Muttil Tree Felling Case: മുട്ടില്‍ മരംമുറി കേസ്; അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

Muttil Tree Felling Case: മരംമുറി സംഘത്തെ സഹായിച്ചവരും മരം മുറിച്ചവരുമടക്കം കുറ്റപത്രത്തിൽ ആകെ 12 പ്രതികളാണുള്ളത്.

Written by - Zee Malayalam News Desk | Last Updated : Dec 4, 2023, 02:05 PM IST
  • കുറ്റപത്രത്തിൽ അഗസ്റ്റിൻ സഹോദരങ്ങളടക്കം 12 പേരാണ് പ്രതികൾ.
  • 2 വർഷം നീണ്ട അന്വേഷണത്തിനു ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.
  • ആകെ 900 ഡോക്യുമെൻ്റുകളും 420 സാക്ഷികളുമാണുള്ളത്.
Muttil Tree Felling Case: മുട്ടില്‍ മരംമുറി കേസ്; അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

കൽപ്പറ്റ: മുട്ടില്‍ മരംമുറി കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. മരങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലം നിർണായക തെളിവായെടുത്ത കുറ്റപത്രത്തിൽ അഗസ്റ്റിൻ സഹോദരങ്ങളടക്കം 12 പേരാണ് പ്രതികൾ.

2020 - 21 വർഷത്തിൽ വയനാട് മുട്ടിലിൽ നടന്ന കോടികളുടെ അനധികൃത മരംമുറി കേസിൽ രണ്ട് വർഷം നീണ്ട അന്വേഷണത്തിനു ശേഷമാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. വയനാട് വാഴവറ്റ സ്വദേശികളും റിപ്പോർട്ടർ ചാനൽ ഉടമകളുമായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. വ്യാജരേഖ ചമയ്ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. 

ALSO READ: മ്യൂസിയം ഓഫ് മൂൺ; നാളെ രാത്രി കനകക്കുന്നിൽ 'ചന്ദ്രനിറങ്ങും'!

അന്നത്തെ മുട്ടിൽ സൗത്ത് വില്ലേജ് ഓഫീസർ കെ കെ അജി, സ്പെഷ്യൽ ഓഫീസർ സിന്ധു എന്നിവരുൾപ്പടെ മരംമുറി സംഘത്തെ സഹായിച്ചവരും മരം മുറിച്ചവരുമടക്കം കുറ്റപത്രത്തിൽ ആകെ 12 പ്രതികളാണുള്ളത്. 1964 ന് ശേഷം പട്ടയം ലഭിച്ച ഭൂമിയിൽ സ്വയം കിളിര്‍ത്തതോ കർഷകർ നട്ടുവളര്‍ത്തിയതോ ആയ മരങ്ങൾ മുറിക്കാമെന്ന 2020ൽ സർക്കാർ പുറത്തിറക്കിയ ഉത്തരവിന്റെ മറവിൽ പ്രതികൾ കോടികൾ വിലമതിക്കുന്ന മരം മുറിച്ചു കടത്തിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. 

574 വര്‍ഷം പഴക്കമുള്ള സംരക്ഷിത മരങ്ങള്‍ അടക്കമാണ് മുറിച്ച് മാറ്റിയതെന്ന് മരങ്ങളുടെ ഡി.എന്‍.എ പരിശോധനാ ഫലം ഉദ്ധരിച്ച് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. കൂടാതെ, ഭൂവുടമകളുടെ പേരിൽ പ്രതികൾ വില്ലേജ് ഓഫീസിൽ സമർപ്പിച്ച അപേക്ഷകൾ വ്യാജമായി നിർമിച്ചതാണെന്ന ഫോറൻസിക് പരിശോധനാ ഫലവും കുറ്റപത്രത്തിലുണ്ട്. ഇന്ത്യയിലാദ്യമായി മരങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലം ചേർത്ത് തയ്യാറാക്കിയ 84,600 പേജുള്ള കുറ്റപത്രത്തിൽ, ആകെ 900 ഡോക്യുമെൻ്റുകളും 420 സാക്ഷികളുമാണുള്ളത്. 

നിലവിൽ സമർപ്പിച്ച കുറ്റപത്രത്തിനു പുറമേ, റവന്യൂ വകുപ്പിന്റെ കെഎൽസി വകുപ്പു പ്രകാരമുള്ള നടപടികൾ കൂടി പൂർത്തിയായതിനു ശേഷം അനുബന്ധ കുറ്റപത്രം കൂടി സമർപ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശദീകരിച്ചു. പോലീസിനും റവന്യൂ വകുപ്പിനുമൊപ്പം കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പ്രതികൾക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News