മുല്ലപ്പെരിയാറിലെ സാഹചര്യം തമിഴ്നാടിനെ ബോധ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് പിണറായി

നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണെന്നും അണക്കെട്ടുകളെല്ലാം തുറന്നിരിക്കുകയാണെന്നും പല വില്ലേജുകളും ഒറ്റപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ഇരുവരേയും ധരിപ്പിച്ചു.

Last Updated : Aug 15, 2018, 07:42 PM IST
മുല്ലപ്പെരിയാറിലെ സാഹചര്യം തമിഴ്നാടിനെ ബോധ്യമാക്കണമെന്ന് പ്രധാനമന്ത്രിയോട് പിണറായി

തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന് ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണില്‍ സംസാരിച്ചു. 

നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണെന്നും അണക്കെട്ടുകളെല്ലാം തുറന്നിരിക്കുകയാണെന്നും പല വില്ലേജുകളും ഒറ്റപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ഇരുവരേയും ധരിപ്പിച്ചു.

ആര്‍മിയുടെയും എന്‍.ഡി.ആര്‍.എഫിന്റെയും ആര്‍മി എഞ്ചിനീയറിംഗ് കോറിന്റെയും കൂടുതല്‍ വിഭാഗങ്ങളെ ഉടനെ കേരളത്തിലേക്ക് അയയ്ക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. 

എന്‍.ഡി.ആര്‍.എഫ് അംഗങ്ങളെ അത്യാവശ്യസ്ഥലങ്ങളില്‍ എത്തിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുളള ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനും സി17 വിമാനങ്ങള്‍ അനുവദിക്കണമെന്നും കൂടുതല്‍ ഡിങ്കി ബോട്ടുകള്‍ വിമാനത്തില്‍ എത്തിക്കണമെന്നും പിണറായി സൂചിപ്പിച്ചു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഡാമിന്റെ പരമാവധി ശേഷിയിലേക്ക് എത്തിയിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ച അദ്ദേഹം, ഇക്കാര്യത്തെക്കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

മുല്ലപ്പെരിയാറിലേക്ക് വന്നുചേരുന്ന വെള്ളത്തിന്റെ അളവ് പുറത്തുവിടുന്ന വെള്ളത്തേക്കാള്‍ അധികമാണ്. അതിനാല്‍ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം കേരളത്തിന്‌ ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നല്‍കി.

Trending News