Subi Suresh passes away: നടി സുബി സുരേഷ് അന്തരിച്ചു

Actress and anchor Subi Suresh passed away: കരൾ സംബന്ധമായ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്.  

Written by - Zee Malayalam News Desk | Last Updated : Feb 22, 2023, 11:59 AM IST
  • കൊച്ചിയിലെ രാജ​ഗിരി ആശുപത്രിയിൽ ഇന്ന് രാവിലെ 10 മണിക്കായിരുന്നു അന്ത്യം.
  • കരൾ സംബന്ധമായ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
Subi Suresh passes away: നടി സുബി സുരേഷ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര സീരിയൽ നടിയും മിമിക്രി താരവുമായിരുന്നു സുബി സുരേഷ് അന്തരിച്ചു. 41 വയസായിരുന്നു. കൊച്ചിയിലെ രാജ​ഗിരി ആശുപത്രിയിൽ ഇന്ന് രാവിലെ 10 മണിക്കായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചാനൽ ഷോകളിലെ അവതാരക കൂടിയായിരുന്നു സുബി. സിനിമാല എന്ന പരിപാടിയിലൂടെയാണ് സുബി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. തുടർന്ന് നിരവധി ചാനൽ പരിപാടികളിലും സ്റ്റേജ് ഷോകളിലും സുബി താരമായി മാറി. സ്റ്റേജ് ഷോകളിലും പരിപാടികളിലും കോമഡി അനായാസമായി വഴങ്ങിയിരുന്ന സുബി പിന്നീട് ബി​ഗ് സ്ക്രീനിലേക്കും ചുവടുവെച്ചു. 

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലാണ് സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെ രേസാസിലുമായിരുന്നു സുബിയുടെ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് സുബി ബ്രേക്ക് ഡാന്‍സ് പഠിച്ചിരുന്നു. അതിലൂടെയാണ് കലാരംഗത്തേക്ക് എത്തുന്നത്. കൊച്ചിൻ കലാഭവനിലൂടെ മുഖ്യധാരയിലേക്കെത്തിയ സുബി നിരവധി വിദേശരാജ്യങ്ങളിൽ ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു. മിനി സ്ക്രീനിലും സുബി വേഷമിട്ടിട്ടുണ്ട്. 

സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന ഷോയുടെ അവതാരികയും സുബി ആയിരുന്നു. കൊച്ചു കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ ഷോ വലിയ വിജയമായിരുന്നു. ഇതിൽ സുബിയുടെ പങ്ക് വളരെ വലുതായിരുന്നു. കുട്ടികൾക്കൊപ്പം അവരിലൊരാളായി സുബി മാറുകയായിരുന്നു. 

മിമിക്രി രംഗത്ത് സ്ത്രീകള്‍ അഥ്ര സജീവമല്ലാതിരുന്ന കാലത്താണ് സുബി ഈ രം​ഗത്തേക്ക് എത്തുന്നത്. പിന്നീട് അങ്ങോട്ട് ജനപ്രിയ കോമഡി പരിപാടികളുടെ ഭാ​ഗമായി മാറിയ സുബി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട കോമഡി താരമായി മാറി. മികച്ച പ്രകടനമാണ് ഇവയിലൊക്കെ സുബി കാഴ്ചവെച്ചിരുന്നത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി പരിപാടികളിൽ സജീവമായിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമായിരുന്നു. എന്നാൽ കൊവിഡിന് ശേഷം സുബിക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. 

അടുത്തിടെ ബ്രൈഡൽ ലുക്കിലുള്ള സുബിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. വെയിറ്റിങ്ങ് ഫോർ ദ ഡേ എന്ന ക്യാപ്ഷനോടെയാണ് സുബി തൻറെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിരുന്നത്. ഇതോടെ താരത്തിൻറെ കല്യാണത്തെ പറ്റി ചോദ്യങ്ങളുമായി ആരാധകരും എത്തിയിരുന്നു. അതിന് ഉത്തരം സുബി തന്നെ നൽകിയിരുന്നു. താൻ ചെയ്ത ബ്രൈഡൽ മേക്കപ്പായിരുന്നു വീഡിയോയിൽ. തിരുവനന്തപുരത്തെ പ്രശസ്തമായ വെഡ്ഡിങ്ങ് മേക്കപ്പ് സ്റ്റുഡിയോ ഡി ആൻറ് എ ആയിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നതെന്നാണ് അവർ പറ‍ഞ്ഞത്. താൻ ഒന്നും കാണാതെ ഇതിലേക്ക് ഇറങ്ങില്ലെന്ന് തോന്നുന്നുണ്ടോ എന്നും അടുത്ത എപ്പിസോഡിനായി കാത്തിരിക്കണമെന്നും പ്രേക്ഷകർക്കായി ഒരു സസ്പെൻസും നൽകിയാണ് സുബി ആ വീഡിയോ അവസാനിപ്പിച്ചിരുന്നത്. സുബി വിവാഹം കഴിക്കാനായി തീരുമാനിച്ചിരുന്നതായും വിവരമുണ്ട്. 

ടിനി ടോം ഉൾപ്പെടെയുള്ള താരങ്ങൾ സുബിക്ക് ആദരാഞ്ജലിയർപ്പിച്ചു. മിമിക്രിയിൽ വന്ന കാലഘട്ടം മുതൽ കൂടെയുണ്ടായ സഹപ്രവത്തക, വിട കൂട്ടുകാരി എന്നാണ് ടിനി ടോം സോഷ്യൽ മീഡിയയിൽ കുറിച്ചത്. അച്ഛന്‍: സുരേഷ്, അമ്മ:  അംബിക, സഹോദരന്‍ : എബി സുരേഷ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News