Pranthan Kuryachan: 'പ്രാന്തന്‍ കുര്യച്ചന്‍'... ഭീഷ്മപര്‍വത്തില്‍ 2, പ്രതി പൂവന്‍കോഴിയില്‍ 1! ആരാണ് ശരിക്കും ഈ പ്രാന്തന്‍ കുര്യച്ചന്‍

Pranthan Kuryachan: ആരാണ് ഈ പ്രാന്തന്‍ കുര്യച്ചന്‍ എന്ന ചോദ്യം ഭീഷ്മ പർവത്തിന്റെ ട്രെയ്‌ലര്‍ ഇറങ്ങിയ കാലം മുതലേ ചര്‍ച്ചയായിരുന്നു. കൊച്ചിക്കാര്‍ക്ക് അതിന് കൃത്യമായ ഉത്തരവും ഉണ്ടായിരുന്നു. ഇപ്പോള്‍ മറ്റൊരു സിനിമയിലെ പ്രാന്തന്‍ കുര്യച്ചന്‍ റെഫറന്‍സിനെ കുറിച്ചാണ് ചര്‍ച്ചകള്‍

Written by - Zee Malayalam News Desk | Last Updated : Jun 17, 2022, 01:53 PM IST
  • പ്രാന്തൻ കുര്യച്ചൻ എന്ന പേര്, ചുരുങ്ങിയത് കൊച്ചിക്കാർക്കെങ്കിലും സുപരിചിതമാണ്
  • മുന്പും കൊച്ചി പശ്ചാത്തലമായി വന്ന സിനിമകളിൽ ഈ റെഫറൻസ് കടന്നുവന്നിട്ടുണ്ട്
  • എന്തായാലും ഇങ്ങനെ ഒരു പേരിൽ ഒരു പുണ്യാളൻ ഒന്നും ഇല്ല എന്നതാണ് യാഥാർത്ഥ്യം
Pranthan Kuryachan: 'പ്രാന്തന്‍ കുര്യച്ചന്‍'... ഭീഷ്മപര്‍വത്തില്‍ 2, പ്രതി പൂവന്‍കോഴിയില്‍ 1! ആരാണ് ശരിക്കും ഈ പ്രാന്തന്‍ കുര്യച്ചന്‍

'താളികളെ, എന്റടുത്തെങ്ങാന്‍ താളിക്കാന്‍ വന്നാല്‍ ഭ്രാന്തന്‍ കുര്യച്ചനാണേ വെട്ടിക്കീറി പട്ടിക്കിട്ടുകൊടുക്കും ഞാന്‍'- ഭീഷ്മ പര്‍വത്തില്‍ മമ്മൂട്ടിയുടെ ഹിറ്റ് ഡയലോഗുകളില്‍ ഒന്നാണിത്. എന്നാല്‍ അതിനും മുമ്പ്, സിനിമയുടെ ട്രെയ്‌ലര്‍ ഇറങ്ങിയപ്പോള്‍ തന്നെ പ്രാന്തന്‍ കുര്യച്ചന്‍ ഫേമസ് ആയിരുന്നു. 'മൈക്കിളേട്ടായി എങ്ങാനും അറിഞ്ഞാലേ, പിന്നെ പ്രാന്തന്‍ കുര്യച്ചന്‍ വിചാരിച്ചാല്‍ പോലും നമ്മളെ രക്ഷിക്കാന്‍ കഴിയില്ല'. മമ്മൂട്ടിയുടെ മൈക്കിള്‍ അഞ്ഞൂറ്റിയുടെ അനിയന്‍ ഫാദര്‍ സൈമണ്‍ അഞ്ഞൂറ്റിയായി അഭിനയിച്ച ജിനു ജോസഫ് പറഞ്ഞ ഈ ഡയലോഗ് സിനിമയുടെ ട്രെയ്‌ലറിലെ പ്രധാന സവിശേഷതകളില്‍ ഒന്നായിരുന്നു.

ആരാണ് ഈ പ്രാന്തന്‍ കുര്യച്ചന്‍ എന്ന ചോദ്യം സിനിമയുടെ ട്രെയ്‌ലര്‍ ഇറങ്ങിയ കാലം മുതലേ ചര്‍ച്ചയായിരുന്നു. കൊച്ചിക്കാര്‍ക്ക് അതിന് കൃത്യമായ ഉത്തരവും ഉണ്ടായിരുന്നു. ഇപ്പോള്‍ മറ്റൊരു സിനിമയിലെ പ്രാന്തന്‍ കുര്യച്ചന്‍ റെഫറന്‍സിനെ കുറിച്ചാണ് ചര്‍ച്ചകള്‍. റോഷന്‍ ആന്‍ഡ്ര്യൂസ് സംവിധാനം ചെയ്ത മഞ്ജു വാര്യര്‍ ചിത്രം 'പ്രതി പൂവന്‍കോഴി'യില്‍ കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം സുരാജ്, അനുശ്രീയോട് പറയുന്നതാണ് അത്. ' എന്നെ വിട്ടേച്ച് പോകാനാണെങ്കിലേ, ഞാന്‍ ഇവരെ കൂടി ഇവിടെ കേറി കിടക്കും. പ്രാന്തന്‍ കുര്യച്ചനാണേ സത്യം'- ഇതാണ് ആ ഡയലോഗ്.

