കേന്ദ്രസര്‍ക്കാരിന്‍റേത് ശിഥിലീകരണ നയങ്ങള്‍; ജാഗ്രത വേണമെന്ന് പിണറായി വിജയന്‍

രാജ്യത്തെ ശിഥിലീകരിക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ നേടിയ പലതും നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Last Updated : Oct 21, 2017, 06:12 PM IST
കേന്ദ്രസര്‍ക്കാരിന്‍റേത് ശിഥിലീകരണ നയങ്ങള്‍; ജാഗ്രത വേണമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യത്തെ ശിഥിലീകരിക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ നേടിയ പലതും നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടുന്നതിനും സംസ്ഥാന സര്‍ക്കാരിന്‍റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിക്കുന്നതിനും എല്‍.ഡി.എഫ് സംഘടിപ്പിക്കുന്ന ജനജാഗ്രത യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. വീണ്ടുവിചാരമില്ലാതെ നടപ്പിലാക്കിയ നയങ്ങള്‍ രാജ്യത്തെ കെടുതിയിലാക്കി. രാജ്യത്തെ ശിഥിലീകരിക്കുന്ന നയങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ജനങ്ങളിലെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. 

നോട്ടുനിരോധനത്തേയും ജി.എസ്.ടിയേയും വിമര്‍ശിച്ച മുഖ്യമന്ത്രി ഇതിലൂടെ എന്ത് ഗുണമാണ് രാജ്യത്തിനുണ്ടായതെന്ന് ചോദിച്ചു. ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് സമീപഭാവിയില്‍ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. 

രാജ്യത്തെ കര്‍ഷക പ്രക്ഷോഭങ്ങളും ക്യാമ്പസുകളില്‍ ഇടതുപക്ഷ മുന്നേറ്റമുണ്ടായതും രാജ്യത്ത് നിലനില്‍ക്കുന്ന ദുരവസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധങ്ങളാണ്. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. 

ബി.ജെ.പിയുടെ വര്‍ഗീയ കാര്‍ഡിനെതിരെ ആഞ്ഞടിച്ച പിണറായി വര്‍ഗീയതയ്ക്ക് കേരളത്തില്‍ ഇടമില്ലെന്നും പ്രഖ്യാപിച്ചു. അധികാരത്തിലെത്താന്‍ ബിജെപി വര്‍ഗീയ കാര്‍ഡ് ഇറക്കി കളിക്കാറുണ്ട്. സംഘപരിവാറാണ് അതിന് നേതൃത്വം നല്‍കുന്നത്. ഇപ്പോള്‍ വലിയ തരത്തില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും പിണറായി ആരോപിച്ചു. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കുന്ന രണ്ട് യാത്രകളാണ് ജനജാഗ്രത യാത്രയുടെ ഭാഗമായി എല്‍.ഡി.എഫ് നടത്തുന്നത്. കോടിയേരി നയിക്കുന്ന യാത്ര തൃശൂരിലും കാനം നയിക്കുന്ന ജാഥ എറണാകുളത്തും സമാപിക്കും. കോടിയേരി മഞ്ചേശ്വരത്ത് നിന്നും കാനം തിരുവനന്തപുരത്ത് നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. 

Trending News