മാർ ജോസഫ് കല്ലറങ്ങാട്ട്... പി സി ജോർജ്... ജോർജ് എം തോമസ്; സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിലെ രാഷ്ട്രീയം; ക്രൈസ്തവരെ മിത്രങ്ങളാക്കാൻ ബിജെപി. ക്രൈസ്തവ ശത്രുക്കളോ സിപിഎം?

പി സി ജോർജിനെ വിമർശിച്ചുള്ള പ്രതികരണങ്ങളുടെ ഘോഷയാത്രയാണ് സമൂഹമാധ്യമങ്ങളിൽ.

Written by - ടിറ്റോ തങ്കച്ചൻ | Last Updated : May 2, 2022, 02:12 PM IST
  • ബിജെപി നിലപാട് വ്യക്തം; പി സി ഇനി മിത്രം
  • സമൂഹമാധ്യമങ്ങളിലെ ചോദ്യങ്ങൾ...ചേരിതിരിവുകൾ..
  • ഇതുവരെ കേസ് എടുക്കുവാൻ പോലീസ് തയ്യാറായിട്ടില്ല
മാർ ജോസഫ് കല്ലറങ്ങാട്ട്... പി സി ജോർജ്... ജോർജ് എം തോമസ്; സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നിലെ രാഷ്ട്രീയം; ക്രൈസ്തവരെ മിത്രങ്ങളാക്കാൻ ബിജെപി. ക്രൈസ്തവ ശത്രുക്കളോ സിപിഎം?

മതവിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയാണ് കേരളത്തിലെ പ്രധാനവാർത്ത. പി സി ജോർജിനെ വിമർശിച്ചുള്ള പ്രതികരണങ്ങളുടെ ഘോഷയാത്രയാണ് സമൂഹമാധ്യമങ്ങളിൽ. വിമർശനം പലപ്പോഴും പരിഹസിച്ചുള്ളവയുമാണ്. ജോർജ് വിവാദ പരാമർശങ്ങൾ നടത്തുന്നത് ഇതാദ്യമല്ല. പലപ്പോഴും ഇത്തരം പ്രസ്താവനകൾ നടത്തിയിട്ടുള്ള പി സി ജോർജ് ഒരു വിവാദ പരാമർശത്തിന്‍റെ പേരിൽ അറസ്റ്റിലാകുന്നത് ഇതാദ്യമാണെന്ന് മാത്രം.

എന്നാൽ പി സി ജോർജിനെ അറസ്റ്റ് ചെയ്ത സർക്കാർ നടപടിയെ പുകഴ്ത്തി മാത്രമല്ല, വിമർശിച്ചും പലരും സമൂഹമാധ്യങ്ങളിലൂടെ രംഗത്ത് വന്നിട്ടുണ്ട്. പല പോസ്റ്റുകളും കമന്റുകളും ഇത്തരത്തിലുള്ളതാണെന്നതും ശ്രദ്ധേയമാണ്. പി സി ജോർജിനെ അറസ്റ്റ് ചെയ്ത സർക്കാർ നടപടി ഒരു വിഭാഗത്തെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണെന്നതാണ് മിക്കവരുടെയും പരാതി. പി സി ജോർജ് പറഞ്ഞതിന്‍റെ ഇരട്ടി മതവിദ്വേഷം പറഞ്ഞവരെ ഒന്നു തൊടാൻ പോലും പിണറായി വിജയന്‍റെ പൊലീസ് തയാറായിട്ടില്ലെന്നതാണ് പ്രധാന വിമർശനം. ഒന്നോ അതിൽ അധികമോ പരാതി തെളിവ് സഹിതം നൽകിയിട്ടും പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ കാട്ടിയ ഉത്സാഹം സർക്കാരില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ബിജെപി നിലപാട് വ്യക്തം; പി സി ഇനി മിത്രം

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇത്തരം വിദ്വേഷപ്രസംഗം നടത്തിയവരുടെ പേരുകൾ ഉൾപ്പെടെ എടുത്തു പറയുന്നുണ്ട്. പി സി പിന്തുണച്ചുള്ള സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ പാർട്ടി നിലപാട് വ്യക്തമാക്കുന്നതാണ്.

