PK Kunhalikutty: മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Muslim League: ഏഴര പതിറ്റാണ്ട് കാലത്തെ  ലീഗിന്റെ ചരിത്രം രാജ്യത്തോടൊപ്പം സഞ്ചരിച്ച തുറന്ന പുസ്തകമാണ്. മുസ്‌ലിം ലീഗിന്റെ വഴികളിൽ എവിടെയും വർഗീയതയോ വിഭാഗീയതയോ ആർക്കും കണ്ടെത്താൻ കഴിയില്ലെന്നത് അതിന്റെ കർമ ചരിത്രം തെളിയിച്ചതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി.

Written by - Zee Malayalam News Desk | Last Updated : Jun 2, 2023, 01:07 PM IST
  • കോൺഗ്രസുമായി മുസ്‌ലിം ലീഗിനുള്ള ആത്മ ബന്ധം ഇന്ദിരാ ഗാന്ധിയുടെ കാലം മുതലുള്ളതാണ്
  • മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്
  • വളരെ വലിയ ഉത്തരവാദിത്വത്തോടെയാണ് രാഹുൽ ​ഗാന്ധിയുടെ പ്രസ്താവനയെ നോക്കിക്കാണുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു
PK Kunhalikutty: മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ സംഘാടനത്തെ നൂറ് ശതമാനം ശരിയായ വഴിയിലൂടെ കൊണ്ടുപോയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗെന്ന് മുസ്ലിംലീ​ഗ് ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഏഴര പതിറ്റാണ്ട് കാലത്തെ  ലീഗിന്റെ ചരിത്രം രാജ്യത്തോടൊപ്പം സഞ്ചരിച്ച തുറന്ന പുസ്തകമാണ്.

മുസ്‌ലിം ലീഗിന്റെ വഴികളിൽ എവിടെയും വർഗീയതയോ വിഭാഗീയതയോ ആർക്കും കണ്ടെത്താൻ കഴിയില്ലെന്നത് അതിന്റെ കർമ ചരിത്രം തെളിയിച്ചതാണ്. ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് അവസരം മുതലാക്കി കൊള്ളയും കൊലയുമായി ഇറങ്ങി, മുസ്‌ലിം സമൂഹത്തെ വഴി തെറ്റിക്കാൻ പലരും ശ്രമിച്ചപ്പോൾ അതിനെ എതിർത്ത് തോൽപ്പിച്ച് സമൂഹത്തെ ശരിയായ വഴിയിലൂടെ നയിച്ചത് മുസ്‌ലിം ലീഗ് ആണ്.

അതിന്റെ ഗുണ ഫലങ്ങൾ രാജ്യവും സമൂഹവും അനുഭവിച്ചിട്ടുണ്ട്. ഈ വസ്തുത കേരളത്തിലെ ബിജെപിക്കാരെങ്കിലും തുറന്ന് സമ്മതിച്ചിട്ടുണ്ട്. എന്നും മതേതര പക്ഷത്ത് നിന്നുകൊണ്ടുള്ള മുസ്‌ലിം ലീഗിന്റെ പ്രവർത്തനത്തെ എതിരാളികൾക്ക് പോലും അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്. കോൺഗ്രസുമായി മുസ്‌ലിം ലീഗിനുള്ള ആത്മ ബന്ധം ഇന്ദിരാ ഗാന്ധിയുടെ കാലം മുതലുള്ളതാണ്.

മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്. വളരെ വലിയ ഉത്തരവാദിത്വത്തോടെയാണ് രാഹുൽ ​ഗാന്ധിയുടെ പ്രസ്താവനയെ നോക്കിക്കാണുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

വാഷിങ്ടണ്‍ ഡിസിയില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ സംവാദത്തിലാണ് മുസ്‌ലിം ലീ​ഗ് പൂർണമായും മതേതര പാർട്ടിയാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞത്. കേരളത്തില്‍ മുസ്‌ലിം ലീഗുമായുള്ള സഖ്യം ചൂണ്ടിക്കാട്ടിയുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'ഹിന്ദു പാര്‍ട്ടിയായ ബിജെപിയെ എതിര്‍ത്തുകൊണ്ട്‌ മതേതരത്വത്തെക്കുറിച്ച് താങ്കള്‍ സംസാരിച്ചു, താങ്കള്‍ എംപിയായിരുന്ന കേരളത്തില്‍, കോണ്‍ഗ്രസ് മുസ്ലിം പാര്‍ട്ടിയായ മുസ്ലിം ലീഗുമായി സഖ്യത്തിലാണല്ലോ', എന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു രാഹുൽ മറുപടി പറഞ്ഞത്. 'മുസ്ലിം ലീഗ് പൂര്‍ണമായും മതേതരപാര്‍ട്ടിയാണ്. മുസ്ലിം ലീ​ഗിനെ സംബന്ധിച്ച് മതേതരമല്ലാത്ത ഒന്നുമില്ല. ചോദ്യകര്‍ത്താവ് മുസ്ലിം ലീഗിനെക്കുറിച്ച് പഠിച്ചിട്ടില്ലെന്നാണ് തോന്നുന്നത്' എന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ പ്രതികരണം.

അതേസമയം, രാഹുൽ ​ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. വയനാട്ടില്‍ സ്വീകാര്യനായി തുടരേണ്ടത് രാഹുലിന്റെ ആവശ്യമാണെന്നും ഇതിനായാണ് ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ആരോപിച്ചു. മതത്തിന്റെ പേരില്‍ ഇന്ത്യയെ വിഭജിച്ച ജിന്നയുടെ മുസ്ലിം ലീഗ് രാഹുല്‍ ഗാന്ധിക്ക് മതേതര പാര്‍ട്ടിയാണെന്നും അമിത് മാളവ്യ വിമർശിച്ചു.

ബിജെപിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമങ്ങളുടെ ചുമതലയുള്ള സുപ്രിയ ശ്രീനേത് രംഗത്തെത്തി. 'വ്യാജ വാര്‍ത്തകളുടെ കച്ചവടക്കാരായ നിങ്ങള്‍ അതിയായി കഷ്ടപ്പെടുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. എന്നാല്‍, രാഹുല്‍ഗാന്ധിയുടെ യുഎസ് യാത്ര പിന്തുടര്‍ന്ന് കുറച്ചുകൂടി ഉറക്കം നഷ്ടപ്പെടുന്ന ദിവസങ്ങള്‍ക്കായി തയ്യാറെടുത്തു കൊള്ളൂ. നിങ്ങളുടേത് ഒരു സങ്കടകരമായ ജീവിതം തന്നെയാണ്' സുപ്രിയ ശ്രീനേത് ട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News