സംരംഭകത്തേരിലേറി കൂടുതൽ വനിതകൾ; എൻഎഎംകെ മാതൃകയാകുന്നു

മലപ്പുറത്തിന്‍റെ സമഗ്ര വികസനത്തിനായി വ്യവസായിയായ എൻ. എ. മുഹമ്മദ് കുട്ടി ആരംഭിച്ച സ്ഥാപനമാണ് എൻഎഎംകെ ഫൗണ്ടേഷൻ.

Last Updated : Sep 26, 2018, 03:06 PM IST
സംരംഭകത്തേരിലേറി കൂടുതൽ വനിതകൾ; എൻഎഎംകെ മാതൃകയാകുന്നു

മലപ്പുറം: സംരംഭകത്വ മേഖലയില്‍ വനിതകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാൻ എൻഎഎംകെ ഫൗണ്ടേഷൻ നടത്തിയ ശ്രമങ്ങൾ ഫലം കാണുന്നു. വസ്ത്ര, ബേക്കറി ഉൽപ്പന്ന നിർമ്മാണ മേഖലകളിൽ പരീശീലനം നേടിയ ഇരുപതോളം വീട്ടമ്മമാരായ വനിതകൾ പുതിയ സംരംഭങ്ങൾ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജില്ലയിൽ ആരംഭിച്ചു കഴിഞ്ഞു.

ഈ സംരംഭങ്ങളിലൂടെ നൂറോളം പേർക്കാണ് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ അവസരങ്ങൾ ലഭിച്ചിരിക്കുന്നത്. മലപ്പുറത്തിന്‍റെ സമഗ്ര വികസനത്തിനായി വ്യവസായിയായ എൻ. എ. മുഹമ്മദ് കുട്ടി ആരംഭിച്ച സ്ഥാപനമാണ് എൻഎഎംകെ ഫൗണ്ടേഷൻ. വിദ്യാഭ്യാസം, ആരോഗ്യം, കായികം തുടങ്ങിയ മേഖലകളിൽ ഫൗണ്ടേഷൻ നിരവധി പദ്ധതികൾ ജില്ലയിൽ നടപ്പിലാക്കി വരുന്നു.

കാടാമ്പുഴയിൽ നാല് വനിതകൾ ചേർന്ന് 35,000 രൂപ മുതൽമുടക്കിൽ ആരംഭിച്ച തയ്യൽ കടയാണ് എൻഎഎംകെ ഫൗണ്ടേഷനിലൂടെ ചിറക് വിരിച്ച പുതിയ സംരംഭം. മാറാക്കര പഞ്ചായത്തിലെ വീട്ടമ്മമാരായ വിദ്യ ടി.കെ., നുസൈബ കെ.പി., സുനില ഇ.കെ., പ്രിയ വി.പി. എന്നിവരുടെ പ്രഥമ വ്യവസായ സംരംഭമാണ് വിബി ഫാഷൻ. മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് എ. പി. മൊയ്തീൻ കുട്ടി മാസ്റ്റർ വിബി ഫാഷൻ തിങ്കളാഴ്ച്ച ഉദ്‌ഘാടനം ചെയ്തു.   

സ്കൂൾ/കോളേജ് വിദ്യാര്‍ത്ഥികൾക്കുള്ള യൂണിഫോമുകൾ, നയറ്റി, ചുരിദാർ, കുട്ടികൾക്കുള്ള തുണിത്തരങ്ങൾ എന്നിവ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് സ്ത്രീ കൂട്ടായ്മ്മ പറഞ്ഞു. നിമിഷങ്ങൾക്കകം തയ്ച്ചുകൊടുക്കുന്ന എക്സ്പ്രസ്സ് സർവീസ് സേവനം കാടാമ്പുഴ ക്ഷേത്ര റോഡിൽ പ്രവർത്തിക്കുന്ന വിബി ഫാഷന്‍റെ പ്രത്യേകതയാണ്. വീട്ടമ്മയിൽ നിന്നും ബിസിനസിലേക്ക് 

"ഒഴിവു സമയം ഫലപ്രദമായി വിനിയോഗിക്കാനാണ് എൻഎഎംകെ ഫൗണ്ടേഷനും വിദ്യാഭാരതി ഗ്രൂപ്പും സംയുക്തമായി നടത്തുന്ന സൗജന്യ സ്വയംതൊഴിൽ പരിപാടിയിൽ ചേർന്നത്. മികച്ച രീതിയിൽ പരീശീലനം ലഭിച്ചപ്പോൾ എന്ത് കൊണ്ടൊരു സംരംഭം തുടങ്ങിക്കൂടാ എന്ന് ചിന്തിച്ചു. അതിനു പ്രോത്സാഹനം തന്നതും കൃത്യമായി വഴികാട്ടിയായതും എൻ. എ. മുഹമ്മദ് കുട്ടിയും അദ്ധ്യാപകരുമാണ്," വിബി ഫാഷന്‍റെ അണിയറയിൽ പ്രവർത്തിക്കുന്ന സ്ത്രീ കൂട്ടായ്മ്മ ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. 

"നാടിന്‍റെ പുരോഗതിക്ക് ചെറുകിട വ്യവസായ സംരംഭങ്ങൾ അത്യാവശ്യഘടകമാണ്. വനിതകൾ വീടുകളിൽ ഒരേ സമയം പല ജോലികൾ ചെയ്യുന്നവരാണ്. അവരുടെ ടൈം മാനേജ്മെന്റ് മികച്ചതാണ്. അവർക്ക്  അനുയോജ്യമായത് ചെറുകിട വ്യവസായ സംരംഭങ്ങളാണ്. വീട്ടമ്മമാരുടെ  ഒഴിവു സമയം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താനും നാടിന് ഗുണകരമായ പദ്ധതികൾ  പ്രോത്സാഹിപ്പിക്കാനുമാണ് തൊഴിലധിഷ്ഠിത പരിശീലന പരിപാടികൾ ആരംഭിച്ചത്. അത് ഫലം കാണുന്നതിൽ സന്തോഷമുണ്ട്," എൻ. എ. മുഹമ്മദ് കുട്ടി പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി. പി. ബഷീർ, മുൻ പഞ്ചായത്ത് പ്രസിഡന്‍റും കോൺഗ്രസ് ജില്ല സെക്രട്ടറിയുമായ വി. മധുസൂദനൻ, സാമൂഹിക പ്രവർത്തകൻ കാടാമ്പുഴ പ്രഭാകരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കാടാമ്പുഴ യൂണിറ്റ് സെക്രട്ടറി കെ.പി. ജമാലുദ്ധീൻ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 

മൂന്ന് മാസത്തെ സൗജന്യ തൊഴിൽ പരിശീലനമാണ് എൻഎഎംകെ ഫൗണ്ടേഷനും വിദ്യാഭാരതി ഗ്രൂപ്പും നൽകുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 മണി വരെ ഫൗണ്ടേഷന്‍റെ പുത്തനത്താണി, കോട്ടക്കൽ ശാഖകളിലാണ് പരീശീലനം. അഞ്ചൂറോളം വനിതകളാണ് എൻഎഎംകെ ഫൗണ്ടേഷനും വിദ്യാഭാരതി ഗ്രൂപ്പും ചേർന്ന് നടത്തുന്ന സ്വയംതൊഴിൽ പദ്ധതിയിലൂടെ ഇതു വരെ പരീശീലനം നേടിയത്. 

Trending News