മാറാരോഗികളായി എംഎല്‍എമാര്‍! ചികിത്സാ ചെലവിനത്തില്‍ കൈപ്പറ്റുന്നത് ലക്ഷങ്ങള്‍

ചികിത്സയ്ക്കും വീട് മോഡി പിടിപ്പിക്കുന്നതിനുമായി എംഎല്‍എമാര്‍ കൈപ്പറ്റുന്നത് ലക്ഷങ്ങളെന്ന്‍ വിവരാവകാശ റിപ്പോര്‍ട്ട്‌‍. 

Last Updated : Mar 16, 2018, 04:06 PM IST
മാറാരോഗികളായി എംഎല്‍എമാര്‍! ചികിത്സാ ചെലവിനത്തില്‍ കൈപ്പറ്റുന്നത് ലക്ഷങ്ങള്‍

തിരുവനന്തപുരം: ചികിത്സയ്ക്കും വീട് മോഡി പിടിപ്പിക്കുന്നതിനുമായി എംഎല്‍എമാര്‍ കൈപ്പറ്റുന്നത് ലക്ഷങ്ങളെന്ന്‍ വിവരാവകാശ റിപ്പോര്‍ട്ട്‌‍. 

മെഡിക്കല്‍ റീ-ഇമ്പേഴ്സ്മെന്റായാണ് കൂടുതല്‍ പണം മന്ത്രിമാരും എംഎല്‍എമാരും കൈപ്പറ്റുന്നതെന്നും രേഖകള്‍ സൂചിപ്പിക്കുന്നു. തുക കൈപ്പറ്റുന്നതില്‍ പ്രതിപക്ഷ എംഎല്‍എമാരും ഒട്ടും പിന്നിലല്ല എന്നതാണ് ഏറെ രസകരം. 

രണ്ട് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയത് പത്ത് എംഎല്‍എമാരാണെന്ന് വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമാണ്. 2016-17 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ രൂപ ചികിത്സാ ചെലവിനത്തില്‍ കൈപ്പറ്റിയത് വട്ടിയൂര്‍ക്കാവ് എംഎല്‍എ കെ. മുരളീധരനാണ്. സ്വന്തം ചികിത്സയ്ക്കും ഭാര്യ, മകന്‍ എന്നിവരുടെ ചികിത്സയ്ക്കുമായി മുരളീധരന്‍ കൈപ്പറ്റിയത് പത്തുലക്ഷത്തോളം രൂപ!

പി. ടി തോമസ്‌ എംഎല്‍എയാണ് രണ്ടാമത്തെ പ്രധാന രോഗി. 9,36,998 രൂപയാണ് ആരോഗ്യ പരിപാലനത്തിനായി അദ്ദേഹം ചെലവഴിച്ചത്‌.

അതേസമയം മന്ത്രിമാരില്‍ പ്രധാന ആരോഗ്യപ്രശ്നം നേരിടുന്നത് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. ചികിത്സയ്ക്കായി അദ്ദേഹം കൈപ്പറ്റിയത് 4,82,367 രൂപയാണ്. തുക കൈപ്പറ്റുന്നതില്‍ രണ്ടാം സ്ഥാനത്തുള്ളത് ആരോഗ്യമന്ത്രിയാണെന്നതാണ് ഏറെ അതിശയം. 3,81,876 രൂപയാണ് ആരോഗ്യമന്ത്രി കെ. കെ ശൈലജ ചികിത്സയുടെ പേരില്‍ ചെലവഴിച്ചത്‌. ഏറ്റവും കുറച്ച് തുക കൈപ്പറ്റിയത് മന്ത്രി എ. കെ ശശീന്ദ്രനാണ്. 10,145 രൂപ മാത്രമാണ് ശശീന്ദ്രന്‍ കൈപ്പറ്റിയത്.

എന്നാല്‍ 'ആരോഗ്യമുള്ള മുഖ്യമന്ത്രി' തന്‍റെ ഔദ്യോഗിക ഭവനത്തില്‍ കര്‍ട്ടന്‍ ഇട്ടതിന്‍റെ പേരിലാണ് രണ്ട് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയതെന്നും വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

Trending News