MG University: എംജി സർവകലാശാലയ്ക്ക് പുരസ്കാരം; ഉന്നതവിദ്യാഭ്യാസ മേഖലയിലെ കേരള മോഡലിനുള്ള അംഗീകാരമെന്ന് മന്ത്രി ആർ. ബിന്ദു

Minister R Bindu: 3.61 ഗ്രേഡോടെയയാണ് എംജി സർവ്വകലാശാല നാക് റാങ്കിങ്ങിൽ ഉൾപ്പെട്ടിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 15, 2024, 09:55 PM IST
  • കോളേജുകളും റാങ്കിങ്ങുകളിൽ അത്യപൂർവ്വ മുന്നേറ്റമുണ്ടാക്കി
  • എൻ ഐ ആർ എഫ് കണക്കിൽ രാജ്യത്തെ ഏറ്റവും മികച്ച 200 കോളേജുകളിൽ 42 കോളേജുകൾ സംസ്ഥാനത്ത് നിന്നാണ്
MG University: എംജി സർവകലാശാലയ്ക്ക് പുരസ്കാരം; ഉന്നതവിദ്യാഭ്യാസ മേഖലയിലെ കേരള മോഡലിനുള്ള അംഗീകാരമെന്ന് മന്ത്രി ആർ. ബിന്ദു

കേരളത്തിൻ്റെ ഉന്നതവിദ്യാഭ്യാസമേഖല സമഗ്രമായ പരിഷ്കാരങ്ങളിലൂടെയും ചിട്ടയായ ആസൂത്രണത്തോടെയുള്ള ഇടപെടലുകളിലൂടെയും ലോകസമക്ഷം മറ്റൊരു കേരള മോഡൽ പണിതുയർത്തുന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ മാതൃകയാണ് എംജി സർവ്വകലാശാല നേടിയ നാക് എ ഡബിൾ പ്ലസ് എന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. കേരള സർവ്വകലാശാലയ്ക്കു പിന്നാലെ രണ്ടാമതൊരു സർവ്വകലാശാലകൂടി കേരളത്തിൽ നിന്ന് ദേശീയ അംഗീകാരത്തിലേക്ക് കുതിക്കുന്നതിനു പിന്നിൽ എൽഡിഎഫ് സർക്കാരിൻ്റെ ഇച്ഛാശക്തിയും മുൻഗണനയുമാണെന്നും മന്ത്രി പറഞ്ഞു.

3.61 ഗ്രേഡോടെയയാണ് എംജി സർവ്വകലാശാല നാക് റാങ്കിങ്ങിൽ ഉൾപ്പെട്ടിരിക്കുന്നത്. കാലിക്കറ്റ്, കുസാറ്റ്, കാലടി എന്നീ സർവ്വകലാശാലകൾ നേടിയ എ പ്ലസും കേരള സർവ്വകലാശാല നേടിയ എ ഡബിൾ പ്ലസും നെഞ്ചേറ്റി ഉന്നതവിദ്യാഭ്യാസ വകുപ്പ് സൃഷ്ടിച്ച മികവിൻ്റെ ജൈത്രയാത്രയിലേക്കാണ് എംജിയും കുതിച്ചുയർന്നെത്തിയിരിക്കുന്നത്.

അടിസ്ഥാനസൗകര്യ വിപുലീകരണത്തിന്റെ മേഖലയിലും അക്കാദമിക് മികവ് വർദ്ധിപ്പിക്കുന്നതിലും ഉൾപ്പെടെ എല്ലാ തലങ്ങളിലും സർക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും എത്രയും കാര്യക്ഷമമായ ഇടപെടലുകളാണ് ഈ വർഷങ്ങളിൽ നടത്തിയിട്ടുള്ളത്. കേരള സർവ്വകലാശാലയിലും എംജി സർവ്വകലാശാലയിലുമെല്ലാം സെൻട്രലൈസ്ഡ് ലാബ് സൗകര്യങ്ങൾ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതായി ഉയർന്നതും, ഏറ്റവും മികച്ച ഫാക്കൽറ്റി സൗകര്യവും മൗലികവും സാമൂഹ്യോന്മുഖവുമായ ഗവേഷണ പ്രവർത്തനങ്ങളും,  മികച്ച ഗുണമേന്മയുള്ള പ്രബന്ധങ്ങളും, ആർജ്ജിച്ച പേറ്റന്റുകളും ഒക്കെ ചേർന്നാണ് കേരളത്തിനായി എംജി സ്വന്തമാക്കിയിരിക്കുന്ന ചരിത്ര പുരസ്കാരം. നേരത്തെ, ടൈംസ് റാങ്കിംഗിൽ അഞ്ഞൂറ് ബാൻഡ് വിഡ്ത്തിൽ ഇടം പിടിക്കാനും എം ജിയ്ക്ക് കഴിഞ്ഞിരുന്നു.