 "പി. സി. ജോർജ്ജ് എന്തു പറഞ്ഞു എന്നതിലല്ല കാര്യം ഇരിക്കുന്നത്. പി. സി. ജോർജ്ജിനുമേൽ ചാർത്തപ്പെട്ട അതേ  കുറ്റം ആരോപിക്കപ്പെട്ട തീവ്ര മുസ്ളീം പണ്ഡിതന്മാരോട് സർക്കാർ എന്തു സമീപനം സ്വീകരിച്ചു എന്നതാണ് ഞങ്ങളെ സംബന്ധിച്ചുള്ള തർക്കം. മുജാഹിദ് ബാലുശ്ശേരിയും ഫസൽ ഗഫൂറും വാഴ്ത്തപ്പെടുകയും പി. സി. ക്രൂശിക്കപ്പെടുകയും ചെയ്യുന്നിടത്താണ് ഞങ്ങളുടെ വിയോജിപ്പ്. മതനിരപേക്ഷത വൺ വേ ട്രാഫിക്ക് ആവരുത് ആയിക്കൂട താനും. പാലാ ബിഷപ്പും ജോർജ്ജ് എം തോമസും പി. സി ജോർജ്ജും വേട്ടയാടപ്പെടുമ്പോൾ മുജാഹിദ് ബാലുശ്ശേരിയും ഫസൽ ഗഫൂറും ഓ. അബ്ദുള്ളയും വിശുദ്ധരാക്കപ്പെടുന്നതിലെ  ഇരട്ടത്താപ്പാണ് ഞങ്ങൾ ശരിക്കും ചോദ്യം ചെയ്യുന്നത്. ഇരകളോടൊപ്പം നിൽക്കാനാണ് മറിച്ച് വേട്ടക്കാരെ മഹത്വവൽക്കരിക്കാനല്ല ഞങ്ങൾക്ക് താൽപ്പര്യമെന്നത് പരസ്യനിലപാട്." കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.  പി സിയുടെ അറസ്റ്റിനെ ഏത് രീതിയിലാണ് ബിജെപി കാണുന്നതെന്ന കാര്യം സുരേന്ദ്രന്‍റെ പോസ്റ്റിൽ നിന്ന് തന്നെ വ്യക്തമാണ്. 

പാലാ ബിഷപ്പിന്‍റെ ലൗ ജിഹാദ് പരാമർശത്തിൽ അദ്ദേഹത്തിനെതിരെ സിപിഎം രംഗത്ത് വന്നപ്പോൾ അതിനെ എതിർക്കാൻ മുന്നിട്ടിറങ്ങിയത് ക്രൈസ്തവ വോട്ടുകൾ കാര്യമായി ലഭിക്കാത്ത കേരളത്തിലെ ബിജെപിയാണ്. കോടഞ്ചേരിയിൽ ഡിവൈഎഫ്ഐ നേതാവ് ഒളിച്ചോടി വിവാഹം കഴിച്ചപ്പോൾ അത് ലൗജിഹാദ് ആണെന്ന് ആദ്യം പറഞ്ഞ ജോർജ് എം തോമസിനെ സിപിഎം തള്ളിപറഞ്ഞതും വാർത്തയായിരുന്നു. ഇതെ ജോർജ് എം തോമസിനോട് സ്വീകരിച്ച നിലപാടിലെ വിമർശിക്കുന്ന കെ സുരേന്ദ്രൻ പാലാ ബിഷപ്പിന്‍റെ പേരിനോട് ചേർത്താണ് ജോർജ് എം തോമസിനെ ഉപമിക്കുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. അതിന് അപ്പുറത്ത് സുരേന്ദ്രൻ എഴുതിയിരിക്കുന്നത് പി സി ജോർജിന്‍റെ പേരും...എല്ലാം ക്രൈസ്തവ നാമങ്ങൾ.

സമൂഹമാധ്യമങ്ങളിലെ ചോദ്യങ്ങൾ...ചേരിതിരിവുകൾ..

ക്രൈസ്തവ മതവിശ്വാസത്തെ വലിയ തോതിൽ വൃണപ്പെടുത്തിയ പ്രസംഗം ക്രിസ്മസിന്‍റെ തലേന്ന് നടത്തിയ മുസ്ലീം പണ്ഡിതൻ വാസിം അൽ ഹിക്കിമിക്കെതിരെയും പൊലീസ് നടപടി ഉണ്ടായിട്ടില്ലെന്ന് കാസ പോലെയുള്ള ക്രൈസ്തവ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. 

"നിയമം ഒരു സമുദായത്തിന് വേണ്ടി മാത്രം ഉള്ളതാണോ ???

ക്രിസ്തു പിഴച്ചു പെറ്റവനെന്നും ക്രിസ്മസ് പിഴച്ചു പെറ്റവന്‍റെ ആഘോഷമെന്നും ആഭാസത്തരമെന്നും  ക്രിസ്മസിനെ തലേദിവസം വിളിച്ചുപറഞ്ഞ വാസിം അൽ ഹിക്കിമിക്ക് എതിരെ പരാതി കൊടുത്തിട്ട്  അഞ്ചുമാസം കഴിഞ്ഞിരിക്കുന്നു !

