യുപിയില്‍ ഫ്ലൈഓവര്‍ തകര്‍ന്നത് ഇടിവെട്ട് മൂലമെന്ന് അധികൃതര്‍; കോണ്‍ട്രാക്ടര്‍ക്കെതിരെ കേസ്

ഫ്ലൈഓവര്‍ നിര്‍മാണം നടക്കുന്നതിനിടയില്‍ ഗതാഗതം വഴിതിരിച്ച് വിടാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Last Updated : May 16, 2018, 06:23 PM IST
യുപിയില്‍ ഫ്ലൈഓവര്‍ തകര്‍ന്നത് ഇടിവെട്ട് മൂലമെന്ന് അധികൃതര്‍; കോണ്‍ട്രാക്ടര്‍ക്കെതിരെ കേസ്

വരാണസി: ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നിര്‍മാണത്തിലിരുന്ന ഫ്ലൈഓവര്‍ തകര്‍ന്നത് ഇടിവെട്ട് മൂലമെന്ന് വിശദീകരണം. കന്‍റോണ്‍മെന്‍റ് റയില്‍വേ സ്റ്റേഷന് സമീപം തകര്‍ന്ന് വീണ ഫ്ലൈഓവറിന്‍റെ അടിയില്‍പ്പെട്ട് 19 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. 

ഫ്ലൈഓവര്‍ നിര്‍മാണം നടക്കുന്നതിനിടയില്‍ ഗതാഗതം വഴിതിരിച്ച് വിടാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ, ഫ്ലൈഓവര്‍ കോണ്‍ട്രാക്ടര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തു. 

ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയാണ് അപകടം നടന്നത്. നിര്‍മാണത്തിലിരുന്ന ഫ്ലൈഓവറിന്‍റെ ബീമുകള്‍ തകര്‍ന്നു വീണു. ഒരു ഡസനോളം വാഹനങ്ങള്‍ ബീമിനടയില്‍പ്പെട്ട് ചതഞ്ഞരഞ്ഞു. 

ഉത്തര്‍പ്രദേശില്‍ സമീപകാലത്തുണ്ടായ ഇടിവെട്ടും മഴയുമാണ് ഫ്ലൈഓവറിനെ ദുര്‍ബലമാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ അപകടം നടക്കുമ്പോള്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടം നടന്ന് ഒരു മണിക്കൂറിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനത്തിന് അദികൃതര്‍ എത്തിച്ചേര്‍ന്നതെന്നും ആരോപണമുണ്ട്. പ്രദേശവാസികളാണ് അടിയന്തര സഹായം ലഭ്യമാക്കിയത്. 

അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇത് ഉടനടി വിതരണം ചെയ്യുമെന്ന് വരാണസി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. 

Trending News