രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ ബഹളം

രാഹുൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യസഭയിലും ലോകസ്ഭയിലും ബിജെപിയുടെ പ്രതിഷേധം.  

Last Updated : Dec 14, 2018, 12:59 PM IST
രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ ബഹളം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ ബഹളം. റാഫേൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്ന സുപ്രീംകോടതി വിധി വന്നതിന് ശേഷമാണ് പാര്‍ലമെന്‍റില്‍ ഭരണപക്ഷത്തിന്‍റെ ബഹളം. 

രാഹുൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യസഭയിലും ലോകസ്ഭയിലും ബിജെപിയുടെ പ്രതിഷേധം. ഇരുസഭകളും നിർത്തിവച്ചു. അതേസമയം,റാഫേലില്‍ ജെപിസി അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് കോണ്‍ഗ്രസും നില്‍ക്കുകയാണ്. എന്നാല്‍ റാഫേല്‍ വിധിയോട് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചില്ല.

റാഫേൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ അന്വേഷണം വേണ്ടെന്നാണ് സുപ്രീം കോടതിയുടെ വിധി. റാഫേൽ ജെറ്റ് വിമാനത്തിന്‍റെ കാര്യക്ഷമതയിൽ സംശയമില്ലെന്ന് സുപ്രീം കോടതി കണ്ടെത്തി. വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനമെടുത്ത നടപടിക്രമങ്ങളിൽ ക്രമക്കേടില്ല. അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ല. അതുകൊണ്ട് വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീം കോടതി തീരുമാനിച്ചു. 

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി.അഭിഭാഷകരായ എംഎൽ ശർമ്മ, വിനീത ധൻഡെ, പ്രശാന്ത് ഭൂഷൺ, മുൻ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന അരുൺ ഷൂരി, യശ്വന്ത് സിൻഹ, ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ് എന്നിവരാണ് റാഫേൽ ഇടപാടിൽ അന്വഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. 

ഫ്രഞ്ച് കമ്പനിയായ ഡാസോയിൽ നിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിലും ഓഫ്സൈറ്റ് പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസിനെ ഉൾപ്പെടുത്തിയതിലും അഴിമതിയുണ്ടെന്നായിരുന്നു ആരോപണം.

എന്നാൽ റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നതിനായി വിമാനനിർമാതാക്കളായ ദസോൾട്ട് ഇന്ത്യൻ പങ്കാളികളെ തീരുമാനിച്ചതിൽ ഒരു തെറ്റും കണ്ടെത്താനായില്ലെന്ന് കോടതി പറഞ്ഞു. 

കരാറിന്‍റെ നടപടിക്രമങ്ങളിലും റാഫേൽ യുദ്ധവിമാനങ്ങളുടെ വിലയിലും സർക്കാർ തീരുമാനമെടുത്ത രീതിയിലും ക്രമക്കേടുകളില്ലെന്ന് കോടതി കണ്ടെത്തി. സർക്കാർ എടുക്കുന്ന തന്ത്രപ്രധാനമായ തീരുമാനങ്ങളിൽ ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വിധിന്യായത്തിൽ വ്യക്തമാക്കി.

Trending News