ദുരിതപ്പെയത്ത്, സംസ്ഥാനത്ത് 96 കോടിയുടെ കൃഷിനാശം: ഓണവിപണിയെ ബാധിച്ചേക്കും

Heavy Rain Causes Agricultural loss of 96 crore in state: കഴിഞ്ഞ ഒരാഴ്ച്ചയിലെ കണക്കാണ് ഇപ്പോള് പുറത്തുവിട്ടിരിക്കുന്നത്. വ്യക്തമായ കണക്കുകള് എത്തുന്നതിലൂടെ നഷ്ടത്തിന്റെ വ്യാപതി ഇനിയും കൂടാനാണ് സാധ്യത. 

Written by - Zee Malayalam News Desk | Last Updated : Jul 8, 2023, 03:07 PM IST
  • കൃഷിവകുപ്പ് പ്രാഥമികമായി ശേഖരിച്ച കണക്കുകളാണിത്.
  • കൃഷിഭവനുകള്‍ വഴി മഴയെതുടർന്ന് നാശം നേരിട്ട കൃഷിയുടെ കൃത്യമായ കണക്ക് സര്‍ക്കാര്‍ ശേഖരിച്ചുവരുന്നതേയുള്ളൂ.
ദുരിതപ്പെയത്ത്, സംസ്ഥാനത്ത് 96 കോടിയുടെ കൃഷിനാശം: ഓണവിപണിയെ ബാധിച്ചേക്കും

തിരുവനന്തപുരം: കഴിഞ്ഞ ആഴ്ച്ചയിൽ കേരളത്തിൽ പെയ്ത മഴയിൽ കേരളത്തിൽ96 കോടിയുടെ കൃഷിനാശം. കൃഷിവകുപ്പ് ജൂലൈ 1 മുതൽ 6 വരെയുള്ള കണക്കാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കണക്കുകൾ പ്രകാരം 39,000 കര്‍ഷകരുടെ 8,898 ഹെക്ടറിലെ കൃഷിയാണ് മഴയിലും കാറ്റിലും നശിച്ചത്. കൃഷിവകുപ്പ് പ്രാഥമികമായി ശേഖരിച്ച കണക്കുകളാണിത്. കൃഷിഭവനുകള്‍ വഴി മഴയെതുടർന്ന് നാശം നേരിട്ട കൃഷിയുടെ കൃത്യമായ കണക്ക് സര്‍ക്കാര്‍ ശേഖരിച്ചുവരുന്നതേയുള്ളൂ. കണക്കെടുപ്പ് പൂര്‍ത്തിയാകുന്നതോടെ യഥാര്‍ഥ കൃഷിനാശത്തിന്റെ തോത് ഇതിലും വർദ്ധിക്കാനാണ് സാധ്യത. 

ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് കൃഷിനാശം ഏറ്റവും കൂടുതല്‍. ആലപ്പുഴയില്‍ 4219 ഹെക്ടറിലെയും പാലക്കാട് 2512 ഹെക്ടറിലെയും കൃഷി നശിച്ചു. മറ്റ് ജില്ലകളില്‍ 200ഉം 300ഉം ഹെക്ടറിനിടയില്‍ പ്രദേശത്താണ് കൃഷിനാശം. വിളവെടുപ്പിന് പാകമായ പച്ചക്കറികളും വാഴയും നെല്ലുമെല്ലാം നശിച്ചവയില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമെ റബര്‍, കുരുമുളക്, തെങ്ങ്, ഏലം എന്നിവയും വ്യാപകമായി നശിച്ചിട്ടുണ്ട്. ഓണക്കാല വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്തിരുന്ന കാര്‍ഷിക വിളകള്‍ വന്‍തോതില്‍ നശിച്ചത് കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടിയായി.

