കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി കേരളത്തില്‍ എത്തി

ആശ്രമം മൈതാനത്ത് അഞ്ച് മണിക്കാണ് ബൈപ്പാസ് ഉദ്ഘാടനം.

Last Updated : Jan 15, 2019, 04:42 PM IST
കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി കേരളത്തില്‍ എത്തി

കൊല്ലം: കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തി. നാല് മണിക്ക് തിരുവനന്തപുരത്തെ വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ നരേന്ദ്ര മോദി ഹെലികോപ്റ്ററില്‍ കൊല്ലത്തെത്തും. 

ആശ്രമം മൈതാനത്ത് അഞ്ച് മണിക്കാണ് ബൈപ്പാസ് ഉദ്ഘാടനം. മേവറം മുതല്‍ കാവനാട് ആല്‍ത്തറമൂട് വരെ 13.14 കിലോമീറ്റര്‍ ദൂരമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കിടയിലാണ് ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി സദാശിവവും ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്കാണ് വേദിയില്‍ ഇരിപ്പിടം ഉള്ളത്. കൊല്ലം എംഎല്‍എ മുകേഷിനൊപ്പം നേമം എംഎല്‍എ ഒ.രാജഗോപാലും വേദിയിലുണ്ടാവും. 

ബിജെപി രാജ്യസഭാ എംപിമാരായ സുരേഷ് ഗോപിയും വി.മുരളീധരനും വേദിയില്‍ ഇടമുണ്ട്. മറ്റ് എംപിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, കെ.സോമപ്രസാദ് എന്നിവരും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പുറമേ മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, ജി സുധാകരന്‍, കെ രാജു എന്നിവരും വേദിയിലുണ്ടാവും. 

ബൈപ്പാസ് കടന്നുപോവുന്ന ഇരവിപുരം, ചവറ നിയമസഭാ മണ്ഡലങ്ങളിലെ എംഎല്‍എമാരായ എം നൗഷാദിനെയും വിജയന്‍ പിള്ളയെയും ചടങ്ങില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

ബൈപ്പാസ് ഉദ്ഘാടനത്തിന് ശേഷം എന്‍ഡിഎ പൊതുയോഗത്തില്‍ മോദി പങ്കെടുക്കും. വൈകിട്ട് അഞ്ചരയ്ക്ക് കൊല്ലം കന്‍റോൺമെന്‍റ് ഗ്രൗണ്ടിലാണ് എൻഡിഎ മഹാസംഗമം. തുടർന്ന് ആശ്രാമം മൈതാനത്തെ ഹെലിപാഡിൽ നിന്ന് ഹെലികോപ്റ്റർ വഴി തിരുവനന്തപുരത്തേക്ക് മോദി തിരിക്കും. 

വൈകിട്ട് ഏഴ് മണിയോടെ തിരിച്ച് തിരുവനന്തപുരത്തെത്തുന്ന മോദി ഏഴേകാലിന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ 'സ്വദേശ് ദർശൻ' പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.

Trending News