നാക്ക്, എൻ ഐ ആർ എഫ് റാങ്കിങ്ങുകളിലും തുടർച്ചയായ വർഷങ്ങളിൽ വലിയ കുതിപ്പ് നേടിയ കേരളത്തിന് ഈ ഉജ്ജ്വലനേട്ടം ഏറ്റവും അർഹിക്കുന്നതു തന്നെയാണ്. തുടർച്ചയായ രണ്ട് എൽഡിഎഫ് സർക്കാരുകളും മുൻഗണനയും നിക്ഷേപവും അർപ്പിച്ച് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ വിളവാണ് കേരളം കൊയ്തെടുക്കുന്ന ഈ അംഗീകാരങ്ങൾ.

കഴിഞ്ഞ ആറുവർഷം കൊണ്ട് ഭൂരിപക്ഷം സർവ്വകലാശാല  അധ്യാപക തസ്തികകളിലും നിയമനം നടത്താൻ കഴിഞ്ഞത് ഈ ഉയർച്ചക്ക് വഴിതെളിച്ച സുപ്രധാനഘടകമാണ്. അക്രഡിറ്റേഷനിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന മാനദണ്ഡങ്ങളിലെല്ലാം മുന്നേറ്റം നടത്താൻ മികച്ച അക്കാദമിക് നിലവാരമുള്ള അദ്ധ്യാപകർ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്ക് കടന്നുവന്നതും മികച്ച അദ്ധ്യാപകരെ റിക്രൂട്ട് ചെയ്‌തതും കാരണമായി. 

കേരള സർവ്വകലാശാല എ പ്ലസ് പ്ലസും, കാലടി, കുസാറ്റ്, കാലിക്കറ്റ് സർവ്വകലാശാലകൾ എ പ്ലസും നേടിയതിൽ ഈ ഘടകങ്ങൾ വഹിച്ച പങ്ക് സുവ്യക്തമാണ്. കോളേജുകളും റാങ്കിങ്ങുകളിൽ ഇക്കാലയളവിൽ അത്യപൂർവ്വ മുന്നേറ്റമുണ്ടാക്കി. എൻ ഐ ആർ എഫ് കണക്കിൽ രാജ്യത്തെ ഏറ്റവും മികച്ച 200 കോളേജുകളിൽ 42 കോളേജുകൾ സംസ്ഥാനത്തു നിന്നുള്ളതായത് ഈ ഫലമായാണ്. എ ഡബിൾ പ്ലസ് നിറവിലുള്ള 18 കലാലയങ്ങളാണ് നമുക്കുള്ളത്. കൂടാതെ, എ പ്ലസ് നേടിയ 31 കലാലയങ്ങളും എ ഗ്രേഡുള്ള 53 കലാലയങ്ങളും കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ചന്തംചാർത്തിക്കൊണ്ട് തലയെടുപ്പോടുകൂടി നിൽക്കുന്നു.

പുതിയ ബിരുദ സംവിധാനമടക്കം കരിക്കുലം പരിഷ്കരണത്തിൻ്റെയും വിദ്യാർത്ഥികേന്ദ്രിത നടപടികളുടെയും അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ് ഇനി വരുന്ന അക്കാദമിക വർഷത്തിൽ നാം. കേരളത്തെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ലോകാകർഷകത്വമുള്ള ഹബ്ബാക്കി മാറ്റാൻ പോകുന്ന ഇവയടക്കമുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജവും ആവേശവും നൽകും, എം ജി സർവ്വകലാശാല ശിരസ്സിലണിഞ്ഞിരിക്കുന്ന എ ഡബിൾ പ്ലസ് ബഹുമതി - മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News