ALSO READ: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാങ്ക് വായ്പയടക്കം പ്രയോജനപ്പെടുത്തി കൃഷിയിറക്കിയവരെ കടത്തിൽ മുക്കുന്ന തരത്തിൽ ഉള്ളതാണ് മഴ സൃഷ്ടിച്ച പ്രതിസന്ധി. ഇതിനിടെ, കഴിഞ്ഞ മഴയിലും വരള്‍ച്ചയിലും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ കൃഷിവകുപ്പ് വഴി അപേക്ഷ നല്‍കി സര്‍ക്കാര്‍ സഹായത്തിന് കാത്തിരിപ്പ് തുടരുകയാണ്. 39 കോടിയോളം രൂപയാണ് ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. ഇതിന് പുറമെയാണ് ഇപ്പോള്‍ സംഭവിച്ച നാശനഷ്ടം.

അതേസമയം ആറാട്ടുപുഴ തീരവാസികൾ ദിവസങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന കടലാക്രമണ ദുരിതത്തിന് ഇന്നലെയും ശമനമില്ല. ശക്തമായ തിരമാലകൾ കരയിലേ അടിച്ചുകയറുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. ആറാട്ടുപുഴ പെരുമ്പള്ളി ഭാഗത്ത് തീരദേശ റോഡിൻറെ അപകടാവസ്ഥ ഏറുകയാണ്. ഇവിടെ ജിയോ ബാഗിൽ മണൽ നിറച്ച് തീരം സംരക്ഷിക്കാനുള്ള നടപടി ആരംഭിച്ചെങ്കിലും  തിരമാല ശക്തമായി കരയിലേക്ക് അടിച്ചുകയറുന്നതിനാൽ മണൽ നിറക്കുന്നതിന് പ്രയാസം നേരിടുന്നു.

രാമഞ്ചേരി ഭാഗത്ത് നിർമ്മിച്ചിട്ടുള്ള പുലിമുട്ടുകൾ ചുറ്റുമുള്ള കര കടലെടുത്തത് മൂലം ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ വൻതോതിൽ ആണ് തീരം കടൽ എടുക്കുന്നത്. ആറാട്ടുപുഴ ബസ്റ്റാൻഡ് മുതൽ വടക്കോട്ട് മംഗലം വരെയുള്ള ഭാഗത്ത് തിരമാല അടിച്ചു കയറുന്നതിന്റെ ദുരിതം  വലുതാണ്. പറമ്പിലേക്ക് വെള്ളം കയറാതിരിക്കാൻ മണൽ ചാക്ക് അടുക്കിവെച്ച് പ്രതിരോധം സൃഷ്ടിക്കുന്നുണ്ടെങ്കിലും ശക്തമായ തിരമാലക്കു മുന്നിൽ അതെല്ലാം നിഷ്ഫലം ആവുകയാണ്. കിഴക്കോട്ടുള്ള റോഡുകൾ വഴിയാണ് ഇരച്ചെത്തുന്ന കടൽവെള്ളം അധികവും കിഴക്കോട്ട് ഒഴുകുന്നത്. തീരത്തുനിന്നും അകലെ താമസിക്കുന്ന വീടുകളെ പോലും ഇത് ഗുരുതരമായി ബാധിച്ചു.

എ. സി. പള്ളി ജങ്ഷൻ, എം.ഇ.എസ്. ജങ്ഷൻ മുതൽ വടക്കോട്ട് കാർത്തിക ജങ്ങ്ഷൻ വരെയുള്ള ഭാഗത്ത് റോഡ് മണ്ണിനടിയിൽ ആയി. റോഡിൽ വീണ മണൽ നാട്ടുകാർ നീക്കം ചെയ്യുന്നത് കൊണ്ടാണ് ഗതാഗതം സാധ്യമാകുന്നത്. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പാനൂരിന്റെ വിവിധ ഭാഗങ്ങളിൽ കടലാക്രമണ ദുരിതം ഏറെയാണ്. കടൽ ഭിത്തിയോട് ചേർന്ന് നിൽക്കുന്ന വീടുകളുടെ ഭിത്തിയിലാണ് തിരമാല പതിക്കുന്നത്. കടൽക്ഷോഭം ദിവസങ്ങളിലും തുടരുകയാണെങ്കിൽ വലിയ നാശത്തിന് അത് വഴിവെക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News