Read Also: ചരിത്രം സൃഷ്ടിച്ച് മമ്മൂട്ടി; ആദ്യമായി 100 കോടി ക്ലബ്ബില്‍... ഭീഷ്മ പര്‍വ്വം റോക്‌സ്! ആ റെക്കോര്‍ഡ് മമ്മൂക്കയ്ക്ക് മാത്രം സ്വന്തം

2019 ല്‍ ഇറങ്ങിയ സിനിമയിലെ ഈ ഡയലോഗ്, ഇപ്പോള്‍ ഭീഷ്മപര്‍വം ഇറങ്ങി മാസങ്ങള്‍ക്ക് ശേഷം വീണ്ടും ചര്‍ച്ചയാകണമെങ്കില്‍ 'പ്രാന്തന്‍ കുര്യച്ചന്റെ' ലെവല്‍ എത്ര മുകളിലാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്. സിനിമ ഗ്രൂപ്പുകളില്‍ പ്രാന്തന്‍ കുര്യച്ചന്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയും ചെയ്തു. കൊച്ചി പശ്ചാത്തലമായി വന്ന മമ്മൂട്ടിയുടെ 'ബ്ലാക്ക്', പൃഥ്വിരാജിന്റെ 'സ്റ്റോപ്പ് വയലന്‍സ്' എന്നീ സിനിമകളിലും പ്രാന്തന്‍ കുര്യച്ചന്‍ റെഫറന്‍സുകളുണ്ട് എന്നാണ് സിനിമാ പ്രേമികള്‍ പറയുന്നത്. 

നെട്ടൂരിലെ ഹോളിക്രോസ് പള്ളിയിലെ ഗ്രോട്ടോയിലെ മരക്കുരിശാണ് 'കുര്യച്ചന്‍' എന്നാണ് ആദ്യം പലരും കരുതിയിരുന്നത്. ഇതിനെ കുര്യച്ചന്റെ പള്ളി എന്നാണ് വിളിക്കുന്നതും. എന്നാല്‍ പ്രാന്തന്‍ കുര്യച്ചന്‍ ആള് വേറെയാണ് എന്നും പറയുന്നുണ്ട്. എന്തായാലും അങ്ങനെ ഒരു പേരില്‍ ക്രൈസ്തവ സഭകളില്‍ ഒരു പുണ്യാളനും ഇല്ല എന്നത് യാഥാര്‍ത്ഥ്യമാണ്. മട്ടാഞ്ചേരിയിലെ കുരിശുപള്ളിയെ ആണ് പ്രാന്തന്‍ പള്ളിയെന്നും അവിടത്തെ മരക്കുരിശിനെ ആണ് പ്രാന്തന്‍ കുര്യച്ചന്‍ എന്ന് വിളിക്കുന്നത് എന്നും ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ പ്രചാരം കിട്ടിയ വിശദീകരണം. 

അടുത്ത പ്രദേശത്തുകാര്‍ക്കെല്ലാം സുപരിചിതമാണെങ്കിലും എറണാകുളം ജില്ലയില്‍ പോലും എല്ലാവര്‍ക്കും അറിയാവുന്ന ഒരു പേരായിരുന്നില്ല പ്രാന്തന്‍ കുര്യച്ചന്‍ എന്നത്. എന്തായാലും ഭീഷ്മ പര്‍വത്തിന്റെ ട്രെയ്‌ലര്‍ മുതല്‍ ഈ പേര് കേരളം മുഴുവന്‍, അല്ലെങ്കില്‍ മലയാളികള്‍ ഉള്ള ഇടങ്ങളിലെല്ലാം സുപരിചിതമായി മാറിക്കഴിഞ്ഞു. 

മട്ടാഞ്ചേരിയിലെ ഇടുങ്ങിയ തെരുവിലുള്ള ഈ കപ്പേളയ്ക്ക് ചരിത്രപരമായ പ്രാധാന്യവും ഉണ്ട്. 'കൂനന്‍ കുരിശ് സത്യം' നടന്നത് ഇവിടെയാണ്. ആരാധനാക്രമങ്ങളിലെ മാറ്റങ്ങളോട് അന്നും ഇന്നും വിശ്വാസികള്‍ക്ക് വലിയ പ്രതിപത്തിയൊന്നും ഇല്ലല്ലോ. അന്ന് പോര്‍ച്ചുഗീസുകാര്‍ കൊണ്ടുവരാന്‍ ശ്രമിച്ച ചില മാറ്റങ്ങളെ ഒരു വൈദികന്റെ നേതൃത്വത്തില്‍ എതിര്‍ക്കുകയും, കുരിശില്‍ വടം കെട്ടി പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. അങ്ങനെ വടമിട്ട് പിടിച്ച മരക്കുരിശ് വളയുകയും പോര്‍ച്ചുഗീസുകാര്‍ പിന്‍മാറുകയും ചെയ്തു. വളഞ്ഞ കുരിശിനെ കൂനന്‍ കുരിശ് എന്ന് വിളിക്കാന്‍ തുടങ്ങി. 

എന്നാല്‍ കൂനന്‍ കുരിശ് പിന്നീട് എങ്ങനെ പ്രാന്തന്‍ കുര്യച്ചന്‍ ആയി എന്നതാണ് ചോദ്യം. ഇത് സംബന്ധിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. റോഡരികിലുള്ള വളഞ്ഞ കുരിശിനെ പോര്‍ച്ചുഗീസുകാര്‍ 'പ്രാന്ത് ക്രൂസ്' എന്നാണ് വിളിച്ചത്. അത് മലയാളികള്‍ പറഞ്ഞുപറഞ്ഞ് പ്രാന്തന്‍ കുര്യച്ചനായി മാറി എന്നതാണ് ഈ കഥകളില്‍ ഏറ്റവും പ്രചാരത്തിലുള്ളത്. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News