രക്ഷാദൗത്യം അവസാനഘട്ടത്തില്‍; ഒപ്പം ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി: മുഖ്യമന്ത്രി

പ്രളയക്കെടുതിയില്‍ രാപ്പകല്‍ ഇല്ലാതെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച എല്ലാവര്‍ക്കും നന്ദി സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താസമ്മേളനം. 

Last Updated : Aug 19, 2018, 05:59 PM IST
രക്ഷാദൗത്യം അവസാനഘട്ടത്തില്‍; ഒപ്പം ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ രാപ്പകല്‍ ഇല്ലാതെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച എല്ലാവര്‍ക്കും നന്ദി സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താസമ്മേളനം. 

നാനാത്വത്തില്‍ ഏകത്വം എന്ന രാജ്യത്തിന്‍റെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് സഹോദര സ്നേഹത്തോടെ ദു:ഖത്തില്‍ പങ്കുചേരാന്‍ എത്തിയ എല്ലാവര്‍ക്കും മുഖ്യമന്ത്രി അഭിവാദ്യം അര്‍പ്പിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം: ഹൈലൈറ്റ്സ്

പ്രഥമ പരിഗണന ജീവരക്ഷയ്ക്ക്

സംസ്ഥാനത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രഥമ പരിഗണന നല്‍കിയിരുന്നത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനായിരുന്നു. തുടര്‍ന്നും എവിടെയെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ അകപ്പെട്ടവരെ കണ്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാത്രമല്ല വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുക ലക്ഷ്യം

രക്ഷാദൗത്യം അവസാനഘട്ടത്തിലേക്ക് എത്തുന്ന വേളയില്‍ ദുരിതബാധിതരെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കുക എന്നതാണ് അടുത്തഘട്ടം. രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ ഘട്ടത്തിലേക്കാണ് നമ്മള്‍ എത്തുന്നതെന്നും എല്ലാവരുടേയും സഹായം അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ശുദ്ധജലം ലഭ്യമാക്കും

ദുരിതബാധിത മേഖലകളില്‍ ശുദ്ധജലം ലഭ്യമാക്കുകയാണ് അടുത്തലക്ഷ്യം. പ്രളയത്തില്‍ തകര്‍ന്ന ശുദ്ധജല പൈപ്പുകള്‍ എവിടെയെങ്കിലും പൊട്ടിയിട്ടുണ്ടെങ്കില്‍ അവയെല്ലാം യുദ്ധകാല അടിസ്ഥാനത്തില്‍ പുനസ്ഥാപിക്കും.

ക്യാമ്പുകളില്‍ വനിതാ പൊലീസിനെ നിയമിക്കും

എട്ട് ലക്ഷത്തോളം പേരാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്‌. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ക്യാമ്പുകളില്‍ വനിതാ പൊലീസിന്‍റെ സാന്നിദ്ധ്യം ആവശ്യമാണ്. എല്ലാ ക്യാമ്പുകളിലും ഒരു വനിതാ പൊലീസിനെ നിയോഗിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധി ഭീഷണി

പ്രളയക്കെടുതി വരുത്തിയ നാശനഷ്ടങ്ങളില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നത് ശുചിത്വ പ്രശ്നങ്ങളാണ്. ശരിയായ രീതിയില്‍ അവയെ നേരിട്ടില്ലെങ്കില്‍ പകര്‍ച്ചവ്യാധി ഭീഷണി നേരിടേണ്ടി വരും. ദുരിതബാധിത പ്രദേശങ്ങളെ മാലിന്യമുക്തമാക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യ വിമുക്ത പ്രോട്ടോകോള്‍

പകര്‍ച്ചവ്യാധി ഭീഷണി ഉണ്ടായാല്‍ അവ നേരിടാന്‍ സന്നദ്ധപ്രവര്‍ത്തകരുടെ ആവശ്യം വേണ്ടിവരുമെന്ന് പിണറായി വിജയന്‍ സൂചിപ്പിച്ചു. സന്നദ്ധപ്രവര്‍ത്തകരെ സ്വാഗതം ചെയ്യാനും അദ്ദേഹം മറന്നില്ല. സന്നദ്ധപ്രവര്‍ത്തകര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ നല്‍കും. അവരെ ആരോഗ്യവകുപ്പ് നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാവരും ഒത്തുചേരാന്‍ തയ്യാറാവുകയാണ്‌ വേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. പകര്‍ച്ചവ്യാധി ഭീഷണി നേരിടാന്‍ മാലിന്യ വിമുക്ത പ്രോട്ടോകോള്‍ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗതാഗത സംവിധാനങ്ങള്‍ പുന:സ്ഥാപിക്കും

കാലവര്‍ഷക്കെടുതിയില്‍ ഇതിനോടകം 221 പാലങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അതില്‍ 59 പാലങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. അവയെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍ നിര്‍മ്മിക്കും. ഗതാഗതം പുന:സ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളും തുടരും. 

ദുരിതാശ്വാസ ക്യാമ്പുകളില്‍ മരുന്നുകള്‍ ലഭ്യമാക്കും

ദുരിതാശ്വാസ ക്യാമ്പുകളില്‍ മരുന്നുകള്‍ ലഭ്യമാക്കാന്‍ പല കമ്പനികളും ഇതിനോടകം തന്നെ തയ്യാറായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡയാലിസിസ് തുടങ്ങി പ്രത്യേക അസുഖബാധിതരെ ചികിത്സിക്കാനുള്ള സൗകര്യങ്ങളും നല്‍കും.

Trending News