TMC In Kerala | കേരളത്തിലും ചുവടുറപ്പിക്കാൻ മമത ബാനർജി; ദേശീയ നീക്കങ്ങളുടെ ഭാഗം, പ്രമുഖർ എത്തിയേക്കും, ഭയം കോൺ​ഗ്രസിന്

മേഘാലയയിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു എന്ന വാർത്തകൾക്ക് പിറകെയാണ്, മമതയുടെ കേരളത്തിലെ നീക്കങ്ങളെ കുറിച്ചുള്ള സൂചനകളും പുറത്ത് വരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 25, 2021, 04:44 PM IST
  • ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം എന്ന ആശയം കോൺഗ്രസും തത്വത്തിൽ അംഗീകരിച്ചിട്ടുള്ളതാണ്.
  • പാർലമെന്റിൽ തൃണമൂലിനൊപ്പം ഇത് സാധ്യമാക്കുകയും ചെയ്തിരുന്നു.
  • എന്നാൽ അടുത്തിടെയായി തൃണമൂൽ കോൺഗ്രസിൽ നിന്ന് കോൺഗ്രസിന് ലഭിച്ചുകൊണ്ടിരിക്കുന്നത് അപ്രതീക്ഷിത തിരിച്ചടികൾ ആണ്.
  • മേഘാലയയിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു എന്ന വാർത്തകൾക്ക് പിറകെയാണ്
TMC In Kerala | കേരളത്തിലും ചുവടുറപ്പിക്കാൻ മമത ബാനർജി; ദേശീയ നീക്കങ്ങളുടെ ഭാഗം, പ്രമുഖർ എത്തിയേക്കും, ഭയം കോൺ​ഗ്രസിന്

കോഴിക്കോട്: ദേശീയ രാഷ്ട്രീയത്തിൽ ബിജെപിയ്ക്ക് ബദൽ ആവുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് മമത ബാനർജിയുടേയും തൃണമൂൽ കോൺഗ്രസിന്റേയും (Trinamool Congress) നീക്കങ്ങൾ. ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം എന്ന ആശയം കോൺഗ്രസും തത്വത്തിൽ അംഗീകരിച്ചിട്ടുള്ളതാണ്. പാർലമെന്റിൽ തൃണമൂലിനൊപ്പം ഇത് സാധ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്തിടെയായി തൃണമൂൽ കോൺഗ്രസിൽ നിന്ന് കോൺഗ്രസിന് ലഭിച്ചുകൊണ്ടിരിക്കുന്നത് അപ്രതീക്ഷിത തിരിച്ചടികൾ ആണ്.

മേഘാലയയിൽ മുൻ മുഖ്യമന്ത്രി ഉൾപ്പെടെ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു എന്ന വാർത്തകൾക്ക് പിറകെയാണ്, മമതയുടെ കേരളത്തിലെ നീക്കങ്ങളെ കുറിച്ചുള്ള സൂചനകളും പുറത്ത് വരുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തി പ്രകടിപ്പിക്കുന്നതിന് പുറമേ, കേരളവും മമതയുടെ പട്ടികയിൽ ഉണ്ടെന്നാണ് സൂചനകൾ. 

ALSO READ : എല്ലാവരോടും കളിക്കുന്ന പോലെ മമതയോട് കളിക്കരുത്; താക്കീതുമായി ശത്രുഘന്‍ സിന്‍ഹ

കേരളത്തിൽ തൃണമൂൽ കോൺഗ്രസിന് സംസ്ഥാന സമിതിയും നേതാക്കളും ഉണ്ടെങ്കിലും, സാന്നിധ്യം അറിയിക്കാൻ തക്കവണ്ണമുള്ള പ്രവർത്തനങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. മമത ബാനർജിയെ ദേശീയ നേതാവായി ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങളുടെ ഭാഗമായി, കേരളത്തിലും തൃണമൂൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് ശക്തരായ ചിലർ ഉടൻ എത്തുമെന്നാണ് ലഭിക്കുന്ന വിവരം.

'ദീദിയെ വിളിക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യം ഉയർത്തിയായിരിക്കും കേരളത്തിൽ തൃണമൂലിനെ ശക്തിപ്പെടുത്താനുള്ള നീക്കം. കേരള പ്രദേശ് തൃണമൂൽ കോൺഗ്രസ് കമ്മിറ്റിയ്ക്ക് എല്ലാ ജില്ലകളിലും ഘടകങ്ങൾ രൂപീകരിക്കാനും ധാരണയായിട്ടുണ്ട് എന്നാണ് വിവരം. അടിത്തട്ട് മുതൽ അംഗത്വ കാമ്പയിനും നടത്തും.

