ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന്‍റെ ഹര്‍ജിയില്‍ ഇന്ന് വിധി

നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കണമെന്നുമാണ് നമ്പി നാരായണന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.  

Updated: Sep 14, 2018, 08:21 AM IST
ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന്‍റെ ഹര്‍ജിയില്‍ ഇന്ന് വിധി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. 1994ല്‍ കോളിളക്കം സൃഷ്ടിച്ച ചാരക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് നമ്പി നാരായണന്‍റെ ഹര്‍ജി. 

നഷ്ടപരിഹാരം നല്‍കണമെന്നും കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കണമെന്നുമാണ് നമ്പി നാരായണന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.

അന്വേഷണ ഉദ്യോഗസ്ഥര്‍ ആയ സിബി മാത്യൂസ്, കെകെ ജോഷ്വ, എസ് വിജയന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് സിബിഐ കണ്ടെത്തിയതിനാല്‍ നടപടി വേണമെന്നാണ് ആവശ്യം. നടപടി വേണ്ടെന്ന് 2012 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഡിവിഷന്‍ ബഞ്ച് സര്‍ക്കാര്‍ നടപടി ശരിവയ്ക്കുകായിരുന്നു.

തുടര്‍ന്ന് നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ വിധി. കേസില്‍ വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. 

നമ്പി നാരായണന് 75 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കാമെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. വിധി നമ്പി നാരായണന് അനുകൂലമാവുകയാണെങ്കില്‍ നഷ്ടപരിഹാരം അനുവദിക്കുക, ഉദ്യോഗസ്ഥര്‍ക്ക് എതിരെ അന്വേഷണത്തിന് ഉത്തരവിടുക, അവരില്‍ നിന്ന് തുക ഈടാക്കുക തുടങ്ങിയ സാധ്യതകളാണുള്ളത്.

സ്ത്രീധന പീഡന പരാതികളിൽ അറസ്റ്റിന് മർഗ്ഗനിര്‍ദ്ദേശങ്ങള്‍ ഏർപ്പെടുത്തിയ വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിലെ വിധിയും സുപ്രീംകോടതി ഇന്ന് നടത്തും.

By continuing to use the site, you agree to the use of cookies. You can find out more by clicking this link

Close