അതിരപ്പിള്ളി പദ്ധതി: കോണ്‍ഗ്രസില്‍ ഭിന്നത

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വേണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. 

Last Updated : Aug 12, 2017, 12:04 PM IST
അതിരപ്പിള്ളി പദ്ധതി: കോണ്‍ഗ്രസില്‍ ഭിന്നത

കോട്ടയം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വേണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തെ തള്ളി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. 

പ്രസ്തുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. ഇതോടെ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ ചൊല്ലി കോണ്‍ഗ്രസില്‍ വിരുദ്ധ നിലപാടുകളാണ് നിലനില്‍ക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് പൊതുചര്‍ച്ച വേണമെന്ന് ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു. 

അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച്‌ സര്‍ക്കാരില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ട്. ഇതോടൊപ്പം മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും ഭിന്നതയുണ്ട്. അതിനാല്‍ അതേക്കുറിച്ച്‌ ചര്‍ച്ച നടക്കണം. അഭിപ്രായ സമന്വയത്തോടെ പദ്ധതി നടപ്പാക്കണമെന്നാണ് തന്‍റെ നിലപാപടെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് വേണ്ടത്. അതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പദ്ധതിക്കുള്ള പാരിസ്ഥിതിക അനുമതിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ ആ അനുമതിക്കായി വീണ്ടും കേന്ദ്ര സര്‍ക്കാരിനെ സമീപിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് രമേശ് ചെന്നിത്തല നേരത്തെ കത്ത് നല്‍കിയിരുന്നു. പ്രകൃതിക്കും പരിസ്ഥിതിക്കും കനത്ത ദോഷം വരുത്തുന്ന ഈ പദ്ധതി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്‍റെ നാശത്തിനും വഴിവയ്ക്കും. 140 ഹെക്ടറോളം വനത്തെ വെള്ളത്തില്‍ മുക്കുന്ന ഈ പദ്ധതി അത്യപൂര്‍വ്വമായ സസ്യ, ജന്തു സമ്പത്തിനും നാശമുണ്ടാക്കുമെന്നും അദ്ദേഹം രമേശ്‌ ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.

Trending News