Swapna Suresh's Letter: ജോർജിനെ അറിയാത്ത സ്വപ്ന! സ്വപ്നയുടെ കത്ത് പുറത്ത് വിട്ട് ജോർജും- കത്തിന്റെ പൂർണരൂപം വായിക്കാം

Swapna Suresh's Letter: പിസി ജോർജിനെ താൻ കാണുകയോ കത്ത് നൽകുകയോ ചെയ്തിട്ടില്ലെന്നായിരുന്നു സ്വപ്ന പറഞ്ഞത്. എന്നാൽ തൈക്കാട് ഗസ്റ്റ് ഹൌസിൽ വച്ച് കണ്ടു എന്നാണ് ജോർജിന്റെ വാദം. സ്വപ്ന നൽകിയത് എന്ന മട്ടിൽ ഒരു കത്തും പിസി ജോർജ് പുറത്ത് വിട്ടു.

Written by - Zee Malayalam News Desk | Last Updated : Jun 8, 2022, 04:26 PM IST
  • പിസി ജോർജിനെ കണ്ടില്ലെന്ന് പറഞ്ഞ സ്വപ്നയെ ഞെട്ടിച്ചുകൊണ്ടാണ് കത്ത് പുറത്ത് വിട്ടത്
  • മുഖ്യമന്ത്രിയ്ക്കും എം ശിവശങ്കറിനും എതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിൽ ഉന്നയിക്കപ്പെട്ടിരിക്കുന്നത്
  • ഈ കത്ത് ആർക്ക് എഴുതിയതാണ് എന്ന് എവിടേയും പരാമർശിക്കുന്നില്ല
Swapna Suresh's Letter: ജോർജിനെ അറിയാത്ത സ്വപ്ന! സ്വപ്നയുടെ കത്ത് പുറത്ത് വിട്ട് ജോർജും- കത്തിന്റെ പൂർണരൂപം വായിക്കാം
കോട്ടയം: സ്വർണക്കടത്ത് കേസിലും കറൻസി കടത്ത് കേസിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് ഗുരുതര ആരോപണം ഉന്നയിച്ചതിന് പിറകെ ആയിരുന്നു പിസി ജോർജും സരിത എസ് നായരും തമ്മിലുള്ള ടെലിഫോൺ സംഭാഷണം പുറത്ത് വന്നത്. ഇതിന് പിറകെ, പിസി ജോർജിനെ തനിക്ക് വ്യക്തിപരമായി അറിയില്ലെന്നും അദ്ദേഹം കാണാൻ ശ്രമിച്ചിരുന്നു എന്നും സ്വപ്ന പ്രതികരിച്ചു. താൻ എന്തെങ്കിലും എഴുതിക്കൊടുത്തിട്ടുണ്ടെങ്കിൽ  അത് പിസി ജോർജ് പുറത്ത് വിടട്ടേ എന്നും പറഞ്ഞു. എന്നാൽ തൈക്കാട് ഗസ്റ്റ് ഹൌസിൽ വച്ച് സ്വപ്ന തന്നെ കണ്ടിട്ടിണ്ട് എന്നായിരുന്നു പിസി ജോർജിന്റെ പ്രതികരണം. സ്വപ്ന നൽകിയത് എന്ന പേരിൽ ഒരു കത്തും പിസി ജോർജ് വാർത്താ സമ്മേളനത്തിൽ പുറത്ത് വിട്ടു. ആ കത്തിന്റെ പൂർണരൂപം വായിക്കാം... 
 
ഞാൻ സ്വപ്ന സുരേഷ്, വയസ് 39. ജനിച്ചതും വളർന്നതും യുഎഇയിൽ. സ്കൂൾ വിദ്യാഭ്യാസമടക്കം 32 വർഷത്തോളം കഴിഞ്ഞത് മിഡിൽ ഈസ്റ്റിലാണ്. രണ്ട് തവണ വിവാഹിതയായ എനിക്ക് രണ്ട് വിവാഹങ്ങളിലായി രണ്ട് കുട്ടികളും ഉണ്ട്. രണ്ട് ഭർത്താക്കൻമാരും എനിക്കുള്ളതെല്ലാം എടുത്ത് എന്നെ വഴിയാധാരമാക്കി. ഞാനും കുട്ടികളും അക്ഷരാ‍‍ർത്ഥത്തിൽ ദാരിദ്ര്യത്തിലായിരുന്നു
 