ഇതുവരെ കേസ് എടുക്കുവാൻ പോലീസ് തയ്യാറായിട്ടില്ല !. "

കാസയുടെ ഈ ഫേസ്ബുക്ക് പോസ്റ്റിന് ശേഷം പരാതി നൽകിയതിന്‍റെ വിവരങ്ങളും അവർ ചേർത്തിട്ടുണ്ട്. പി സി ജോർജിനെതിരെയുള്ള നടപടിയിൽ ക്രൈസ്തവർ പ്രതിഷേധം ഉയർത്തണമെന്നാണ് പലരും ഫേസ്ബുക്കിൽ ഉൾപ്പെടെ കുറിക്കുന്നത്. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സർക്കാർ മുസ്ലീം പ്രീണനമാണ് നടത്തുന്നതെന്ന വിമർശനവും അത്തരമൊരു അഭിപ്രായ രൂപീകരണത്തിനുള്ള ശ്രമങ്ങളും സമൂഹമാധ്യമങ്ങളിൽ ശക്തമാണ്. സമീപ കാലത്ത് നടന്ന പല വിവാദങ്ങളിലും സർക്കാർ സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലുള്ള പ്രചാരണം ശക്തമാക്കിയിരിക്കുന്നത്. ഒരു പരിധി വരെ സമൂഹമാധ്യമങ്ങളിൽ ഇതിന് പിന്തുണ ലഭിക്കുന്നുമുണ്ട്.

ക്രൈസ്തവരെ മിത്രങ്ങളാക്കാൻ ബിജെപി

കേരളത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിൽ ക്രൈസ്തവർ നേതൃത്വം നൽകുന്ന പാർട്ടി വരുന്നെന്ന വാർത്ത സജീവമായി നിൽക്കുമ്പോഴാണ് പി സി ജോർജിനെതിരായ പൊലീസ് നടപടിയും. ഇതിനെ പരമാവധി പ്രയോജനപ്പെടുത്തി ക്രൈസ്തവ വോട്ടുകളെ തങ്ങളിലേക്ക് അടുപ്പിക്കാനുള്ള തീവ്രശ്രമവും ബിജെപി നടത്തും. ആർഎസ്എസ് നേതാക്കൾ തന്നെയാണ് ക്രൈസ്തവ നേതൃത്വവുമായി ഇതിനുള്ള ചർച്ചകൾ ഉൾപ്പെടെ നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. നിരന്തരം ക്രൈസ്തവ നേതാക്കളെ കാണാൻ ആർഎസ്എസ് തീരുമാനം എടുത്തിട്ടുണ്ട്. ആർഎസ്എസ് ദേശീയ സമ്പർക്ക് പ്രമുഖ് രാംലാൽ തന്നെ നേരിട്ട് എത്തി സഭാ നേതാക്കളെ കാണുന്നതിൽ നിന്ന് അവരുടെ ഭാഗത്ത് നിന്ന് ക്രൈസ്തവ വോട്ടുകളെ തങ്ങളിലേക്ക് ആകർഷിക്കാൻ  നടത്തുന്ന ശ്രമങ്ങൾ എത്രത്തോളമാണെന്ന കാര്യവും വ്യക്തം.

കോട്ടയം കേന്ദ്രീകരിച്ചുള്ള കേരള കോൺഗ്രസ് പാർട്ടികൾ ഇടതു, വലതു മുന്നണികളിൽ ഉണ്ടെങ്കിലും പാലാ ബിഷപ്പിനെതിരെ കേസെടുത്തപ്പോഴും മുസ്ലീം വിഭാഗത്തിൽ നിന്നുള്ള പലരും ക്രൈസ്തവ വിശ്വാസത്തെ എതിർത്ത് സംസാരിച്ചിട്ടും ഒന്നും പ്രതികരിച്ചിട്ടില്ലെന്ന വിമർശനം ഉയർത്തിക്കൊണ്ടു വരാൻ ബിജെപി പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. തെളിവില്ലെന്ന കാരണത്താൽ മാത്രം ലൗ ജിഹാദില്ലെന്ന് സർക്കാർ പറയരുതെന്ന നിലപാടാണ് കത്തോലിക്ക സഭയിലെ ബിഷപ്പുമാർ മിക്ക സമയത്തും സ്വീകരിച്ചിട്ടുള്ളത്. സഭാ നേതൃത്വം ഉൾപ്പെടുന്ന കേസുകളിലും തർക്കങ്ങളിലും സർക്കാർ സ്വീകരിച്ചിട്ടുള്ള കടുത്ത നിലപാടും പലപ്പോഴും സഭയെ ചൊടുപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷ സർക്കാരുമായി കേരളത്തിലെ സഭാ നേതൃത്വത്തിനുള്ള ഭിന്നിപ്പിനെ പരമാവധി മുതലെടുത്ത് പ്രവർത്തിക്കാനുള്ള ബിജെപി ശ്രമത്തിന് വിജയിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ 2024 ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. അതിന് മുൻപ് മാർപാപ്പ കൂടി ഇന്ത്യയിലെത്തുമ്പോൾ ഇപ്പോഴുള്ള മത-രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിഞ്ഞേക്കാം.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News