Cusat: കുസാറ്റിൽ മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു..! ചികിത്സയിലുള്ള 3 പേരുടെ നില അതീവ ​ഗുരുതരം

Kalamassery Cusat Accident:  നിലവില്‍ 44 പേരാണ് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.

Written by - Zee Malayalam News Desk | Last Updated : Nov 25, 2023, 10:57 PM IST
  • 15 പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്.
  • മറ്റു ആശുപത്രികളിലും ചെറിയ പരിക്കുകളോടെ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയിട്ടുണ്ട്.
Cusat: കുസാറ്റിൽ മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു..! ചികിത്സയിലുള്ള 3 പേരുടെ നില അതീവ ​ഗുരുതരം

കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാമ്പസിലെ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്മെന്‍റ് നടത്തിയ ടെക് ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തില്‍ മരിച്ച നാലുപേരില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞു. മരിച്ച മൂന്നുപേരും കുസാറ്റിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ്. സിവില്‍ എന്‍ജിനീയറിങ് രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥിയായ എറണാകുളം കുത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനികളായ നോര്‍ത്ത് പറവൂർ സ്വദേശിനി ആന്‍ റുഫ്ത, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവരാണ് മരിച്ചത്. മരിച്ച മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച ഒരാളെ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചറിയാനായിട്ടില്ല. പുറത്തുനിന്ന് ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തതിനാല്‍ തന്നെ അങ്ങനെ സ്ഥലത്തെത്തിയവരില്‍ ആരെങ്കിലുമാണോ ഇതെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. 

അതേസമയം, പരിക്കേറ്റ് ചികിത്സയിലുള്ള നാലു പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടു പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും രണ്ടു പേര്‍ ആസ്റ്റര്‍ മെഡിസിറ്റിയിലുമാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്.അപകടം നടന്നശേഷം ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നാലുപേരും മരിച്ചിരുന്നു. നിലവില്‍ വിവിധ ആശുപത്രികളിലായി 72 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ 44 പേരാണ് കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. 15 പേര്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുണ്ട്. മറ്റു ആശുപത്രികളിലും ചെറിയ പരിക്കുകളോടെ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതിനാല്‍ തന്നെ പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

ALSO READ: കളമശ്ശേരി കുസാറ്റിൽ ​ഗാനമേളക്കിടെ ​തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർത്ഥികൾ മരിച്ചു

2000ത്തിലേറെ കുട്ടികൾ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം നിഖിത ഗാന്ധിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഗാനമേള നടന്ന ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വിദ്യാർത്ഥികളുടെ വലിയ തിരക്കുണ്ടായിരുന്നു. പെട്ടെന്ന് മഴ പെയ്തപ്പോൾ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവർ തിക്കി തിരക്കി കയറി. ഇതോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികൾക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ഒരാൾ മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ആശുപത്രിയിലെത്തിയ ഉടനെ മരണമടഞ്ഞു. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

 

Trending News