ജീവിക്കാൻ വേണ്ടി വിവിധ സ്ഥലങ്ങളിൽ ഞാൻ ജോലി ചെയ്തു. എന്റെ പിതാവിന് ഗുരുതരമായ പക്ഷാഘാതവും കരളിന് അർബുദവും ബാധിച്ചു. അച്ഛനെ സംരക്ഷിക്കേണ്ട ചുമതല എനിക്കായിരുന്നു.  പിന്നീട് ഞാൻ യുഎഇ കോൺസുലേറ്റിൽ കോൺസൽ ജനറലിന്റെ സെക്രട്ടറിയായി ജോലിയിൽ പ്രവേശിച്ചു. കോൺസൽ ജനറലിന്റെ നിർദേശങ്ങൾ പൂർണ്ണായി അനുസരിച്ച് അദ്ദേഹത്തെ സഹായിക്കുകയും നയതന്ത്രജ്ഞരുമായുള്ള ആശയവിനിമയത്തിനുള്ള കോൺടാക്ട് പോയിന്റായി പ്രവർത്തിക്കുകയും മാത്രമായിരുന്നു എന്റെ ഉത്തരവാദിത്തം.
 
 
അങ്ങനെയിരിക്കെ 2016 ഡിസംബറിൽ ബഹു.മുഖ്യമന്ത്രിക്ക് വേണ്ടി ശിവശങ്കർ സർ എന്നെ വിളിച്ചിരുന്നു. മുഖ്യമന്ത്രി ദുബായിലേക്ക് വന്നപ്പോൾ ഒരു പെട്ടി മറന്നുവെന്നും അത് അടിയന്തരമായി ദുബായിൽ എത്തിക്കണമെന്നും ശിവശങ്കർ ആവശ്യപ്പെട്ടു.  അഹമ്മദ് അൽ ദൗഖിയെന്ന യുഎഇ പൗരനായ നയതന്ത്ര ഉദ്യോഗസ്ഥനെ കോൺസൽ ജനറൽ ഈ ചുമതല ഏൽപിച്ചു. ഞാൻ ഈ പാഴ്സൽ കണ്ടിട്ടില്ല. അതിനുള്ളിൽ എന്താണെന്ന് എനിക്ക് അറിയില്ല. ഇതുസംബന്ധിച്ച എല്ലാ നിർദേശങ്ങളും അന്നത്തെ പിആർഒ ആയ സരിത്തിന് ആണ് കോൺസൽ ജനറൽ നൽകിയത്. പാഴ്സലിനുള്ളിൽ കറൻസി ആണെന്ന് സ്കാൻ ചെയ്തപ്പോൾ സരിത്തിന് മനസിലായി. ഇതുമായോ, സ്വ‍ർണക്കടത്തുമായോ എനിക്ക് ഒരു തരത്തിലുമുള്ള ബന്ധവുമില്ല. ഡിപ്ലോമാറ്റുകൾ സ്വർണ കള്ളക്കടത്ത്  നടത്തിയിരുന്നു. ഇത് സുഗമമായി നടത്തിയിരുന്നത് ശിവശങ്കർ സർ ഒരുക്കി നൽകിയ എക്സ് കാറ്റഗറി സുരക്ഷ ഉപയോഗപ്പെടുത്തിയാണ്. 
 
അന്നത്തെ പിആ‍‌ർഒ ആയിരുന്ന സരിത് പറയുന്നത് പ്രകാരം, കോൺസൽ ജനറലിന്റെ പേരിലാണ് കൺസൈൻമെന്റുകൾ വന്നുകൊണ്ടിരുന്നത്. ഒടുവിൽ കസ്റ്റംസ് പിടിച്ചെടുത്ത ബാ​ഗേജ് വന്നത് യുഎഇ പൗരനായ റാഷിദ് ഖാസിമിയുടെ പേരിലായിരുന്നു. നയതന്ത്ര ബാഗേജ് കസ്റ്റംസ് തുറക്കുകയും  തടഞ്ഞുവയ്ക്കുകയും  സ്വകാര്യ വസ്തുക്കൾ റാഷിദിന് നൽകിയ ശേഷം മറ്റുള്ളവ സരിത്തിന്റെ തലയിൽ കെട്ടിവയ്ക്കുകയായിരുന്നു. ഈ സംഭവങ്ങളെക്കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് എന്റെ പേര് പറയാൻ സരിത്തിനെ നി‍ർബന്ധിച്ചു.  തുട‍ന്ന് ശിവശങ്കറിന്റെ ക്ഷണപ്രകാരം എത്തിയ എൻഐഎ എന്നെ അറസ്റ്റ് ചെയ്തു. പിന്നീട് ഒരു തീവ്രവാദിയായി മുദ്രകുത്തി,  യുഎപിഎ ചുമത്തി 16 മാസം എന്നെ ജയിലിലിട്ടു. 2020 ജൂലൈ 9 മുതൽ 2021 നവംബർ 13 വരെ ഞാൻ ജയിലിൽ കിടന്നു .  എന്നാൽ എൻഐഎയ്ക്ക് ഇതുവരെയ്ക്കും ഒരു തെളിവും ലഭിച്ചില്ല. സരിത്തിന്റെ മൊഴികൾ പകർത്തി, അവർക്ക് മുന്നിൽ എന്റെ കുറ്റസമ്മതമായും മൊഴിയായും  അവർ രേഖപ്പെടുത്തി.
 
