സാമ്പത്തിക തട്ടിപ്പുകേസ്: യാത്രാവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിനോയി കോടിയേരി ദുബായ് കോടതിയില്‍

  

Last Updated : Feb 7, 2018, 09:27 AM IST
 സാമ്പത്തിക തട്ടിപ്പുകേസ്: യാത്രാവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിനോയി കോടിയേരി ദുബായ് കോടതിയില്‍

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പുകേസില്‍ യാത്രാവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിനോയി കോടിയേരി ദുബായ് മേൽ കോടതിയില്‍ അപ്പീല്‍ നല്‍കി. അതേസമയം ബിനീഷ് കോടിയേരിയും ദുബായില്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ ശിക്ഷിക്കപ്പെട്ടു എന്നതിന്‍റെ രേഖകൾ ലഭിച്ചതായി വാര്‍ത്തകളുണ്ട്. 

ടൂറിസം ഉടമ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂക്കി നല്‍കിയ സിവില്‍ കേസില്‍ കഴിഞ്ഞ ദിവസമാണ് ബിനോയ് കോടിയേരിക്ക് യാത്രാ വിലക്ക് നിലവില്‍ വന്നത്.

ദുബായ് അടിയന്തിരകോടതി ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ബിനോയി ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കി. കേസിലെ വസ്തുതകള്‍ പരിശോധിച്ച ശേഷം യാത്രാവിലക്ക് നീക്കാന്‍ കഴിയുമോ ഇല്ലയോ എന്ന തീരുമാനം കോടതിയുടെ പരമാധികാരത്തില്‍പെട്ടതായിരിക്കും. ഒഴിവാക്കാന്‍ സാധിക്കാത്ത പക്ഷം സിവില്‍ കോടതി വിധിയുടെ നടപടികള്‍ക്ക് ശേഷം മാത്രമേ യാത്രാവിലക്ക് നീക്കുകയുള്ളൂ. 

വസ്തുതകളുടെയും മറ്റു രേഖകളുടെയും അടിസ്ഥാനത്തില്‍ ഇത്തരം കേസുകള്‍ മൂന്നു മുതല്‍ ഒരു വര്‍ഷം വരെ നീണ്ടു നില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധര്‍ പറഞ്ഞു. ബാങ്ക് ഗ്യാരണ്ടിയോ തത്തുല്യമായ തുകയോ നല്‍കി കേസ് തുടരുകയാണെങ്കില്‍ യാത്രാവിലക്ക് മാറ്റാമെന്നാണ് ദുബായി അടിയന്തര കോടതി നിര്‍ദ്ദേശം. 

എന്നാല്‍ മറ്റൊരാളുടെ പാസ്പോര്‍ട്ട് സമര്‍പ്പിച്ച് വിലക്കു മാറ്റിയെടുക്കാനുള്ള ശ്രമവും ബിനോയുടെ അഭിഭാഷകന്‍ നടത്തുന്നുണ്ട്. ഇതിനിടെ മുഴുവന്‍ രേഖകളും സഹിതം പ്രധാന സിവില്‍കേസ് ഫയല്‍ചെയ്യാന്‍ പരാതിക്കാരനായ ഹസന്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂക്കി നീക്കം നടത്തുന്നതായാണ് വിവരം. 

Trending News