Keraleeyam 2023: കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കണം; കേരളീയം 2023 വൻ വിജയമാക്കണമെന്ന് മുഖ്യമന്ത്രി

CM Pinarayi Vijayan about Keraleeyam 2023: കേരളീയത്തിന്റെ ഒരുക്കങ്ങൾ ഊർജിതമായി മുന്നോട്ടുപോകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Sep 28, 2023, 05:00 PM IST
  • 41 വേദികളിലായാണ് കേരളീയം അരങ്ങേറുക.
  • 19 എകസിബിഷനുകളാണ് ഉണ്ടാവുക.
  • 10 വേദികളിൽ ട്രേഡ് ഫെയർ സംഘടിപ്പിക്കും.
Keraleeyam 2023: കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കണം; കേരളീയം 2023 വൻ വിജയമാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയം 2023 വൻ വിജയമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സംവിധാനങ്ങൾക്കൊപ്പം ഓരോ തലസ്ഥാന നഗരവാസിയും സംഘാടകനായി മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളീയം പരിപാടിയുടെ ഭാഗമാവാൻ തിരുവന്തപുരത്തേക്ക് ഏവരെയും അദ്ദേഹം സ്നേഹപൂർവ്വം ക്ഷണിക്കുകയും ചെയ്തു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

ഫേസ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം

കേരളത്തെയും അതിന്റെ സമസ്ത നേട്ടങ്ങളെയും ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനായി സംഘടിപ്പിക്കുന്ന കേരളീയം 2023ന്റെ നടത്തിപ്പിന് സർക്കാർ സംവിധാനങ്ങൾക്കൊപ്പം ഓരോ തലസ്ഥാന നഗരവാസിയും സംഘാടകനായി മാറണം. ജനങ്ങളെ ഈ മഹോത്സവത്തിലേക്ക് ആകർഷിക്കാനുള്ള നടപടികൾ ഓരോ നഗരവാസിയും സ്വീകരിക്കണം. തിരുവനന്തപുരത്തിന്റെ പുകൾപെറ്റ ആതിഥ്യമര്യാദ ലോകം അറിയണം.

ALSO READ: പോലീസിന് ലഭിച്ചത് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൻ്റെ പരാതി മാത്രം; നിയമനത്തട്ടിപ്പിൽ സിറ്റി പോലീസ് കമ്മീഷണർ

തിരുവനന്തപുരത്ത് താമസിക്കുന്നവർ കേരളീയം നടക്കുന്ന ദിവസങ്ങളിൽ ദൂരെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചുവരുത്തുക, ആളുകൾക്ക് ഇവിടേക്കെത്താനും താമസിക്കുവാനുമുള്ള സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ കൂടി സ്വാഭാവികമായി നടക്കുമ്പോഴേ കേരളീയം യഥാർഥത്തിൽ കേരളത്തിന്റെ ഉത്സവമായി മാറുകയുള്ളൂ. 'കേരളീയത' എന്നത് ഓരോ മലയാളിയുടെയും വികാരമാവണം, അതിലൂടെ കേരളീയരാകെ ഒരുമിക്കണം എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികൾ നടക്കുന്നത് തിരുവനന്തപുരത്താണെങ്കിലും കേരളമാകെ ഈ പരിപാടി ജനകീയമാക്കാൻ സാധിക്കണം.

കേരളീയത്തിന്റെ ഒരുക്കങ്ങൾ ഊർജിതമായി മുന്നോട്ടുപോകുകയാണ്. 41 വേദികളിലായാണ് കേരളീയം അരങ്ങേറുക. ആദ്യഘട്ടത്തിൽ ആസൂത്രണം ചെയ്ത ആറ് എകിസിബിഷനുകൾ കൂടാതെ താത്പര്യപത്രം ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 13 എക്സിബിഷനുകൾ കൂടി ഉൾപ്പെടുത്തി 19 എകസിബിഷനുകളാണ് ഉണ്ടാവുക. കേരളത്തിന്റെ തനതു കലകളുടെയും ആധുനിക കലാരൂപങ്ങളുടെയും പ്രദർശന വേദിയാണ് കേരളീയം. ഏഴ് ദിവസങ്ങളിലായി 31 വേദികളിലാണ് കേരളത്തിന്റെ തനത് കലകൾ അരങ്ങേറുന്നത്. കേരളത്തിന്റെ നൂതന സംരംഭങ്ങളും വ്യത്യസ്തമായ ആശയങ്ങളും പരിചയപ്പെടുത്താൻ 10 വേദികളിൽ ട്രേഡ് ഫെയർ സംഘടിപ്പിക്കും. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കുള്ള ട്രേഡ് ഫെയർ, ട്രൈബൽ മേഖലയിൽ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ട്രൈബൽ ട്രേഡ് ഫെയർ, വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വനിതാ ട്രേഡ് ഫെയർ, പരമ്പരാഗത, സഹകരണ മേഖലകൾക്കായുള്ള പ്രത്യേക ട്രേഡ് ഫെയറുകൾ എന്നിവ ഈ ഉത്സവത്തിന്റെ ഭാഗമാകും.

വ്യത്യസ്ത കേരളീയ രുചികളും തനതു രുചികളും പരിചയപ്പെടുത്താൻ  ഭക്ഷ്യമേളകളും ആസൂത്രണം ചെയ്തിട്ടുണ്ട്. എട്ടു വേദികളിലായി ഫ്ലവർ ഷോ നടക്കും. കൂടാതെ വിവിധ വേദികളിലായി ഫിലിം ഫെസ്റ്റിവൽ ഉണ്ടാകും. നിയമസഭാ മന്ദിരത്തിൽ കഴിഞ്ഞ വർഷം ആരംഭിച്ച പുസ്തകോത്സവം ഇത്തവണ നിയമസഭയുടെ ആഭിമുഖ്യത്തിൽ 'കേരളീയ'ത്തിന്റെ ഭാഗമായാണു സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക മേഖലകളിലെ സുപ്രധാന വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുന്ന സെമിനാറുകളും കേരളീയത്തിന്റെ ഭാഗമായി നടക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നുള്ള വിദഗ്ധർ ഈ സെമിനാറുകളുടെ ഭാഗമാകും. ഏവരെയും കേരളീയം പരിപാടിയുടെ ഭാഗമാവാൻ തിരുവന്തപുരത്തേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News