ശബരിമല സ്ത്രീപ്രവേശനം: സുപ്രീം കോടതി വിധിയെ അനുകൂലിച്ച് പാര്‍വതി

ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികകാലം തുടരാനാവില്ലെന്നും നടി പറഞ്ഞു.   

Last Updated : Nov 6, 2018, 03:44 PM IST
ശബരിമല സ്ത്രീപ്രവേശനം: സുപ്രീം കോടതി വിധിയെ അനുകൂലിച്ച് പാര്‍വതി

ശബരിമലയില്‍ സ്ത്രീപ്രവേശനം സംന്ധിച്ച സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നതായി നടി പാര്‍വതി തിരുവോത്ത്. സ്ത്രീ പ്രവേശന വിവാദത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പാര്‍വതി. 

ആര്‍ത്തവം അശുദ്ധിയാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. ആര്‍ത്തവത്തിന്റെ പേരിലുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനം അധികകാലം തുടരാനാവില്ലെന്നും നടി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ സംബന്ധിച്ചുള്ള കാര്യങ്ങള്‍ പാര്‍വതി വ്യക്തമാക്കിയിരിക്കുന്നത്.

ജനിച്ച നാള്‍ തൊട്ട് പറഞ്ഞുകേള്‍ക്കുന്നതാണ് ഋതുമതിയായ സ്ത്രീ അശുദ്ധയാണെന്ന്, എന്നാല്‍ താന്‍ ആ വാദത്തിന് എതിരാണ്. തനിക്ക് അമ്പലത്തില്‍ പോകാന്‍ തോന്നിയാല്‍ പോകുമെന്ന് പാര്‍വ്വതി പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കാലങ്ങളായി തന്നെ അലോസരപ്പെടുത്തുന്ന ചിന്തയായിരുന്നു ആര്‍ത്തവമുളള സ്ത്രീ മാറ്റി നിര്‍ത്തപ്പെടണ്ടവളാണോ എന്നത്. എന്നാല്‍ ആര്‍ത്തവം അശുദ്ധിയെന്ന് പ്രചരിപ്പിക്കുന്നവര്‍ പുരുഷ മേധാവിത്വം അടിച്ചേല്‍പ്പിച്ച പ്രവണതകളില്‍ കുടുങ്ങി കിടക്കുന്നവരാണെന്ന് നടി ആരോപിച്ചു. 

ആര്‍ത്തവമുളള ദിവസങ്ങളില്‍ ക്ഷേത്രങ്ങളില്‍ പോകണമെന്ന് തോന്നുണ്ടെങ്കില്‍ പോവുക തന്നെ ചെയ്യുമെന്നും പാര്‍വതി പറയുന്നുണ്ട്. ആ സമയത്ത് ആര്‍ത്തവം ഉണ്ടോ ഇല്ലയോ എന്നത് തന്‍റെ മാത്രം കാര്യമാണ്, എന്തിനാണ് അത് മറ്റുള്ളവരെ അറിയിക്കേണ്ടത് എന്നും പാര്‍വ്വതി ചോദിക്കുന്നു.

തന്‍റെ ഈ ആഭിപ്രായത്തിന്‍റെ പേരില്‍ ചിലപ്പോള്‍ ക്രൂശിക്കപ്പെട്ടേക്കാം. എന്നാലും തന്‍റെ നിലപാട് ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി വിധിയോടൊപ്പമാണെന്നും പാര്‍വതി അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. അതേസമയം ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരെ കുറ്റക്കാരായി മുദ്രകുത്തുന്ന പ്രവണതയാണ് മലയാള 

സിനിമയിലുള്ളതെന്നും പാര്‍വതി പറയുന്നു. ഉത്തരം കിട്ടാനാണ് ചോദ്യങ്ങളുമായി മുന്നോട്ട് വരുന്നത്. ആരെയും വെല്ലുവിളിക്കാനല്ല. ചോദ്യങ്ങളില്‍ ഭുരിഭാഗവും ഞങ്ങളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും പാര്‍വതി വ്യക്തമാക്കി.

പ്രശ്നങ്ങളൊന്നും ഇല്ലാതെ, എല്ലാത്തിനോടും സന്ധി ചേര്‍ന്നു പോകാമെന്നൊരു മനോഭാവത്തില്‍ നിന്നുമാണ് ഇത്തരം ചിന്താഗതികള്‍ വരുന്നത്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ അശുദ്ധരാണെന്ന് വിശ്വസിക്കാന്‍ തന്നെയാണ് അതുകൊണ്ട് അവര്‍ക്കും ഇഷ്ടം. സ്ത്രീയെന്നാല്‍ ഒരു ശരീരമാണെന്നും, നിങ്ങളുടെ ശുദ്ധി നിങ്ങളുടെ ലൈംഗികാവയവങ്ങളിലാണെന്നുമാണ് സ്ത്രീകളെ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നതെന്നും പാര്‍വ്വതി വ്യക്തമാക്കി.

Trending News