ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയാൻ സമഗ്ര നിയമ നിര്‍മ്മാണം: വീണാ ജോര്‍ജ്

ആരോ​ഗ്യ പ്രവർത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയാനുള്ള നിയമ ഭേദഗതി വരുമ്പോൾ പൊതുജനങ്ങള്‍ക്ക് പരാതി പറയാനുള്ള പബ്ലിക് ഫോറം കൂടി അതിൽ ഉണ്ടായിരിക്കണമെന്നും ചിലർ ചൂണ്ടിക്കാണിച്ചു.  

Written by - Zee Malayalam News Desk | Last Updated : Apr 4, 2023, 04:31 PM IST
  • സമ​ഗ്ര നിയമ നിർമ്മാണം നടത്തുന്നതിന് കാലോചിതമായി നിയമം ഭേദഗതി വരുത്തും.
  • അത് ആരോഗ്യ സ്ഥാപനങ്ങളിലെ എല്ലാ വിഭാഗം ജീവനക്കാരുടേയും സുരക്ഷിതത്വം ഉറപ്പ് വരുത്താനുള്ള നിയമമായിരിക്കും.
  • ഇതിനൊപ്പം തന്നെ പൊതുജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കണം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയാൻ സമഗ്ര നിയമ നിര്‍മ്മാണം: വീണാ ജോര്‍ജ്

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സമഗ്ര നിയമ നിര്‍മ്മാണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമ​ഗ്ര നിയമ നിർമ്മാണം നടത്തുന്നതിന് കാലോചിതമായി നിയമം ഭേദഗതി വരുത്തും. അത് ആരോഗ്യ സ്ഥാപനങ്ങളിലെ എല്ലാ വിഭാഗം ജീവനക്കാരുടേയും സുരക്ഷിതത്വം ഉറപ്പ് വരുത്താനുള്ള നിയമമായിരിക്കും. ഇതിനൊപ്പം തന്നെ പൊതുജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കണം. ജീവനക്കാരെ വിശ്വാസത്തിലെടുത്തുകൊണ്ടാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയാനുള്ള നിയമ നിര്‍മ്മാണത്തിനായി വിവിധ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയാനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. അത്യാഹിത വിഭാഗത്തിലും മറ്റും അധിക കൂട്ടിരിപ്പുകാര്‍ പാടില്ലെന്ന നിർദ്ദേശം നടപ്പിലാക്കുന്നുണ്ടെന്ന് കൃത്യമായി ഉറപ്പ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡിജിപി ഉള്‍പ്പെടെയുള്ളവരുടെ മീറ്റിം​ഗും നടത്തിയിരുന്നു. അതുപോലെ തന്നെ ആരോ​ഗ്യ സ്ഥാപനങ്ങളിൽ പുതുതായി നിയമിക്കുന്ന സെക്യൂരിറ്റി ജീവനക്കാര്‍ വിമുക്ത ഭടന്‍മാരായിരിക്കണമെന്നാണ് നിര്‍ദേശം. ആശുപത്രികളിലെ പ്രധാന ഭാഗങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. 

ആശുപത്രികളിലെ സംഘര്‍ഷ സാധ്യതകൾ ലഘൂകരിക്കുകയെന്നതും പ്രധാനമാണ്. തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നവരുടെ രോ​ഗാവസ്ഥ അവരുടെ ബന്ധുക്കളെ അറിയിച്ചിരിക്കണം. ഐസിയുവിനടുത്ത് രോഗികളുടെ കൂട്ടിരുപ്പുകാരുമായി ആശയ വിനിമയം നടത്താനുള്ള സ്ഥലം കണ്ടെത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read: Covid India Update: കൊറോണ കേസുകൾ ക്രമാതീതമായി വര്‍ദ്ധിക്കുന്നു, മൂന്ന് സംസ്ഥാനങ്ങളിൽ മാസ്‌ക് നിർബന്ധം

 

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയാനുള്ള നിയമ ഭേദഗതിയ്ക്കായുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സംഘടനകള്‍ ഏകകണ്ഠമായി അഭിനന്ദിച്ചു. ശാരീരികമായ അക്രമം കൂടാതെ മാനസികമായ പീഡനവും, വാക്കുകളാലുള്ള അധിക്ഷേപവും, സോഷ്യല്‍ മീഡിയ അധിഷേപവും ബില്ലില്‍ ഉള്‍ക്കൊള്ളിക്കണമെന്ന് ഭൂരിഭാഗം സംഘടനകളും പറഞ്ഞു. നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ പൊതുജനങ്ങള്‍ക്ക് പരാതി പറയാനുള്ള പബ്ലിക് ഫോറം കൂടി ഉണ്ടായിരിക്കണമെന്ന് ചിലര്‍ പറഞ്ഞു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News