നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് കുരുക്ക് മുറുകുന്നു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് രണ്ടാമതും ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലെ ആക്ഷേപങ്ങളെ ഖണ്ഡിച്ച് പൊലീസ്. 

Updated: Aug 12, 2017, 01:09 PM IST
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് കുരുക്ക് മുറുകുന്നു

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് രണ്ടാമതും ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലെ ആക്ഷേപങ്ങളെ ഖണ്ഡിച്ച് പൊലീസ്. 

സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വാട്സാപ്പിലൂടെ നൽകിയ വിവരം പരാതിയായി കണക്കാക്കാനാകില്ല എന്നാണ് പൊലിസിന്‍റെ ന്യായീകരണം. ഏപ്രിൽ 22 നാണ് ദിലീപിന്‍റെ പരാതി പൊലീസിന് ലഭിച്ചത്. പൾസർ സുനിക്കു വേണ്ടി വിഷ്ണു ദിലീപിനെ ഫോണിൽ വിളിച്ചത് മാർച്ച് 28നും. അതായത് 20 ദിവസങ്ങൾക്കുശേഷമാണ് ദിലീപ് പൊലീസിൽ പരാതി നൽകിയത്.

അതിന് മുന്‍പേ തന്നെ ദിലീപ് പൊലിസ് നിരീക്ഷണത്തിലായിരുന്നുവെന്ന് വ്യകതമാക്കുന്ന തെളിവുകള്‍ പൊലിസിന്‍റെ പക്കലുണ്ട്. ഇരുപത്തിയാറു ദിവസത്തെ കാലതാമസമാണ് ദിലീപ് പരാതി നല്‍കുന്നതിനായി എടുത്തത്. ഈ കാലതാമസം സംശയകരമാണ് എന്ന നിഗമനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പൊലീസ്. പൊലിസിന് പരാതി നൽകാൻ വൈകിയതിന്‍റെ കാരണം എന്തെന്ന് പരിശോധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. 

ഇക്കാര്യങ്ങളുന്നയിച്ച് വിശദമായ സത്യവാങ്മൂലം കോടതിയിൽ നൽകുമെന്നും പൊലീസ് വ്യക്തമാക്കി. അടുത്ത വെള്ളിയാഴ്ചയാണ് ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. 

ദിലീപ് ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കോടതിയിൽ തന്നെ മറുപടി നൽകുമെന്ന് ലോക്നാഥ് ബെഹ്റ നേരത്തെ പറഞ്ഞിരുന്നു. പൾസർ സുനി കത്തയച്ചതു സംബന്ധിച്ച് ദിലീപ് പരാതി നൽകിയിരുന്നുവെന്ന കാര്യം ഡിജിപി സ്ഥിരീകരിച്ചു. ഇത് എപ്പോഴാണെന്ന കാര്യവും ഇതുമായി ബന്ധപ്പെട്ട് എന്തു നടപടിയാണ് സ്വീകരിച്ചതെന്നതും അന്വേഷണത്തിന്‍റെ ഭാഗമാണ്. ഇക്കാര്യങ്ങളെല്ലാം കോടതിയിൽ വ്യക്തമാക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികരണം നടത്താൻ സാധിക്കില്ല. കോടതിയുടെ പരിഗണനയിലുള്ള കേസാണിത്. കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്നും ഡിജിപി വ്യക്തമാക്കി.