മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി മാധ്യമ കൂട്ടായ്മ

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മാധ്യമ കൂട്ടായ്മ. ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകന്‍ ശന്തനു ഭൗമിക്കിന്റെ കൊലപാതകം, ആലപ്പുഴയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു നേരേയുണ്ടായ അക്രമം എന്നീ സംഭവങ്ങളില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ നേതൃത്വത്തില്‍ ജന്ദര്‍മന്തറില്‍ പ്രതിഷേധിച്ചു. 

Last Updated : Sep 22, 2017, 12:12 PM IST
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി മാധ്യമ കൂട്ടായ്മ

ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ മാധ്യമ കൂട്ടായ്മ. ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകന്‍ ശന്തനു ഭൗമിക്കിന്റെ കൊലപാതകം, ആലപ്പുഴയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിനു നേരേയുണ്ടായ അക്രമം എന്നീ സംഭവങ്ങളില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ നേതൃത്വത്തില്‍ ജന്ദര്‍മന്തറില്‍ പ്രതിഷേധിച്ചു. 

കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ 26 മാധ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെടുന്ന സാഹചര്യം അരക്ഷിതമായ സാമൂഹികാന്തരീക്ഷത്തിന്റെ തെളിവാണെന്ന് കെ.യു.ഡബ്ലിയു.ജെ അഭിപ്രായപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണ് ആലപ്പുഴയിലെ അക്രമം. ഈ രണ്ടു സംഭവങ്ങളിലും ഇരകളായവര്‍ക്ക് നീതി ഉറപ്പാക്കണം. മാധ്യമപ്രവര്‍ത്തകരുടെ തൊഴില്‍സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം വേണമെന്നും പ്രതിഷേധയോഗം ആവശ്യപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയ്യേറ്റങ്ങളെ അപലപിച്ച് പ്രമേയവും പാസ്സാക്കി.

നോര്‍ത്ത് ഈസ്റ്റ് മീഡിയ ഫോറം, ഇന്ത്യന്‍ വനിതാ പ്രസ് കോര്‍, പ്രസ് അസോസിയേഷന്‍ എന്നീ സംഘടനകളുമായി സഹകരിച്ചായിരുന്നു പ്രതിഷേധം. കെ.യു.ഡബ്ലിയു.ജെ പ്രസിഡന്റ് തോമസ് ഡൊമിനിക്, വൈസ് പ്രസിഡന്റ് മിജി ജോസ്, സെക്രട്ടറി പി.കെ.മണികണ്ഠന്‍, ട്രഷറര്‍ പ്രസൂന്‍.എസ്.കണ്ടത്ത്, മുന്‍ പ്രസിഡന്റ് പ്രശാന്ത് രഘുവംശം, ജോര്‍ജ് കള്ളിവയലില്‍, സാജന്‍ എവുജിന്‍, എ.എസ്.സുരേഷ്‌കുമാര്‍, വനിതാപ്രസ് കോര്‍ നേതാവ് ടി.കെ.രാജലക്ഷ്മി, നോര്‍ത്ത് ഈസ്റ്റ് മീഡിയ ഫോറം നേതാവ് ഉത്പ്പല്‍ ബോര്‍പുജാരി, പ്രസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ശിശിര്‍ സോണി എന്നിവര്‍ സംസാരിച്ചു. ഡല്‍ഹി കേരള ഹൗസിന് മുന്നില്‍ നടന്ന പ്രതിഷേധ കൂട്ടായ്മയില്‍ വിവിധ മലയാള മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പത്ര-ദൃശ്യമാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു. 

Trending News