തീവ്രഹിന്ദുത്വ നിലപാടുകള്‍ പകര്‍ത്താനാണോ ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം; മോദിയും പിണറായിയും തമ്മിലുള്ളത് ആത്മ ബന്ധമെന്നും കെ.സുധാകരൻ

എല്ലാമേഖലയിലും നമ്പര്‍ വണ്ണെന്ന്  കോടികള്‍ ചെലവാക്കി പരസ്യം നല്‍കുന്ന മുഖ്യമന്ത്രിക്ക് ഗുജറാത്തില്‍ നിന്ന് ഇനിയെന്ത് പഠിക്കാനാണുള്ളതെന്നും സുധാകരന്‍

Written by - Zee Malayalam News Desk | Last Updated : Apr 27, 2022, 05:51 PM IST
  • നരേന്ദ്രമോദിയും പിണറായി വിജയനും തമ്മിലുള്ള ആത്മബന്ധമാണ് ഗുജറാത്ത് മാതൃക
  • ദേശീയതലത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ ധാരണയാണ് ഇതിനെല്ലാം പിന്നിലെന്നും സുധാകരന്‍ പറഞ്ഞു.
തീവ്രഹിന്ദുത്വ നിലപാടുകള്‍ പകര്‍ത്താനാണോ ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം; മോദിയും പിണറായിയും തമ്മിലുള്ളത് ആത്മ ബന്ധമെന്നും കെ.സുധാകരൻ

തിരുവനന്തപുരം: ഗുജറാത്ത് മാതൃക പകര്‍ത്തി കേരളത്തില്‍ നടപ്പാക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണോ ചീഫ് സെക്രട്ടറിയുടെയും സംഘത്തിൻ്റെയും  സന്ദർശനമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സിപിഎം നിയന്ത്രിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഘത്തെ അയക്കുന്നതിന് പിന്നിലെന്തന്ന് വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. കോര്‍പ്പറേറ്റുകളുടെ സമ്പത്തില്‍ വന്‍ വര്‍ധനവുണ്ടാവുകയും സാധാരണക്കാരുടെ ജീവിതനിലവാരം താഴോട്ട് പോവുകയും ചെയ്യുന്നതാണ് ഗുജറാത്ത് മോഡല്‍ വികസനം. 

വൃന്ദാകരാട്ട് ഉള്‍പ്പെടെയുള്ള സിപിഎമ്മിന്‍റെ ദേശീയ നേതൃത്വം തുടര്‍ച്ചയായി വിമര്‍ശിക്കുന്ന ഗുജറാത്ത് മോഡല്‍ വികസനം പഠിക്കാനാണ് മുഖ്യമന്ത്രി തന്‍റെ ഉദ്യോഗസ്ഥരെ അയക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളും ദുരിതങ്ങളും തിരിച്ചറിയാതെ ഒരുവിഭാഗത്തിന്‍റെ മാത്രം താല്‍പ്പര്യം സംരക്ഷിച്ച് ഏകപക്ഷീയ തീരുമാനം അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ഗുജറാത്ത് സര്‍ക്കാരിന്‍റെതെന്നും സുധാകരൻ വിമർശിച്ചു. കെ-റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാരിനും ഗുജറാത്ത് സര്‍ക്കാരിനും ഇക്കാര്യത്തില്‍ സമാനതകള്‍ ഏറെയാണ്. 

എല്ലാമേഖലയിലും നമ്പര്‍ വണ്ണെന്ന്  കോടികള്‍ ചെലവാക്കി പരസ്യം നല്‍കുന്ന മുഖ്യമന്ത്രിക്ക് ഗുജറാത്തില്‍ നിന്ന് ഇനിയെന്ത് പഠിക്കാനാണുള്ളതെന്നും സുധാകരന്‍ പരിഹസിച്ചു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധം ഭരണതലത്തിലേക്കും വ്യാപിക്കുന്നതിന്‍റെ ഭാഗമാണ് സന്ദര്‍ശനം. നരേന്ദ്രമോദിയും പിണറായി വിജയനും തമ്മിലുള്ള ആത്മബന്ധമാണ് ഗുജറാത്ത് മാതൃക പഠിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ച ഘടകം. ദേശീയതലത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ ധാരണയാണ് ഇതിനെല്ലാം പിന്നിലെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് യാത്ര എന്നാണ് വിശദീകരണം. വിഷയത്തില്‍ സാങ്കേതിക പരിജ്ഞാനമുള്ള നിരവധി കമ്പനികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ സഹായം തേടുന്നതിന് പകരമാണ് ഗുജറാത്ത് സന്ദര്‍ശനം മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത്. സര്‍ക്കാരിനെയും ഐടി വകുപ്പിനെയും മറികടന്നാണ് തീരുമാനം - സുധാകരൻ ചൂണ്ടിക്കാട്ടി.

ബിജെപി - സിപിഎം നേതൃത്വത്തിന്‍റെ അറിവോടെയാണ് സന്ദര്‍ശനത്തിന് കളമൊരുക്കിയിരിക്കുന്നത്. കേന്ദ്ര  ഏജന്‍സികളുടെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ പ്രതിക്കൂട്ടിലായ സ്വര്‍ണ്ണക്കടത്ത് കേസ്  ആവിയായിപ്പോയതെങ്ങനെയെന്നുള്ള ഉത്തരം കൂടി നല്‍കുന്നതാണ് സര്‍ക്കാര്‍ പ്രതിനിധികളുടെ സൗഹൃദ സന്ദര്‍ശനം. ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബിജോണിന്‍റെ ഗുജറാത്ത് സന്ദര്‍ശനത്തെ വിവാദമാക്കിയ സിപിഎം സംസ്ഥാന നേതൃത്വം വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്നും സുധാകരന്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News