സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ആധാര്‍ അടിസ്ഥാനമാക്കിയുള്ള പഞ്ചിങ്

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ പഞ്ചിങ് ഇനി ആധാര്‍ നമ്പര്‍ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 5250 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക.

Updated: Oct 13, 2017, 11:09 AM IST
സര്‍ക്കാര്‍ ഓഫീസുകളില്‍ ഇനി ആധാര്‍ അടിസ്ഥാനമാക്കിയുള്ള പഞ്ചിങ്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ പഞ്ചിങ് ഇനി ആധാര്‍ നമ്പര്‍ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. 5250 ജീവനക്കാരുള്ള സെക്രട്ടേറിയറ്റിലാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക.

സര്‍ക്കാര്‍ ഓഫീസുകളില്‍ തുടര്‍ച്ചയായി വൈകിയെത്തുന്നത് അവധിയായി കണക്കാക്കാനും ഔദ്യോഗിക കാര്യങ്ങള്‍ക്ക് വേറെ ഓഫീസുകളില്‍ പോകുന്ന ജീവനക്കാര്‍ക്ക് അവിടെയും ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയുന്ന വിധത്തിലാണ് ഈ പുതിയ സംവിധാനം ഒരുക്കുന്നത്.

ഇപ്പോള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇലക്ട്രോണിക് പഞ്ചിങ് സംവിധാനമാണ് നിലവിലുള്ളത്. ഹാജര്‍ നിരീക്ഷിക്കാന്‍ മാത്രമാണ് ഇതുപയോഗിക്കുന്നത്. 

ആധാര്‍ നമ്പര്‍ അടിസ്ഥാനമാക്കിയുള്ള പഞ്ചിങ് നിലവില്‍ വരുന്നതോടെ സര്‍ക്കാര്‍ ഓഫീസുകളില്‍ കള്ളക്കളി നടക്കില്ല. നിലവിലത്തെ പഞ്ചിങ് സംവിധാനവും ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാര്‍ക്കും തമ്മില്‍ ബന്ധമില്ലാത്തതിനാല്‍ വൈകിയെത്തുന്നതോ നേരത്തെ പോകുന്നതോ ജീവനക്കാരെ ബാധിക്കാറില്ല. അതുകൂടാതെ പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ഹാജര്‍ റജിസ്റ്ററിലും ഒപ്പിടുന്നുണ്ട്. അവധി നിര്‍ണയിക്കുന്നത് ഹാജര്‍ ബുക്കിന്‍റെ അടിസ്ഥാനത്തിലാണ്. മേലുദ്യോഗസ്ഥന്‍റെ കാരുണ്യമുണ്ടെങ്കില്‍ ഒപ്പിടലില്‍ ഇളവും ലഭിക്കും. സ്പാര്‍ക്കുമായി ബന്ധിപ്പിച്ചുള്ള ആധാര്‍ അധിഷ്ഠിത പഞ്ചിങ് വരുന്നതോടെ ഇതെല്ലം നഷ്ടമാകും. 

സംസ്ഥാന ഐടി വകുപ്പ് നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിനോട് ആധാര്‍ പഞ്ചിങ്ങുമായി ബന്ധപ്പെട്ട് വിശദ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ബയോമെട്രിക് പഞ്ചിങ് മെഷീനുകള്‍ കെല്‍ട്രോണ്‍ വഴി വാങ്ങും. 

കേന്ദ്രസര്‍ക്കാരിന്‍റെ ഓഫീസുകളില്‍ എന്‍ഐസി നടപ്പാക്കിയ പഞ്ചിങ് സോഫ്റ്റ്‌വെയര്‍ തന്നെയാകും സംസ്ഥാനത്തും ഉപയോഗിക്കുക. 

ആധാര്‍ നമ്പര്‍ ഡേറ്റാബേസുമായി ബന്ധിപ്പിച്ച് സ്പാര്‍ക്കിനെ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വെയറിലേക്കു മാറ്റുന്ന നടപടി വൈകാതെ ആരംഭിക്കും. ഇതുകൂടാതെ സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും പഞ്ചിങ് നടപ്പാക്കാന്‍ ട്രഷറി വകുപ്പും തീരുമാനിച്ചിട്ടുണ്ട്.

മൂന്നുദിവസം തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വൈകിയെത്തുകയോ, നേരത്തെ പോകുകയോ ചെയ്താല്‍ ഒരു ദിവസത്തെ അവധിയായി രേഖപ്പെടുത്തും. മറ്റ് ഓഫീസുകളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു പോകുന്ന ജീവനക്കാര്‍ക്ക് അവിടെ പഞ്ച് ചെയ്യാനുള്ള  അവസരം കിട്ടുകയും ചെയ്യും.