ALSO READ : രാജീവ് കുമാറിനെതിരെ നടപടിക്ക് തിടുക്കം, ബി.ജെ.പിയിലെത്തിയ തൃണമൂല്‍ എം.എല്‍.മാര്‍ സുരക്ഷിതര്‍!!

കേരളത്തിൽ, കോൺഗ്രസിലെ അതൃപ്തരിൽ പലരും തൃണമൂൽ കോൺഗ്രസ്സുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോൺഗ്രസ് പുന:സംഘടനയിൽ ഒഴിവാക്കപ്പെട്ടവരും കാലങ്ങളായി അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരും ആയ നേതാക്കളെ സ്വാഗതം ചെയ്യാൻ തൃണമൂൽ കോൺഗ്രസ് സന്നദ്ധമാണെന്ന സൂചനകളും ലഭിക്കുന്നുണ്ട്. കേരളത്തിലെ മുസ്ലീം പൊതുസമൂഹത്തിൽ നിന്നും തൃണമൂൽ കോൺഗ്രസ് വലിയ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്.  

തൃണമൂൽ കോൺഗ്രസ് ദേശീയ തലത്തിൽ നടത്തുന്ന നീക്കങ്ങൾ ഏറെ അലോസരപ്പെടുത്തുന്നത് കോൺഗ്രസിനെ ആണ്. മേഘാലയത്തിൽ കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും കൂടിയായ മുകുൽ സാങ്മയുടെ നേതൃത്വത്തിലാണ് 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരിക്കുന്നത്. ഇതോടെ മേഘാലയ നിയമസഭയിൽ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം ആറായി ചുരുങ്ങും. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷ പാർട്ടിയായി തൃണമൂൽ കോൺഗ്രസ് മാറുകയും ചെയ്യും.

ALSO READ : ഇത് ധാര്‍മിക വിജയം, ഭാവി പരിപാടികള്‍ കൂടിയാലോചനയ്ക്ക് ശേഷം: മമത

സുഷ്മിത ദേവ്,  ലൂസീഞ്ഞോ ഫലെയ്‌റോ, മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദ്, അശോക് തൻവർ തുടങ്ങിയ കോൺഗ്രസ് നേതാക്കളും തൃണമൂലിൽ ചേർന്നിട്ടുണ്ട്. ഇതിൽ അശോക് തൻവർ 2019 ൽ കോൺഗ്രസിൽ നിന്ന് രാജിവച്ച ആളാണ്. തങ്ങളുടെ നേതാക്കളെ തൃണമൂൽ അടർത്തിയെടുക്കുന്നു എന്നതാണ് കോൺഗ്രസിനെ ഏറെ ചൊടിപ്പിക്കുന്നത്. പാർലമെന്റിൽ ബിജെപി വിരുദ്ധ നീക്കങ്ങളിൽ ഒരുമിച്ച് നിൽക്കുമ്പോൾ തന്നെ തൃണമൂൽ ഇത്തരത്തിൽ കോൺഗ്രസിനെ തളർത്തുന്നതിൽ ആശങ്കയും ഉണ്ട്. കോൺഗ്രസ് ശക്തമായിരുന്ന ഗോവയിലും ഇത്തവണ തൃണമൂൽ വൻ മുന്നേറ്റം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലിയാണ്ടർ പേസ് ഉൾപ്പെടെയുള്ള സെലിബ്രിറ്റികളെ പാർട്ടിയിലേക്ക് കൊണ്ടുവരാനും മമത ബാനർജിയ്ക്ക് ഗോവയിൽ സാധിച്ചു.

കോൺഗ്രസിലേക്കെത്തും എന്ന പ്രതീക്ഷിക്കപ്പെട്ടിരുന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെയാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ തന്നെ സംശയത്തോടെ വീക്ഷിക്കുന്നത്. നേതാക്കളെ അടർത്തിയെടുക്കുന്ന തന്ത്രത്തിന് പിന്നിൽ പ്രശാന്ത് കിഷോർ ആണെന്ന സംശയവും കോൺഗ്രസ് നേതൃത്വത്തിനുണ്ട്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തൃണമൂൽ കോൺഗ്രസിന് വേരോട്ടം സൃഷ്ടിക്കാനും മമത ബാനർജിയെ ദേശീയ നേതാവായി അവതരിപ്പിക്കാനും ഉള്ള പദ്ധതിയ്ക്ക് പിന്നിലും പ്രശാന്ത് കിഷോർ ആണെന്നാണ് കരുതപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News