 
ഒരിക്കൽ ശിവശങ്കർ സാറുമായി ഒരു തർക്കം തന്നെ നടന്നു. അന്ന് സ്വന്തം മൊബൈൽ ഫോണുമായി ശിവശങ്കർ സാറിനെ  ചോദ്യം ചെയ്യൽ മുറിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയും എസ്പി രാഹുലുമായും മറ്റ് ഉദ്യോഗസ്ഥരുമായും അനൗപചാരികമായി സൗഹൃദ സംഭാഷണത്തിൽ ഏ‍ർപ്പെടുകയും ചെയ്തു. അവരുടെ വ്യക്തി താത്പര്യങ്ങൾക്കായി തന്നെ കുടുക്കാനും എൻഐഎയെ കൊണ്ടുവരാനും ഉള്ള നീക്കമാണെന്ന് അതോടെയാണ് ഞാൻ തിരിച്ചറിഞ്ഞത്. കേസിലെ മറ്റ് പ്രതികളുടെ മൊഴികളിൽ നിന്നുള്ള വിവരങ്ങളെടുത്ത് എന്റെ മൊഴിയെന്ന രീതിയിൽ അവർ ടൈപ്പ് ചെയ്തു.   ഒടുവിൽ, ഒരു സ്ഥിരം കുറ്റവാളിയായ സന്ദീപ് നായരെ എൻഐഎ കേസിൽ മാപ്പുസാക്ഷിയാക്കി.‌
 
 ഞാൻ ജയിലിൽ വച്ച് മാനസികമായി പീഡിപ്പിക്കപ്പെട്ടു. മുഖ്യമന്ത്രിയുടേയോ മറ്റ് ഉദ്യോഗസ്ഥരുടേയോ പേര് എവിടേയും പരാമർശിക്കരുത് എന്ന് ഡിഐജി അജയകുമാർ  എന്നോട് ആവശ്യപ്പെട്ടു. മറ്റുള്ളവരെ കുറ്റവിമുക്തരാക്കി എഴുത്ത് എഴുതി പുറത്തുവിടണമെന്ന ഡിഐജി അജയകുമാറിന്റെ നിർദേശം അനുസരിക്കാത്തതിലെ പക മൂലം ജയിലിൽ മറ്റ് ഉദ്യോഗസ്ഥരെകൊണ്ട് മാനസികമായി എന്നെ പീഡിപ്പിച്ചു.  മോശം വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചു. അജയ് കുമാറിന്റെ മാനസിക പീഡനം  മൂലം എനിക്ക് ജയിലിൽ വച്ച് പലതവണ ഗുരുതരമായി അപസ്മാരം ഉണ്ടായി. ജയി‌ലിൽ ആശയവിനിമയത്തിനുള്ള അവകാശം നിഷേധിച്ചു. എനിക്ക് മാനസിക സ്ഥിരതയില്ലെന്ന് വരുത്തിതീർക്കാനായി ഒരു മാനസികാരോഗ്യ വിദഗ്ധന്റെ അടുത്ത് കൊണ്ടുപോകാൻ മറ്റ് ഉദ്യോഗസ്ഥരെ ഡിഐജി നിർബന്ധിച്ചു. അദ്ദേഹത്തെ അനുസരിക്കാത്തത് മൂലം മാത്രമാണ് എന്നോട് ഇത്തരത്തിൽ പെരുമാറിയത്. ഇഡിയുമായോ കസ്റ്റംസുമായോ തുടരന്വേഷണത്തിൽ സഹകരിച്ചാൽ എന്റെ ജീവിതം നശിപ്പിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഡിഐജി ഭീഷണിപ്പെടുത്തി. ഡിഐജി അജയകുമാറിനെ എനിക്ക് ഭയമാണ്. പുറത്തുവന്നതെല്ലാം എന്നെ ജയിലിലാക്കാൻ വേണ്ടി കെട്ടിച്ചമച്ച കഥകളാണ്. 
 
