ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുത്ത് കൊച്ചി മെട്രോ; യാത്രക്കാര്‍ക്കായി സര്‍പ്രൈസ് ഗിഫ്റ്റ്

മെട്രോയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ ഔദ്യോഗിക ചടങ്ങുകളൊന്നുമില്ലാതെ ജനകീയ ആഘോഷമാക്കാനാണ് ലക്ഷ്യമെന്ന് കെഎംആര്‍എല്‍ എം.ഡി മുഹമ്മദ് ഹനീഷ് പറഞ്ഞു.

Last Updated : Jun 13, 2018, 03:20 PM IST
ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുത്ത് കൊച്ചി മെട്രോ; യാത്രക്കാര്‍ക്കായി സര്‍പ്രൈസ് ഗിഫ്റ്റ്

കൊച്ചി: ഒന്നാം പിറന്നാള്‍ ദിനത്തില്‍ യാത്രക്കാര്‍ക്ക് സമ്മാനമൊരുക്കി കൊച്ചി മെട്രോ. ഒന്നാം വാര്‍ഷികം ജനങ്ങള്‍ക്കൊപ്പം ആഘോഷിക്കാനാണ് കൊച്ചി മെട്രോയുടെ തീരുമാനം. മെട്രോയുടെ കൊമേഴ്‌സ്യല്‍ സര്‍വീസ് തുടങ്ങിയ ജൂണ്‍ 19ന് എല്ലാവര്‍ക്കും സൗജന്യ യാത്രയാണ് പിറന്നാള്‍ സമ്മാനമായി മെട്രോയുടെ വാഗ്ദാനം.

2017 ജൂണ്‍ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രോ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ യാത്രക്കാരെ കയറ്റിയുള്ള കൊമേഴ്‌സ്യല്‍ സര്‍വീസ് തുടങ്ങിയത് ജൂണ്‍ 19നാണ്. ഒന്നാം പിറന്നാള്‍ പ്രമാണിച്ച്‌ ഇപ്പോഴുള്ള കൊച്ചി വണ്‍ കാര്‍ഡിന് പുറമേ ഒരുമാസത്തെ പാസും ദിവസ പാസും ഏര്‍പ്പെടുത്തുമെന്ന്‍ മെട്രോ അധികൃതര്‍ അറിയിച്ചു. 

മെട്രോയുടെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ ഔദ്യോഗിക ചടങ്ങുകളൊന്നുമില്ലാതെ ജനകീയ ആഘോഷമാക്കാനാണ് ലക്ഷ്യമെന്ന് കെഎംആര്‍എല്‍ എം.ഡി മുഹമ്മദ് ഹനീഷ് പറഞ്ഞു. 17ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പിറന്നാള്‍ കേക്കു മുറിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം ഏറെ പ്രതീക്ഷയോടെ തുടങ്ങിയ കൊച്ചി മെട്രോ ഒന്നാം പിറന്നാളിലേക്ക് എത്തുമ്പോഴും നഷ്ടത്തിലാണ്. രാജ്യത്തെ ഒട്ടുമിക്ക മെട്രോകളുടെ ഒന്നാം വാര്‍ഷിക സമയത്ത് ഇങ്ങനെതന്നെയായിരുന്നതില്‍ കൊച്ചി മെട്രോയ്ക്കും ആശ്വസിക്കാം. എന്നാല്‍, മെട്രോയുടെ നഷ്ടം കുറഞ്ഞുവരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. തുടക്കത്തില്‍ പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം 20000-25000 ആയിരുന്നത് അവസാനമായപ്പോഴേക്കും 35000-40000 ആയി.

Trending News