പീഡിതപുരുഷന്മാരേ നിങ്ങള്‍ക്ക് ഞങ്ങളുണ്ട്

പുരുഷന്മാർക്ക് അർഹമായ നിയമപരിരക്ഷയും സാന്ത്വനവും നല്കുകയാണ് ഹെൽപ്പ്‍ലൈനിന്‍റെ ലക്ഷ്യം. പരാതികളിൽ പുരുഷന്‍റെ ഭാഗത്ത് ന്യായമുണ്ടെന്ന് തെളിഞ്ഞാൽ മാത്രമാണ് സഹായം കിട്ടുക.  

Last Updated : Jun 23, 2018, 10:23 AM IST
പീഡിതപുരുഷന്മാരേ നിങ്ങള്‍ക്ക് ഞങ്ങളുണ്ട്

തൃശ്ശൂർ: പീഡനമനുഭവിക്കുന്ന പുരുഷന്മാർക്ക് സൗജന്യ നിയമസഹായം നല്കുന്നതിനായി ആഗോള ഹെൽപ്പ്‍ലൈനെത്തി. ഇന്ത്യയിലെ ഒമ്പത് ഭാഷകളിൽ പ്രശ്നങ്ങൾ പങ്കുവെക്കാം. ഹെൽപ്പ്‌ലൈനിലൂടെ നിയമോപദേശവും സാന്ത്വനവും ലഭിക്കും.

കേരളത്തിൽ ഇതിന്‍റെ സഹായത്തിനായി പ്രവർത്തിക്കുന്നത് പുരുഷാവകാശ സംരക്ഷണസമിതിയെന്ന സംഘടനയാണ്. ‘സേവ് ഇന്ത്യൻ ഫാമിലി’ എന്ന കൂട്ടായ്മയാണ് ഹെൽപ്പ്‍ലൈൻ തുടങ്ങിയത്. വിവാഹനിയമങ്ങളുടെ ദുരുപയോഗത്തിന് ഇരയായ പുരുഷന്മാരുടെ കൂട്ടായ്മയാണ് ‘സേവ് ഇന്ത്യൻ ഫാമിലി’.  ഈ കൂട്ടായ്മയുടെ കൂടുതൽ സേവനത്തിനായി രാജ്യവ്യാപകമായി 50-ലേറെ പുരുഷസേവന സന്നദ്ധ സംഘടനകളുമുണ്ട്.

വർഷത്തിൽ എല്ലാ ദിവസവും 24 മണിക്കൂറും സേവനം നല്കുന്നതിനായി ഒമ്പതു മേഖലകളായാണ് തിരിച്ചിരിക്കുന്നത്. ഹെൽപ്പ്‍ലൈനിൽ വിളിച്ച് ഒമ്പത് അമർത്തിയാൽ മലയാളത്തിൽ മറുപടി കിട്ടും. കേരളത്തിൽ ഏഴുപേരാണ് ഹെൽപ്പ്‍ലൈൻ സേവനത്തിനുള്ളത്. ഹെൽപ്പ്‍ലൈൻ തിരക്കിലായാൽ പരാതിയും പ്രശ്നങ്ങളും വോയ്സ് മെയിൽവഴി റെക്കോഡാകുന്ന സംവിധാനവുമുണ്ട്. തിരക്ക് കഴിഞ്ഞാൽ പ്രവർത്തകർ തിരിച്ചുവിളിക്കും.

പുരുഷന്മാർക്ക് എതിരായ നിയമങ്ങളിൽ കുടുങ്ങുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സൗജന്യസേവനമാണ് നല്കുന്നത്. പുരുഷന്മാർക്ക് അർഹമായ നിയമപരിരക്ഷയും സാന്ത്വനവും നല്കുകയാണ് ഹെൽപ്പ്‍ലൈനിന്‍റെ ലക്ഷ്യം. പരാതികളിൽ പുരുഷന്‍റെ ഭാഗത്ത് ന്യായമുണ്ടെന്ന് തെളിഞ്ഞാൽ മാത്രമാണ് സഹായം കിട്ടുക.

ഹെൽപ്പ്‍ലൈനിലേക്ക് ഇതേവരെ ഒന്നരലക്ഷത്തിലധികം പേരുടെ വിളിയെത്തിയെന്നാണ് പ്രവർത്തകർ അവകാശപ്പെടുന്നത്.

Trending News