കോൺസൽ ജനറലിന്റെ സെക്രട്ടറി എന്ന നിലയിൽ എന്റെ ജോലിയാണ് ഞാൻ ചെയ്തത്. ഞാൻ നിഷ്കളങ്കയാണ്. എന്നാൽ ഇപ്പോൾ എച്ച്ആർഡിഎസിലെ എന്റെ ജോലി കൂടി നശിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. ഇതിന് പിറകിലുള്ളവർ എന്നെ കൊലപ്പെടുത്തുമെന്ന് ഞാൻ ഭയപ്പെടുന്നു. ജയശങ്കറും ശിവശങ്കറും സരിത്തിന്റെ കുടുംബവും സന്ദീപിന് ഒപ്പം ചേർന്ന് എന്റെ കുടുംബം നശിപ്പിക്കാൻ ശ്രമിക്കുന്നു. എന്റെ കുഞ്ഞുങ്ങളെ വളർത്താൻ എനിക്ക് സഹായവും പിന്തുണയും വേണം. 
 
സന്ദീപ് നായർ ഒരു സ്ഥിരം കുറ്റവാളിയാണ്. അയാൾക്കെതിരെ ക്രിമിനൽ കേസുകളും കസ്റ്റംസ് കേസുകളും ഉണ്ട്. പക്ഷേ എൻഐഎ കേസിൽ അയാൾ ഇപ്പോൾ മാപ്പുസാക്ഷിയാണ്. സന്ദീപ് നായരെ പൂർണമായും സംരക്ഷിക്കുന്ന് ശിവശങ്കറാണ്. എന്നെ തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് മാറ്റുന്നതിന് സന്ദീപിന് എല്ലാ നിർദേശങ്ങളും നൽകിയത് ശിവശങ്കർ ആയിരുന്നു. ശിവശങ്കറും സന്ദീപ് നായരും ജയശങ്കറും (ഭർത്താവ്) ഒരുമിച്ച് ചേർന്ന് സ്വപ്ന സുരേഷിനെ ആക്രമിക്കുകയാണ്.എൻഐഎയ്ക്ക് ഇതുവരെ ഒരു തെളിവും സമാഹരിക്കാനായില്ല. എന്നിട്ടും അവർ നിശബ്ദരായിരിക്കുകയാണ്. അതിനൊപ്പം ശിവശങ്കറിൻെറെയും സംസ്ഥാന സർക്കാരിന്റെയും സഹായത്തോടെ, ഒരു കുറ്റവാളിയായ സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി. ഈ കേസിൽ ഉൾപ്പെട്ട പ്രമുഖരുടെ മുഖം രക്ഷിക്കാനാണ് എൻഐഎയെ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ മുൻകൈ എടുത്തത്. അല്ലെങ്കിൽ എന്തുകൊണ്ടാണ് ശിവശങ്കർ എൻഐഎ കേസിൽ പ്രതിയാകാത്തതും ഇ.ഡി, കസ്റ്റംസ് കേസുകളിൽ പ്രതിയായതും. ഈ കേസിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ ഉണ്ടെന്ന് വ്യക്തമാണ്. എങ്ങനെയാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അറിയാതെ രാജ്യത്തേക്ക് ഇത്രയധികം സ്വർണം എത്തുന്നത്. 
 
തന്റെ അധികാരവും മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉപയോഗിച്ചാണ് ശിവശങ്കർ, കോൺസൽ ജനറലിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുവാദമില്ലാതെ എക്സ് കാറ്റഗറി സുരക്ഷ നൽകിയത്. ഇന്ത്യയിൽ നിയമവിരുദ്ധമായ വസ്തുക്കളെയും സ്ത്രീകളെയും യാത്രകളിൽ കൂടെക്കൂട്ടാൻ കോൺസൽ ജനറലിന് കഴിഞ്ഞത് ഇതുവഴിയാണ്. 
 
കോൺസൽ ജനറൽ പദവി ഒരു കലക്ടർക്ക് തുല്യമോ അതിൽ താഴെയോ മാത്രമാണ്. പക്ഷേ ശിവശങ്കർ ഇടപെട്ട് എല്ലാ സുരക്ഷാസംവിധാനങ്ങളും ​ഗ്രീൻ ചാനൽ സംവിധാനവും ഒരുക്കിനൽകി. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നതിന് കോൺസൽ ജനറലിന് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. നിയവിരുദ്ധ പ്രവർത്തനങ്ങളിൽ എന്തെങ്കിലും പ്രതിസന്ധി ഉണ്ടായപ്പോഴെല്ലാം ഇടപെട്ടത് ശിവശങ്കറാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് ​യുഎഇയിലെ അടിത്തറ ശക്തമാക്കാനായിരുന്നു ഇത്.
 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News