ്പെടണം. ബാഹ്യ സമ്മര്‍ദ്ദമില്ലാതെ പ്രവര്‍ത്തിക്കാന്‍ സിബിഐക്ക് കഴിയണം. സിബിഐയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴും സ്ഥാപനത്തിന്‍റെ സമഗ്രത കാത്തുസൂക്ഷിക്കാന്‍ താന്‍ ശ്രമിച്ചിരുന്നു. 2018 ഒക്‌ടോബര്‍ 23ലെ കേന്ദ്രസര്‍ക്കാര്‍, സി.വി.സി ഉത്തരവുകള്‍ അധികാരപരിധി കടന്നിട്ടുള്ളവയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അലോക് വര്‍മ്മയുടെ ഭാഗം കേട്ട ശേഷമേ തീരുമാനം പാടുള്ളു എന്ന് മല്ലികാര്‍ജ്ജുന ഖാര്‍ഗെ വാദിച്ചിരുന്നു. അലോക് വര്‍മ്മയെ ഉടന്‍ മാറ്റണമെന്ന പ്രധാനമന്ത്രിയുടെ നിലപാടിനോട് ജസ്റ്റിസ് എ കെ സിക്രിയും യോജിച്ചു. ഇതോടെ ഖാര്‍ഗെയുടെ വിജയോജനക്കുറിപ്പ് എഴുതി വാങ്ങി തീരുമാനം കൈക്കൊള്ളുകയായിരുന്നു. 

കേന്ദ്ര സര്‍ക്കാരിന്‍റെ പാതിരാ നാടകത്തിന് തിരശ്ശീല വീഴ്ത്തി കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രിംകോടതി ഉത്തരവിലൂടെ അലോക് വര്‍മ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരികെയെത്തിയത്. ഈ മാസം 31ന് വിരമിക്കാനിരിക്കെയാണ് അദ്ദേഹത്തെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കി കേന്ദ്രം സിബിഐക്കുമേല്‍ തങ്ങളുടെ സ്വാധീനം ഒന്നുകൂടി ശക്തമാക്കിയത്.

 

 

Trending News